വാസ്തവത്തിൽ ആകാസ എയർലൈൻ രാകേഷ് ജുൻജുൻവാലയുടെ ബ്രെയിൻ ചൈൽഡായിരുന്നു. ആ അതികായന്റെ പെട്ടെന്നുള്ള വിയോഗം ആകാസ എയറിന്റെ ഭാവിയെ ബാധിക്കുമോ. ആകാസ എയറിന്റെ ഭാവിയും പ്രവർത്തനങ്ങളും സുരക്ഷിതമാണെന്ന് സിഇഒ വിനയ് ദുബെ ഊന്നിപ്പറയുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ ഉൾപ്പെടുത്താൻ ആകാസ എയറിന് മികച്ച മൂലധനം ലഭിച്ചുവെന്ന് അടുത്തിടെ വിനയ് ദുബെ പറഞ്ഞിരുന്നു.
എന്നാൽ ജുൻജുൻവാലയുടെ വിയോഗം താത്കാലിക മായെങ്കിലും എയർലൈനിന്റെ വളർച്ചാ പാതയെ ബാധിക്കുമെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നു. കമ്പനിയിലെ ഒരു നിക്ഷേപകൻ മാത്രമല്ല, ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വിദേശ നിക്ഷേപകരിൽ നിന്നും ധനസഹായം ക്രമീകരിക്കാൻ കഴിയുന്ന ഒരാളായതിനാലാണ് ജുൻജുൻവാലയുടെ സാന്നിധ്യം ആകാസയുടെ വളർച്ചയിൽ നിർണായത്. ജുൻജുൻവാലയുടെ ചിറകുകൾക്ക് കീഴിൽ വളരാനും മികവ് പുലർത്താനും പ്രതീക്ഷിച്ചിരുന്ന ആകാസ എയറിന് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഞെട്ടലായത് അതിനാലാണ്.
46 ശതമാനം ഓഹരികൾക്കായിരുന്നു എയർലൈനിലെ ജുൻുൻവാലയുടെ നിക്ഷേപം. ജുൻജുൻവാല കുടുംബത്തിനുളള ഭൂരിഭാഗം ഓഹരികളും അദ്ദേഹത്തിന്റെ മക്കളുടെ പേരിലുള്ള മൂന്ന് ട്രസ്റ്റുകളിലൂടെയാണ്. വിപുലമായ നിക്ഷേപത്തിനുപുറമെ, ജുൻജുൻവാല ആകാശയ്ക്കായി ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ പ്ലാൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ കമ്പനിക്ക് വലിയ ആത്മവിശ്വാസവും അജയ്യമായ പിന്തുണയുമായിരുന്നു.
സ്പൈസ്ജെറ്റ്, എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഡിജിസിഎയുടെ കർശനമായ പരിശോധനയ്ക്ക് വിധേയമായിരിക്കുന്ന സമയത്താണ് ആകാസഎയറിന്റെ ആഭ്യന്തര വ്യോമയാന മേഖലയിലേക്കുള്ള രംഗ പ്രവേശനം. വ്യോമയാന വ്യവസായത്തിലെ യുദ്ധത്തെ അതിജീവിക്കുന്നതിനായി, ജീവനക്കാരെ നിലനിർത്താനും ആകർഷിക്കാനും സ്റ്റോക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ ആകാസ പദ്ധതിയിടുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം എയർലൈൻ നിലവിൽ 154 പൈലറ്റുമാരെയും 115 ക്യാബിൻ അറ്റൻഡന്റുമാരെയും 14 എഞ്ചിനീയർമാരെയും നിയമിച്ചിട്ടുണ്ട്.അതിനാൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 ജെറ്റുകളുടെ ഒരു ഫ്ലീറ്റ് ആകാസ എയർ പ്രതീക്ഷിക്കുന്നു. കൂടാതെ, മിതമായ നിരക്കിൽ ടയർ 2, ടയർ 3 നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.
കോ-പ്രൊമോട്ടറും സിഇഒയുമായ വിനയ് ദുബെ, ഇൻഡിഗോയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ആദിത്യ ഘോഷ് എന്നിവരടങ്ങുന്ന ശക്തമായ ടീമാണ് നിലവിൽ ആകാസയെ നയിക്കുന്നത്. വിമാനക്കമ്പനിയിൽ 31 ശതമാനം ഓഹരിയാണ് വിനയ് ദുബെയ്ക്കുളളത്. ആദിത്യ ഘോഷിന് 10 ശതമാനം ഓഹരിയുണ്ടെന്നാണ് റിപ്പോർട്ട്. ബുദ്ധികൂർമതയിലും ബിസിനസ്സ് മിടുക്കിനും പേരുകേട്ട ജുൻജുൻവാല ആകാസയ്ക്ക് ധാരാളം മാർഗനിർദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോർപ്പറേറ്റ് സംവിധാനങ്ങളിൽ ഒരു വ്യക്തി പ്രസക്തമല്ലെങ്കിലും വെല്ലുവിളി നിറഞ്ഞ ഇന്ത്യൻ വ്യോമയാന മേഖലയിലെ വെല്ലുവിളി കണക്കാക്കുമ്പോൾ, രാകേഷ് ജുൻജുൻവാലയുടെ അസാന്നിധ്യം ആകാസയുടെ മാനേജ്മെന്റ് തലത്തിൽ നികത്താനാവാത്ത നഷ്ടമായിരിക്കും.