കഴിഞ്ഞ ആറ് മാസത്തിനിടെ ദക്ഷിണേന്ത്യൻ സിനിമകളായ പുഷ്പ, ആർആർആർ, കെജിഎഫ് 2 എന്നിവ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. 2022ലെ ആദ്യ എട്ട് മാസങ്ങളിൽ ബോളിവുഡിലെ രാജ്യവ്യാപക ബോക്സ് ഓഫീസ് കളക്ഷൻ 2,299 കോടി കവിഞ്ഞു. 2021ലും 2020ലും ഇത് യഥാക്രമം 917 കോടിയും 717 കോടിയും ആയിരുന്നു. പാൻഡമിക് വരുത്തിയ ആഘാതത്തിൽ നിന്നും ബോളിവുഡ് കരകയറുന്നുണ്ടെങ്കിലും, 2019 ലെ 5,200 കോടി രൂപയുടെ കളക്ഷനിൽ നിന്ന് അത് ഇപ്പോഴും അകലെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഗസ്റ്റ് ഇക്കോറാപ്പിലെ ഡാറ്റ പറയുന്നു.
വലിയ ആഭ്യന്തര പ്രേക്ഷകരെയും വിദേശ പ്രേക്ഷകരെയും ആകർഷിക്കുന്ന പാൻ-ഇന്ത്യൻ സിനിമകൾ നിർമ്മിക്കാനുള്ള കഴിവ് ദക്ഷിണേന്ത്യൻ സിനിമയെ മികച്ചതാക്കിയിരിക്കുന്നു എന്നതാണ് വസ്തുത. തെന്നിന്ത്യൻ സിനിമകളിലെ ഹീറോയിസമാണ് പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നതെന്നും അത് ഹിന്ദി സിനിമകളിൽ ഇന്ന് കുറവാണെന്നും ബോളിവുഡിലെ തലമുതിർന്നവർ തന്നെ പറയുന്നു. 2019-ൽ, ആഭ്യന്തര ബോക്സ് ഓഫീസ് വരുമാനത്തിൽ ബോളിവുഡിന്റെ വിഹിതം ദക്ഷിണേന്ത്യൻ സിനിമകളേക്കാൾ കൂടുതലായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകൾക്ക് 4,000 കോടിയും ബോളിവുഡിന് 5,200 കോടിയും. എന്നാൽ കാര്യങ്ങൾ ഇപ്പോൾ മാറി. 2021 കലണ്ടർ വർഷത്തിലെ ആഭ്യന്തര ബോക്സ് ഓഫീസ് വരുമാനത്തിൽ ദക്ഷിണേന്ത്യൻ സിനിമകളുടേത് 2,400 കോടി രൂപയായിരുന്നുവെന്ന് EY-FICCI റിപ്പോർട്ട് വെളിപ്പെടുത്തി. 800 കോടി രൂപയുമായി ബോളിവുഡ് രണ്ടാം സ്ഥാനത്തുമാണ്.
മോശം ഉള്ളടക്കം, സിംഗിൾ സ്ക്രീൻ തിയേറ്ററുകളിലെ ഇടിവ്, ഹിന്ദി സിനിമകളുടെ വിനോദ നികുതി, ജനസംഖ്യാപരമായ വ്യത്യാസങ്ങൾ, ഡിജിറ്റൽ സ്ട്രീമിംഗിന്റെ വർദ്ധനവ് എന്നിവയാണ് ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സിനിമയുടെ മുന്നിൽ ബോളിവുഡ് അടിയറവ് പറയുന്നതിന് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉള്ളടക്കത്തിന്റെ കാര്യത്തിൽ, 2021 ജനുവരി മുതൽ പുറത്തിറങ്ങിയ 43 ബോളിവുഡ് സിനിമകളുടെ ശരാശരി IMDB റേറ്റിംഗ് കേവലം 5.9 മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത സിനിമകളുടെ റേറ്റിംഗ് 7.3 ആണെന്നതാണ് ശ്രദ്ധേയം. പാൻഡെമിക്കിന് മുമ്പ്, ഹിന്ദിയിൽ പ്രതിവർഷം 80 സിനിമകൾ വരെ റിലീസ് ചെയ്തിരുന്നു. 3,000 മുതൽ 5,500 കോടി വരെ കളക്ഷൻ രേഖപ്പെടുത്തിയിരുന്നു. 2021 ജനുവരി മുതൽ ഇത് ആകെ 61 സിനിമകളായി കുറഞ്ഞു. വെറും 3,200 കോടിയായിരുന്നു കളക്ഷൻ.
മൾട്ടിപ്ലെക്സുകളുടെ വളർച്ച ബോളിവുഡിൽ സിംഗിൾ സ്ക്രീൻ സിനിമാ ഹാളുകളുടെ ഇടിവിന് കാരണമായി. ഇത് വിനോദ നികുതിക്കൊപ്പം ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കാരണമായി. ദക്ഷിണേന്ത്യയിൽ, സിംഗിൾ സ്ക്രീനുകളുടെ കേന്ദ്രീകരണം വളരെ കൂടുതലാണ്. ദക്ഷിണേന്ത്യൻ സിനിമകൾ ഹിന്ദി സിനിമകളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ ഒരു കാരണം അതാണ്. മാത്രമല്ല, ദക്ഷിണേന്ത്യയിൽ ഓൺലൈനിനെക്കാളധികം തിയറ്റർ കാഴ്ചക്കാരായ സിനിമാപ്രേമികളുടെ എണ്ണം കൂടുതലാണ്. അതേസമയം, ഉത്തരേന്ത്യയിൽ, മില്ലേനിയലുകളിലെ സിനിമാ പ്രേമികൾ ഡിജിറ്റൽ ഓപ്ഷനുകൾ ഇഷ്ടപ്പെടുന്നു. ബോളിവുഡിലെ ഹിറ്റ് സിനിമകളുടെ ആജീവനാന്ത ബോക്സോഫീസ് കളക്ഷന്റെ 40-45 ശതമാനവും ഇന്ത്യയിലെ മൾട്ടിപ്ലക്സ് ഇതര മേഖലകളിൽ നിന്നാണ് വന്നത്. OTT പ്ലാറ്റ്ഫോമുകളുടെ ആവിർഭാവം ബോളിവുഡിലെ പണമൊഴുക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉളളടക്കത്തിലും പ്രമേയത്തിലും ബോക്സ് ഓഫീസിലെ പണക്കിലുക്കത്തിലും ദക്ഷിണേന്ത്യൻ സിനിമയെ വെല്ലാൻ ബോളിവുഡ് പുതിയ തന്ത്രങ്ങൾ മെനയേണ്ടി വരുമെന്നാണ് ഇൻഡസ്ട്രി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
Bollywood’s nationwide box office collection in the first eight months of 2022 has crossed Rs 2,299 crore. It was Rs 917 crore and Rs 717 crore in 2021 and 2020 respectively. Although Bollywood is recovering from the pandemic years, it is still distant from the 2019 collection of Rs 5,200 crore, says the data provided by the State Bank of India in its August Ecowrap. Bollywood is losing out to South Indian cinema. What are the reasons?