ഗുജറാത്തിലെ ഉഡ് വാഡയിലുള്ള ഇറാൻഷാ ഫയർ ടെംപിൾ സന്ദർശിച്ച് തിരികെ വരവെ, MH 47 AB 6705 എന്ന നമ്പരുള്ള ഡീസൽ മെഴ്സിഡസ് ബെൻസ് കാർ കാർ ഓടിച്ചിരുന്നത് സൈറസ് മിസ്റിയുടെ ഉറ്റ സുഹൃത്ത്, അനാഹിത. ഉഡ് വാ‍ഡയിലെ കടലി‍നഭിമുഖമായുള്ള ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് മുംബൈക്ക് മടങ്ങുമ്പോൾ പിൻസീറ്റിൽ ഇടതുവശത്തായാണ് സൈറസ് മിസ്റി ഇരുന്നത്. സൂര്യ നദിക്കു മുകളിലായി രണ്ട് പാലമുണ്ട്. ഒന്ന് പഴയതും മറ്റൊന്ന് പുതിയതും. അമിത വേഗതയിലായിരുന്നു കാർ. ഏത് പാലത്തിലേക്ക് കടക്കണമെന്ന് അനാഹിത സംശയിച്ചു, ഒരു നിമിഷം, ആ സംശയത്തിൽ അമിതവേഗത്തിൽ വന്ന കാറിന്റെ നിയന്ത്രണം അനാഹിതയ്ക്ക് നഷ്ടമായി. ഇടിച്ച് കയറിയ കാറിന്റെ പിറകിൽ ഇരുന്ന സൈറസും ജഹാംഗീറും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. എയർബാഗ് ഓപ്പണാകും മുമ്പ് മുൻസീറ്റിൽ ശക്തമായി തല ഇടിച്ച് ഇരുവരും മരിച്ചു. ഇരുവരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.

കുടുംബപ്പേര് ടാറ്റ അല്ലാതിരുന്നിട്ടും, ടാറ്റസൺസിനെ നയിച്ച സൈറസ് മിസ്ത്രി അകാലത്തിൽ വിടവാങ്ങുമ്പോൾ  ഏറെ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച സൗമ്യനായ ബിസിനസ്സുകാരനെയാണ് നഷ്ടമായത്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നിനെ നയിക്കാൻ അതിന്റെ ദീർഘകാല ചെയർമാനായിരുന്ന രത്തൻ ടാറ്റയുടെ പിൻഗാമിയായി 2011-ലാണ്  സൈറസ് പ്രഖ്യാപിക്കപ്പെട്ടത്. രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയൽ ടാറ്റയുടെ ഭാര്യാ സഹോദരനായിരുന്നു സൈറസ് മിസ്ത്രി. ടാറ്റ ഗ്രൂപ്പിനെ നയിച്ച ആദ്യ ഇന്ത്യൻ പൗരനല്ലാത്ത സൈറസ് മിസ്ത്രി ഗ്രൂപ്പിന്റെ ആറാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനുമായിരുന്നു.

 “അദ്ദേഹത്തിന്റെ  കഴിവും സഹകരണ മനോഭാവവും, ബിസിനസിലെ സൂക്ഷ്മമായ നിരീക്ഷണങ്ങളും, വിനയവും എന്നെ ആകർഷിച്ചു,” 2011 ൽ രത്തൻ ടാറ്റ  ഒരു പ്രസ്താവനയിൽ പറഞ്ഞു.

2012 ഡിസംബറിൽ രത്തൻ ടാറ്റ വിരമിച്ച ശേഷമാണ് അദ്ദേഹം ചുമതലയേറ്റത്. 2016ലാണ് സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പ് സ്ഥാനത്ത് നിന്നും നീക്കുന്നത്.ഈ വർഷം മെയ് മാസത്തിൽ, ടാറ്റ വേഴ്സസ് മിസ്ത്രി നിയമ പോരാട്ടത്തിൽ സൈറസ് മിസ്ത്രിയുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.  ടാറ്റ സൺസിന്റെ തലപ്പത്ത് നിന്ന് സൈറസ് മിസ്‌ത്രിയെ നീക്കം ചെയ്‌ത ടാറ്റാ ഗ്രൂപ്പിന്റെ തീരുമാനം ശരി വച്ച 2021ലെ വിധി പുനപരിശോധിക്കണമെന്നായിരുന്നു ആവശ്യം.

1968-ൽ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ശതകോടീശ്വരൻ പല്ലോൻജി മിസ്ത്രിയുടെയും (Pallonji Mistry)  പാറ്റ്സി പെരിൻ ദുബാഷിന്റെയും (Patsy Perin Dubash) മകനായി ഒരു പാഴ്സി കുടുംബത്തിലാണ് സൈറസ് മിസ്ത്രി ജനിച്ചത്. സൗത്ത് മുംബൈയിലെ കത്തീഡ്രൽ & ജോൺ കോണൺ ( Cathedral & John Connon School) സ്കൂളിലാണ് അദ്ദേഹം പഠിച്ചത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ അദ്ദേഹം ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് പഠിച്ചു. തുടർന്ന് ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്ന് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി.പിന്നീട്, 1996-ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെന്റിൽ ഇന്റർനാഷണൽ എക്‌സിക്യൂട്ടീവ് മാസ്റ്റേഴ്‌സ് മിസ്ത്രിക്ക് ലഭിച്ചു.

 1991-ൽ സൈറസ് മിസ്ത്രി ഫാമിലി ബിസിനസ്സിൽ പ്രവേശിച്ചു. ഷപൂർജി പല്ലോൻജി ആൻഡ് കോ ലിമിറ്റഡിന്റെ ഡയറക്ടറായി. മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതനായി. സൈറസിന്റെ മേൽനോട്ടത്തിൽ, ഷപൂർജി പല്ലോൻജിയുടെ നിർമ്മാണ ബിസിനസിന്റെ വിറ്റുവരവ് 20 മില്യണിൽ നിന്ന് ഏകദേശം 1.5 ബില്യൺ ഡോളറായി വളർന്നു. നിർമ്മാണം മുതൽ സമുദ്രം, എണ്ണ, വാതകം, റെയിൽവേ മേഖലകളിലെ സങ്കീർണ്ണമായ പദ്ധതികളുടെ രൂപകല്പനയും നിർമ്മാണവും വരെ കമ്പനിയിലെ വൈവിധ്യവൽക്കരണത്തിനും മിസ്ത്രി മേൽനോട്ടം വഹിച്ചു. ഫോബ്‌സ് ഗോകാക് ലിമിറ്റഡിൽ (Forbes Gokak Ltd) നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായും മിസ്ത്രി സേവനമനുഷ്ഠിച്ചു, കൂടാതെ കൺവെർജൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ (Convergence Media Pvt Ltd) ഓപ്പറേഷൻസ് ആന്റ് പ്ലാനിംഗ് സീനിയർ വൈസ് പ്രസിഡന്റായും യുടിവി ടൂൺസ് ഇന്ത്യയുമായും (UTV Toons India) ബന്ധപ്പെട്ടിരുന്നു.

സൈറസ് മിസ്ത്രിയുടെ മുത്തച്ഛൻ 1930 കളിലാണ് ടാറ്റ സൺസിൽ ആദ്യമായി ഓഹരികൾ വാങ്ങിയത്. മിസ്ത്രിയുടെ പിതാവ് പല്ലോൻജി മിസ്ത്രിയുടെ കൈയിൽ 18.5% ഓഹരിയാണുളളത്. ടാറ്റ സൺസിന്റെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയാണ് മിസ്ത്രി കുടുംബം.ഫോർബ്സ് ഡാറ്റ പ്രകാരം 7.6 ബില്യൺ ഡോളർ ആസ്തിയുള്ള മിസ്ത്രിയുടെ പിതാവ്, രത്തൻ ടാറ്റയുടെ മുതുമുത്തച്ഛൻ സ്ഥാപിച്ച ഗ്രൂപ്പിന്റെ തലപ്പത്തേക്ക് ഇളയമകനെ ഉയർത്താനുളള വഴിയൊരുക്കുകയായിരുന്നു. 2006 സെപ്റ്റംബറിൽ ടാറ്റ സൺസിന്റെ ബോർഡിൽ സൈറസ് മിസ്ത്രി ചേർന്നു. 75 വയസ്സ് കഴിഞ്ഞപ്പോൾ ടാറ്റ സൺസിൽ നിന്ന് വിരമിച്ച പിതാവ് പല്ലോൻജി മിസ്ത്രിയിൽ നിന്നാണ് സൈറസ് ടാറ്റ സൺസിന്റെ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത്.2011-ൽ സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ചെയർമാനാവുകയും തുടർന്ന് 2012 ഡിസംബറിൽ  രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ സൺസിന്റെ ചെയർമാനായി.

ഷപൂർജി പല്ലോൻജി ഗ്രൂപ്പിലെ തന്റെ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നതിനു പുറമേ, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കെമിക്കൽസ്, ടാറ്റ പവർ, ടാറ്റ ടെലിസർവീസസ്, ടാറ്റ ഗ്ലോബൽ ബിവറേജസ് തുടങ്ങി എല്ലാ പ്രമുഖ ടാറ്റ കമ്പനികളുടെയും ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.അഞ്ച് വർഷം സീറ്റിൽ ചെലവഴിച്ചിട്ടും മിസ്ത്രിയുടെ പ്രകടനത്തിൽ ടാറ്റയും അത്ര സന്തുഷ്ടനായിരുന്നില്ല.വാസ്‌തവത്തിൽ, മിസ്‌ത്രിയുടെ ടീമും ടാറ്റ ട്രസ്‌റ്റിന്റെ ഡയറക്‌ടർമാരും തമ്മിലുള്ള ഭിന്നത വളരെ നേരത്തെ തന്നെ രൂപപ്പെട്ടു തുടങ്ങിയിരുന്നു.  ഗ്രൂപ്പിന്റെ ഡിവിഡന്റ് വരുമാനം കുറയുകയായിരുന്നു. ടാറ്റ സ്റ്റീൽ യൂറോപ്പ്, ടാറ്റ ടെലിസർവീസസ് (ഡോകോമോ), ടാറ്റ മോട്ടോഴ്സ് എന്നീ മൂന്ന് വലിയ കമ്പനികളിൽ പുരോഗതി ഉണ്ടായില്ല. പൈതൃക പ്രശ്‌നങ്ങളാണ് ഗ്രൂപ്പിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത് എന്നായിരുന്നു മിസ്ത്രിയുടെ പ്രതിരോധം.ഗ്രൂപ്പിന്റെ കടബാധ്യത വർദ്ധിച്ചു, സൈറസിന്റെ കാലത്ത് നിക്ഷേപ വരുമാനം കുറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ വിപണി വിഹിതത്തിലും ഇടിവുണ്ടായിരുന്നു.2016 ഒക്ടോബറിൽ, അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കി.

ടാറ്റ സൺസ് വിട്ടതിന് ശേഷം മിസ്ത്രി കുടുംബ ബിസിനസിൽ തിരിച്ചെത്തി.  പിന്നീട് നീണ്ട ഒരു നിയമ പോരാട്ടമാണ് ബിസിനസ് ലോകം കണ്ടത്. പുറത്തുകടന്നതിനുശേഷം,  ടാറ്റ സൺസിന്റെ ഏറ്റവും വലിയ ഓഹരിയുടമയായ മിസ്ത്രി കുടുംബം പലപ്പോഴും തർക്കത്തിലായി, മാത്രമല്ല കൈവശമുള്ള 18 ശതമാനത്തിലധികം ഓഹരികളും ഓഫ്‌ലോഡ് ചെയ്യാൻ വാഗ്ദാനം ചെയ്യുകയും വാല്യുവേഷനിൽ തർക്കങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഒടുവിലെ വിധി ടാറ്റ ഗ്രൂപ്പിന് അനുകൂലമായിരുന്നു. കൂടുതൽ വിധികൾക്ക് കാത്തു നിൽക്കാതെ സൈറസ് മിസ്ത്രിയും മടങ്ങി.

Cyrus Mistry, the Indian-born Irish businessman and the former chairman of the Tata Group, passed away in a road accident on September 4, 2022. The accident occurred in Maharashtra’s Palghar district. He is survived by his wife Rohiqa Chagla and two sons. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version