മുരിങ്ങയിലയും തുളസിയിലയും ഇനി ടീ ബാഗിൽ
രുചിയും ആരോഗ്യവും ഒരുപോലെ നൽകാൻ മുരിങ്ങയിലയും തുളസിയിലയും കൊണ്ട് ടീബാഗുകൾ നിർമിക്കാൻ പദ്ധതിയിട്ട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. തുളസിയുടെ ആരോഗ്യഗുണങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. അതുപോലെയാണ് മുരിങ്ങയും. മൂല്യവർധിത ഉത്പന്ന വിപണനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. തുളസി ഇല വിവിധ ഔഷധങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും മൂല്യവർധിത ഉത്പന്നങ്ങൾ അത്ര ലഭ്യമല്ല.
വിറ്റമിൻ A,C,E കാത്സ്യം, അയൺ എന്നിവയെല്ലാം മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ രണ്ട് ഇലകളും വളരെ നല്ലതാണ്. ഔഷധ ഗുണമുളള തുളസിയും ആരോഗ്യഗുണമുളള മുരിങ്ങയിലയും നേരിട്ട് ഭക്ഷിക്കാറുണ്ടെങ്കിലും മൂല്യവർദ്ധിത ഉല്പന്നങ്ങളാകുന്നത് ഇതാദ്യമെന്ന് പറയാം.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ കൃഷി,ആരോഗ്യം എന്നീ വകുപ്പുകളും സഹകരിക്കുന്നു. പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. പ്രാഥമിക ഘട്ട ചർച്ചകളാണ് പൂർത്തിയായതെന്നും അടുത്തമാസത്തോടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് നവംബറിൽ പദ്ധതി പൂർണതോതിൽ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ മിലൻ വി.കെ പറഞ്ഞു.
മുരിങ്ങ, തുളസി തൈകൾ എന്നിവ വിതരണം ചെയ്യുന്നത് കൃഷി വകുപ്പ് വഴിയാണ്. ആദ്യഘട്ടം രണ്ട് പേർ വീതമുള്ള രണ്ട് വനിത ഗ്രൂപ്പുകൾക്കാണ് സഹായം നൽകുന്നത്. ബ്ലോക്ക് പരിധിയിൽ മൂന്ന് വർഷമായി താമസിക്കുന്ന 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് സംരംഭത്തിന് അപേക്ഷ നൽകാം. കുടുംബ വാർഷിക വരുമാനം പൊതുവിഭാഗത്തിന് അഞ്ച് ലക്ഷം രൂപയിൽ കവിയരുത്. മുമ്പ് മറ്റു സർക്കാർ പദ്ധതികളിൽ ആനുകൂല്യം ലഭിക്കാത്തവരാകണം ഗുണഭോക്താക്കൾ. പദ്ധതിക്ക് ആശ്യമായ പരിശീലനവും സാങ്കേതിക സഹായവും നൽകുന്നത് കാസർകോട് Central Plantation Crops Research Institute ആണ്. പദ്ധതിക്ക് ആവശ്യമായ ആകെ തുകയുടെ 75 ശതമാനം സബ്സിഡിയായി നൽകുന്നു. ഗ്രാമസഭ വഴി അപേക്ഷ സ്വീകരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.