ഒക്ടോബർ ഒന്നിന് രാജ്യത്ത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കുള്ള ഓൺലൈൻ പേയ്മെന്റ് നിയമങ്ങൾ മാറുന്നു. RBI-യുടെ കാർഡ്-ഓൺ-ഫയൽ (CoF) ടോക്കണൈസേഷൻ മാനദണ്ഡങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ടോക്കണൈസ് ചെയ്യാത്ത ഡെബിററ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താനാകില്ല. ഓൺലൈൻ, പോയിന്റ്-ഓഫ്-സെയിൽ, ഇൻ-ആപ്പ് ഇടപാടുകൾ എന്നിവയിൽ ഉപയോഗിക്കുന്ന എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ടോക്കണൈസേഷൻ നിർബന്ധമാക്കി. ടോക്കണൈസേഷൻ നടപ്പാക്കാനുളള സമയപരിധി നേരത്തെ ജൂലൈ 1 ആയി നിശ്ചയിച്ചിരുന്നു, പിന്നീടിത് മൂന്ന് മാസം കൂടി നീട്ടി സെപ്തംബർ 30 വരെയാക്കിയിരുന്നു. നേരത്തെ ഇടപാടുകൾ സുഗമമാക്കുന്നതിന് ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ സേവ് ചെയ്തിരുന്നു.
ടോക്കണൈസേഷനിൽ യഥാർത്ഥ കാർഡ് വിശദാംശങ്ങൾക്ക് പകരം “ടോക്കൺ” എന്ന് വിളിക്കുന്ന ഒരു എൻക്രിപ്റ്റഡ് കോഡ് വഴി ഇടപാട് സാധ്യമാകുന്നതാണ്. ഇടപാടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിനൊപ്പം ഇടപാടിന്റെ ഗുണനിലവാരവും വർദ്ധിക്കുമെന്നതാണ് നേട്ടം. ഓരോ വെബ്സൈറ്റിലും ഒരേ കാർഡിന് വ്യത്യസ്തമായ ടോക്കണുകളായിരിക്കുമെന്നതിനാൽ വിവരചോർച്ച ഭയപ്പെടേണ്ടതില്ല. സ്ഥാപനങ്ങൾക്കോ പ്ലാറ്റ്ഫോമുകൾക്കോ ഉപഭോക്താവിന്റെ കാർഡ് ക്രെഡൻഷ്യലുകൾ ഒരു തരത്തിലും സംഭരിക്കാൻ കഴിയില്ലെന്നതാണ് പ്രത്യേകത. മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, വെയറബിൾസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) ഡിവൈസസ് തുടങ്ങിയവയിലെല്ലാം ടോക്കണൈസേഷൻ പ്രാപ്തമാക്കാം.