റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കാർഡ്-ഓൺ-ഫയൽ ടോക്കണൈസേഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കുള്ള ഓൺലൈൻ പേയ്മെന്റ് നിയമങ്ങളാണ് ഇതോടെ മാറിയത്. ഇത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഓൺലൈൻ പണമിടപാടുകൾ സുതാര്യമാക്കാൻ സഹായിക്കും. ടോക്കണൈസേഷൻ കാർഡുടമകളുടെ പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ടോക്കണൈസേഷൻ ഉപയോക്താവിനെ സംബന്ധിച്ച് നിർബന്ധമല്ല. പക്ഷേ ടോക്കണൈസ് ചെയ്യാതെ ഇടപാട് നടത്താൻ കാർഡിലെ മുഴുവൻ വിവരങ്ങളും കാർഡുടമകൾ നൽകേണ്ടി വരും.
ടോക്കണൈസേഷന്റെ പ്രയോജനങ്ങൾ
പുതിയ നിയമം അനുസരിച്ച്, ബിസിനസുകൾക്കോ പേയ്മെന്റ് അഗ്രഗേറ്റർമാർക്കോ ഉപഭോക്തൃ കാർഡ് വിശദാംശങ്ങൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ സൂക്ഷിക്കാൻ കഴിയില്ല. കാർഡ് നെറ്റ്വർക്കുകൾക്കോ ഇഷ്യൂ ചെയ്യുന്ന ബാങ്കുകൾക്കോ മാത്രമേ കാർഡ് വിശദാംശങ്ങൾ സംഭരിക്കാനാകൂ. ഒരേ ടോക്കണ്‍ പല കാര്‍ഡുകളിൽ പ്രവര്‍ത്തിക്കും. ഓരോ തവണയും കാര്‍ഡ് നമ്പരും കാര്‍ഡ് കാലാവധി, CVV നമ്പര്‍ എന്നിവ നല്‍കുന്നത് ഒഴിവാക്കാനാകും. ടോക്കണൈസേഷനിൽ VISA, മാസ്റ്റര്‍കാര്‍ഡ്, RuPay തുടങ്ങിയ കാര്‍ഡ് നെറ്റ് വർക്കുകള്‍ വഴി ടോക്കണ്‍ നമ്പര്‍ നല്‍കും. ഒരു കാർഡ് ടോക്കണൈസ് ചെയ്തുകഴിഞ്ഞാൽ, കാർഡ് വിശദാംശങ്ങൾക്ക് പകരമായി പേയ്മെന്റ് പ്രോസസ്സ് ചെയ്യുന്നതിന് ഈ ടോക്കൺ ഉപയോഗിക്കാനാകും.
ടോക്കണൈസേഷൻ എങ്ങനെ?
ഒരു ടോക്കൺ നൽകുന്നതിന് ഉപയോക്താവ് കാർഡ് വിശദാംശങ്ങൾ ആദ്യമായി നൽകേണ്ടതുണ്ട്. ഉപഭോക്താക്കൾ ഒരു ഇനം വാങ്ങുമ്പോൾ വ്യാപാരി ടോക്കണൈസേഷൻ ആരംഭിക്കുകയും കാർഡ് ടോക്കണൈസ് ചെയ്യാൻ സമ്മതം ചോദിക്കുകയും ചെയ്യും. സമ്മതം നൽകിക്കഴിഞ്ഞാൽ, വ്യാപാരി കാർഡ് നെറ്റ്വർക്കിലേക്ക് അഭ്യർത്ഥന അയയ്ക്കും. കാർഡ് നെറ്റ്വർക്ക് ഒരു ടോക്കൺ സൃഷ്ടിക്കും, അത് 16 അക്ക കാർഡ് നമ്പറിന്റെ പ്രോക്സിയായിരിക്കും. ഇതാണ് ടോക്കണായി വ്യാപാരിക്ക് തിരികെ ലഭിക്കുന്നത്. ഭാവി ഇടപാടുകൾക്കായി വ്യാപാരി ഈ ടോക്കൺ സംരക്ഷിക്കും. വ്യാപാരികൾക്ക് അവരുടെ സ്വന്തം സെർവറുകളിൽ കാർഡുകൾ സേവ് ചെയ്യേണ്ട ആവശ്യവുമില്ല.