പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബർ ദുബായിയിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം, എണ്‍പത് വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനായ അദ്ദേഹം, തൃശ്ശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം അദ്ദേഹത്തിന്റെ പ്രശസ്തമായ പരസ്യ ടാഗ്ലൈൻ കേരളത്തിലും, ഗൾഫ് രാജ്യങ്ങളിലുടനീളവും മികച്ച പ്രചാരം നേടിയിരുന്നു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാൻ, ദുബായ് ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജ്വല്ലറികള്‍ക്കുപുറമെ റിയല്‍ എസ്റ്റേറ്റിലും സിനിമ മേഖലയിലും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. വൈശാലി, സുകൃതം, ധനം, കൗരവര്‍, ഇന്നലെ, വെങ്കലം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ നിർമ്മാതാവാണ്. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് നാല് മണിക്ക് ദുബായ് ജബൽ അലിയിലെ ശ്മശാനത്തിൽ നടക്കും.
അറ്റ്ലസ് രാമചന്ദ്രന് വിട
അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനായിരുന്നു