വിസിറ്റിംഗ് വിസ
പുതിയ നിയമങ്ങൾ അനുസരിച്ച് 60 ദിവസത്തേക്ക് യുഎഇയിൽ താമസിക്കാൻ ടൂറിസ്റ്റ് വിസ സന്ദർശകരെ അനുവദിക്കും. നേരത്തെ ഇത് 30 ദിവസമായിരുന്നു. അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ഉളള സന്ദർശകർക്ക് തുടർച്ചയായി 90 ദിവസം വരെ യുഎഇയിൽ താമസിക്കാം.
പുതിയ തൊഴിൽ പര്യവേക്ഷണ വിസ (Job exploration), സ്പോൺസറോ ഹോസ്റ്റോ ഇല്ലാതെ യുഎഇയിൽ തൊഴിലവസരങ്ങൾ തേടാൻ പ്രൊഫഷണലുകളെ അനുവദിക്കും. വിസ മൂന്ന് കാലയളവിലേക്കാണ് നൽകുന്നത്- 60, 90, 120 ദിവസങ്ങൾ. അതായത് തൊഴിലന്വേഷകർക്ക് യുഎഇയിൽ തൊഴിൽ തേടാൻ നാല് മാസം വരെ സമയമുണ്ട്.
ഗ്രീൻ വിസ
യുഎഇ ഗ്രീൻ വിസ എന്നത് വിസ ഉടമയെ 5 വർഷത്തേക്ക് സ്വയം സ്പോൺസർ ചെയ്യാൻ അനുവദിക്കുന്ന ഒരു തരം താമസ വിസയാണ്. വിസ സ്പോൺസർ ചെയ്യുന്നതിന് ഒരു തൊഴിലുടമയെയോ യുഎഇ പൗരനെയോ ആശ്രയിക്കേണ്ടതില്ല. യുഎഇ പൗരന്മാരുടെയോ അവരുടെ തൊഴിലുടമകളുടെയോ സഹായമില്ലാതെ വിദേശികൾക്ക് സ്വയം സ്പോൺസർ ചെയ്യാൻ അഞ്ച് വർഷത്തെ ഗ്രീൻ വിസ അനുവദിക്കും. ഫ്രീലാൻസർമാർ, സ്കിൽഡ് വർക്കേഴ്സ്, ഇൻവെസ്റ്റേഴ്സ് എന്നിവർക്ക് ഈ വിസയ്ക്ക് അർഹതയുണ്ട്. ഒരു ഗ്രീൻ വിസ ഉടമയുടെ പെർമിറ്റ് കാലഹരണപ്പെട്ടാൽ, അവർക്ക് ആറ് മാസം വരെ കാലാവധി നൽകും.
ഗോൾഡൻ വിസ
വിദേശരാജ്യങ്ങളിലെ പ്രതിഭധനരായ ആളുകൾക്ക് 10 വർഷം വരെ യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനോ പഠിക്കാനോ കഴിയുന്ന ഒരു ദീർഘകാല റസിഡൻസ് വിസയാണ് ഗോൾഡൻ വിസ. ഗോൾഡൻ വിസയ്ക്ക് കീഴിൽ 10 വർഷത്തെ റെസിഡൻസിയും വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർ, സംരംഭകർ, അസാധാരണ കഴിവുകളുള്ള വ്യക്തികൾ എന്നിവർക്ക് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്. ഗോൾഡൻ വിസയുള്ള തൊഴിലാളികൾക്ക് അവരുടെ ബിസിനസുകളുടെ 100 ശതമാനം ഉടമസ്ഥതയുടെ ആനുകൂല്യം ലഭിക്കും.