മലയാളി വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാർ ‘വണ്ടി’, ഇന്റര്‍നാഷനല്‍ എനര്‍ജി എഫിഷ്യന്‍സി മത്സരത്തില്‍ അവാര്‍ഡ് സ്വന്തമാക്കി. തിരുവനന്തപുരത്തെ ബാര്‍ട്ടണ്‍ ഹിൽ എഞ്ചിനീയറിംഗ് കോളേജിലെ ‘പ്രവേഗ’ എന്ന വിദ്യാര്‍ത്ഥികളുടെ സംഘമാണ് കാർ നിർമ്മിച്ചത്.
പ്രകൃതിയിൽ നിന്നും, മാലിന്യങ്ങളിൽ നിന്നും റീസൈക്കിൾ ചെയ്തെടുത്ത വസ്തുക്കൾ ഉപയോഗിച്ചാണ് കാർ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ‘വണ്ടി’ യെ വ്യത്യസ്തമാക്കുന്നത്. ഇവന്റിന്റെ അന്താരാഷ്ട്ര തലത്തിലേക്ക് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയ അഞ്ച് ടീമുകളില്‍ ഒന്നാണ് പ്രവേഗ. അടുത്തിടെ ഇന്തോനേഷ്യയില്‍ നടന്ന ഷെല്‍ ഇക്കോ-മാരത്തണ്‍ 2022 രാജ്യാന്തര മത്സരത്തിലും ‘വണ്ടി’ അവാര്‍ഡ് നേടിയിരുന്നു. അസിയാ ടെക്നോളജീസിന്റെ മെന്റര്‍ഷിപ്പിൽ നിര്‍മ്മിച്ച ഒരു സീറ്റ് മാത്രമുള്ള ഇലക്ട്രിക് കാറിന് ഏകദേശം 80 കിലോഗ്രാം ഭാരമുണ്ട്. 10 മാസംകൊണ്ട് നിർമ്മാണം പൂർത്തിയായ ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പിന് പരമാവധി വേഗത 27 കിലോമീറ്ററാണ്. ഒപ്റ്റിമൽ എയറോഡൈനാമിക്സും കുറഞ്ഞ ഭാരവും ഉപയോഗിച്ച്, കാർബൺ പുറം തള്ളൽ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടലിലെ പ്ലാസ്റ്റിക്കും വെയിസ്റ്റും കഴിക്കുന്ന ടൈഗര്‍ ഷാര്‍ക്കിന്റെ ബയോമിമിക്രി അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികള്‍ വണ്ടി ഇലക്ട്രിക് കാറിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ക്യാപ്സ്യൂൾ രൂപത്തിലുള്ള കാറിനു മൂന്നു ചക്രങ്ങളാണുള്ളത്. സസ്റ്റെയ്നബിള്‍ എനര്‍ജി ടെക്നോളജീസ് ആന്‍ഡ് അസസ്മെന്റ്സിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച റിസർച്ച് പേപ്പർ ഉപയോഗിച്ചാണ് നൂതന ബാറ്ററി വികസിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍മാര്‍ മയങ്ങുന്നത് കണ്ടെത്തുന്നതിനുള്ള ഡ്രൗസിനസ് ഡിറ്റക്ഷന്‍ സംവിധാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെൻസറുകളും കാറിനുണ്ട്.
ഡ്യൂപോണ്ടില് നിന്നുള്ള ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ ടെക്നിക്കല്‍ ഇന്നൊവേഷന്, ഇന്റര്‍നാഷണല്‍ ഫോര്‍ സേഫ്റ്റി അവാര്‍ഡ് എന്നിവയ്ക്കുള്ള പ്രത്യേക പരാമര്‍ശവും ‘വണ്ടി’ക്ക് ലഭിച്ചിട്ടുണ്ട്.
Kerala engg students’ electric ‘Vandy’ wins awards at global event.