ബ്രാൻഡഡ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നവർ അതിൽ ഉപയോഗിച്ചിരിക്കുന്ന സിബുകൾ എപ്പോഴെങ്കിലും ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? കാണാൻ ചെറുതാണെങ്കിലും സിബ്ബുകളുടെ ജോലി വലുതാണ്… ഒന്ന് സൂക്ഷിച്ചു നോക്കിയാൽ, സിബിന്റെ ടാബിൽ മൂന്നു ലെറ്ററുകൾ കൊത്തി വച്ചിരിക്കുന്നത് കാണാം; YKK. ലോകത്തിലെ ഏറ്റവും വലിയ സിപ്പർ നിർമ്മാണ കമ്പനി!
Tadao Yoshida 1934 ൽ സ്ഥാപിച്ച ജപ്പാൻ കമ്പനിയായ YKK യുടെ പൂർണ്ണരൂപം യോഷിദ കോഗ്യോ കാബുഷികികായിഷാ എന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച സിബുകൾ നിർമ്മിക്കുന്നത് ഇവരാണ്. നിലവിലുള്ള സിബ് നിർമ്മാണ പ്രക്രിയയിൽ സംതൃപ്തനല്ലാതിരുന്ന യുവാവായ യോഷിദ, സ്വന്തമായി Zipper മെഷീൻ ഡിസൈൻ ചെയ്തു.
ലോകത്ത്, 71 രാജ്യങ്ങളിലായി 114 കമ്പനികളാണ് YKK യ്ക്കുള്ളത്. ജോർജിയയിലുള്ള YKK യുടെ ഏറ്റവും വലിയ ഫാക്ടറിയിൽ പ്രതിദിനം ഉല്പാദിപ്പിക്കുന്നത് 70 ലക്ഷം സിബുകളാണ്.
സിബുകൾ മാത്രമല്ല സിബുകളുണ്ടാക്കാനുള്ള മെഷിനുകളും സിബുകൾ ഷിപ് ചെയ്യാനുള്ള ബോക്സുകളും അവർ ഉണ്ടാക്കുന്നുണ്ട്. ബട്ടൺ, സ്നാപ്പ്, ബക്കിൾ, തുടങ്ങിയവയും YKK നിർമ്മിക്കുന്നുണ്ട്. ചൈനയിലെ SBS കമ്പനിയാണ് YKK യുടെ മുഖ്യ എതിരാളി. ഈ രണ്ടു കമ്പനികളും ചേർന്നാണ് ലോകത്തെ സിബ് ഉത്പാദനത്തിന്റെ പകുതിയും നിർവഹിക്കുന്നത്. 2020 ലെ കണക്കു പ്രകാരം, YKK യുടെ വിപണി ആസ്തി, 13.7 ബില്ല്യൺ ഡോളറാണ്.
പാന്റുകളിൽ മാത്രമല്ല; ജാക്കറ്റ്, ലഗ്ഗജ്, സ്ലീപ്പിങ് ബാഗ്, കാർ തുടങ്ങിയവകളിലും YKK സിബുകൾ ഉപയോഗിക്കുന്നുണ്ട്.
“Cycle of Goodness” എന്നതാണ് YKK യുടെ ബിസിനസ് തത്വശാസ്ത്രവും മാനേജ്മന്റ് പ്രിൻസിപിളും. മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കമ്പനിയുടെ തത്വം, മറ്റുള്ളവർക്ക് പ്രയോജനം ചെയ്യാതെ ആർക്കും സമൃദ്ധി ഉണ്ടാവില്ല എന്നതാണ്. സമൂഹത്തിനു ഗുണം ചെയ്യുമ്പോൾ മാത്രമേ അവർ കമ്പനിയെ തിരിച്ചറിയുകയുള്ളൂ എന്നും അവർ വിശ്വസിക്കുന്നു. പരസ്പര സമൃദ്ധി ഉണ്ടാക്കാനുള്ള വഴിയായിരുന്നു ബിസിനസിലേക്ക് കാലു വയ്ക്കുമ്പോഴുള്ള യോഷിദയുടെ ഉത്കണ്ഠ. ബിസിനസിലുള്ള നൈപുണ്യവും നിർമ്മാണകുശലതയും മൂല്യമുണ്ടാക്കുമെന്നും, അത് ഉപഭോക്താക്കൾക്ക് ഗുണമുണ്ടാക്കുമെന്നും സമൂഹത്തിനു സംഭാവനയാകുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കാനും തൊഴിലാളികൾക്ക് അഭിമാനം തോന്നിക്കാണും YKK എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതൊക്കെ സാധ്യമാകുന്നത്, ക്വാളിറ്റിയുള്ള ഉൽപ്പന്നങ്ങൾ വേഗതയിലും ന്യായ വിലയിലും നൽകുന്നത് വഴിയാണ്. എല്ലാ രാജ്യങ്ങളിലുമുള്ള YKK ഗ്രൂപ്പിന്റെ തൊഴിലാളികൾക്കും, കമ്പനി പെരുമാറ്റച്ചട്ടം ഇറക്കിയിട്ടുണ്ട്.
ഡീറ്റെയിലിങ്ങോട് കൂടി കൃത്യ സമയത്ത് കപ്പല് കയറുന്ന വിവിധ നിറങ്ങളിലും മെറ്റീരിയലുകളിലും സ്റ്റൈലുകളിലുമുള്ള സിബുകളാണ് YKK യുടെ വിജയമന്ത്രം.