ബാദ്ഷാ മസാല പ്രൈവറ്റ് ലിമിറ്റഡിന്റെ 51% ഓഹരി 587.52 കോടി രൂപയ്ക്ക് ഏറ്റെടുക്കാനൊരുങ്ങി FMCG പ്രമുഖരായ ഡാബർ ഇന്ത്യ. ഇതിലൂടെ ഡാബർ ബ്രാൻഡഡ് സുഗന്ധവ്യഞ്ജന വിഭാഗത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്പൈസസ് പൗഡർ, മിശ്രിതങ്ങൾ, സീസണിങ്ങുകൾ എന്നിവയുടെ നിർമ്മാണവും വിപണനവും കയറ്റുമതിയും നടത്തുന്ന കമ്പനിയാണ് ബാദ്ഷാ എന്റർപ്രൈസസ്. 1,152 കോടി രൂപയാണ് ബാദ്ഷാ എന്റർപ്രൈസസിന്റെ മൂല്യം. ബാദ്ഷാ മസാലയുടെ ശേഷിക്കുന്ന 49 ശതമാനം ഓഹരികൾ അടുത്ത അഞ്ചു വർഷത്തിന് ശേഷം ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. ഡാബർ ബ്രാൻഡിന്റെ വളർച്ചയുടെ വേഗത കൂട്ടാനാണ് പുതിയ മേഖലയിലുള്ള ഏറ്റെടുക്കൽ. കൂടാതെ, ആഗോളതലത്തിൽ ബിസിനസ് വളർത്തുന്നതിന് കമ്പനിയുടെ ഇന്റർനാഷണൽ മാർക്കറ്റിലെ സാന്നിധ്യം ഉപയോഗിക്കുമെന്നും ഡാബർ ഇന്ത്യ ചെയർമാൻ മോഹിത് ബർമാൻ അറിയിച്ചു. ഡാബറിന്റെ വിശാലമായ പോർട്ട്ഫോളിയോയിലേക്ക് ഉൽപ്പന്നങ്ങൾ ചേർക്കുന്നത് കമ്പനിയുടെ വളർച്ചയെ സഹായിക്കുമെന്ന് ബാദ്ഷാ എംഡി ഹേമന്ത് ജാവേരി പറഞ്ഞു. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയാണ് ഡാബർ ഇന്ത്യ ലിമിറ്റഡ്. കമ്പനിക്ക് 250-ലധികം ഹെർബൽ,ആയുർവേദ ഉൽപ്പന്നങ്ങളുടെ പോർട്ട്ഫോളിയോയുമുണ്ട്.
Dabur India to acquire 51 per cent stake in Badshah Masala.