ഊബറുമായുളള പാർട്ണർഷിപ്പിലൂടെ പാസഞ്ചർ വെഹിക്കിൾ ഫ്‌ളീറ്റുകളിൽ നിക്ഷേപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഊബറുമായി അദാനി ഗ്രൂപ്പ് നിരന്തര ചർച്ചകൾ നടത്തിവരികയാണ്. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുളള എയർപോർട്ടുകൾ പ്രവർത്തിക്കുന്ന നഗരങ്ങളിൽ ഫ്‌ളീറ്റുകൾ പ്രവർത്തനക്ഷമമാക്കാനാണ് ലക്‌ഷ്യമിടുന്നത്. യാത്രക്കാർക്കായുള്ള വിവിധ സംരംഭങ്ങൾക്കായി ഊബറും അദാനി ഗ്രൂപ്പും നേരത്തെ പങ്കാളിത്തത്തിലേർപ്പെട്ടിരുന്നു. മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ഗുവാഹത്തി, ജയ്പൂർ തുടങ്ങിയ 5 അദാനി വിമാനത്താവളങ്ങളിലാണ് ഊബറിന് പിക്കപ്പ് സോണുകളുള്ളത്. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് തടസമില്ലാത്തതും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കാനാണ് അദാനി ഗ്രൂപ്പ് ഈ നിക്ഷേപം വഴി ലക്ഷ്യമിടുന്നത്. മുംബൈ, അഹമ്മദാബാദ്, ലക്നൗ, തിരുവനതപുരം, ഗുവാഹത്തി, മംഗളുരു തുടങ്ങിയ 7 വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് രാജ്യത്തുള്ളത്. എയർപോർട്ട് ബിസിനസ് വളർച്ചയെ പിന്തുണയ്ക്കുന്നതിനായി വിവിധ കമ്പനികളിലായി അദാനി ഗ്രൂപ്പ് നിക്ഷേപങ്ങൾ നടത്തി വരുന്നു. ഈ മാസം ആദ്യം സ്വതന്ത്ര വിമാന കമ്പനിയായ എയർവർക്സ് കമ്പനിയുമായി 400 കോടിയുടെ കരാർ ഒപ്പിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഫ്ലിപ്കാർട്ടിന്റെ കീഴിലുള്ള ക്ലിയർട്രിപ്പിന്റെ 20% ഓഹരിയും കഴിഞ്ഞ വർഷം കമ്പനി വാങ്ങിയിരുന്നു. ഓല, ഊബർ പോലുള്ള സർവീസുകൾക്ക് കോവിഡ് മഹാമാരിക്ക് ശേഷം ബിസിനസ്സ് തിരിച്ചു പിടിക്കാൻ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തം വളരെ സഹായകമാണ്.