യുഎഇയിലെ റാസൽഖൈമയിലെ ബിസിനസ് അവസരങ്ങൾ വിശദമാക്കിയ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ 150-ലധികം കമ്പനികൾ പങ്കാളികളായി.
കേരള സ്റ്റാർട്ടപ്പ് മിഷനും ചാനൽ ഐആംഡോട്ട്കോമും (Channeliam.com) വിവിധ ബിസിനസ് സംഘടനങ്ങളും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള യുവസംരംഭകരുടെ പങ്കാളിത്തം ശ്രദ്ധേയമായത്. സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരി ഇന്റഗ്രേറ്റഡ് കോംപ്ലക്സിൽ നടന്ന പ്രോഗ്രാമിൽ റാസൽഖൈമ ഇക്കണോമിക് സോണിന്റെ പ്രതിനിധി സംഘം അവിടെ ലഭ്യമായ ബിസിനസ് അവസരങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു….
- കോവർക്കിംഗ് സ്പേസ്, ഓഫീസ്, വെയർഹൗസ് തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമേ സംരംഭകർക്ക് ഭൂമിയും ലഭ്യമാക്കും.
- നിക്ഷേപകർക്ക് ഫ്രീ സോൺ, നോൺ ഫ്രീ സോൺ എന്നിങ്ങനെ തിരഞ്ഞെടുക്കാം. ഏകജാലക സംവിധാനത്തിൽ എല്ലാ സേവനങ്ങളും വളരെ വേഗം ലഭ്യമാക്കുന്നു.
- മെന (MENA) റീജിയണിലെ വിപണികളിലേക്ക് പ്രവേശനം നൽകുന്നതിനും റാക്കേസ് സഹായിക്കും.
- ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുളള വിസ, ജീവനക്കാരുടെ റിക്രൂട്ട്മെന്റ്, ബിസിനസ് ബാങ്ക് അക്കൗണ്ട്തുറക്കൽ, അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, വാറ്റ് രജിസ്ട്രേഷനും ഫയലിംഗും അടക്കം എല്ലാ സേവനങ്ങളും റാക്കേസ് ലഭ്യമാക്കുമെന്ന് റാമി ജലാദ് വ്യക്തമാക്കി.
- റാക്കേസിൽ നിക്ഷേപിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് 100% ഉടമസ്ഥാവകാശത്തിന് പുറമേ ലാഭം പൂർണമായും നാട്ടിലേക്ക് കൊണ്ടുപോകാനും അവസരമുണ്ടെന്ന് റാക്കേസ് CEO പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ ഫിക്കി കേരള കോ-ചെയർമാൻ ദീപക് എൽ.അസ്വാനി സംരംഭകരുമായി സംവദിച്ചു. പുതുതലമുറ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റാർട്ടപ്പ് മിഷന്റെ വിവിധ പദ്ധതികളെ കുറിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ കമ്മ്യൂണിറ്റി ലീഡ് നാസിഫ് എൻ എം വിശദീകരിച്ചു. സ്റ്റാർട്ട് മിഷൻ മാനേജർ പി.സുമി, Channeliam.com ഫൗണ്ടറും സിഇഒയുമായ നിഷാ കൃഷ്ണൻ, ചാനൽഅയാമിന്റെ ഗ്ലോബൽ പാർട്ണർഷിപ്പ്സ് വൈസ് പ്രസിഡന്റ് പ്രതീഷ് ചെറിയാൻ തുടങ്ങിയവരും സംരംഭകരോട് സംസാരിച്ചു.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത മേഖലകളിൽ നിന്നുള്ള സംരംഭകരുമായും ഇൻഡസ്ട്രി സ്റ്റേക്ക്ഹോൾഡേഴ്സുമായും റാസൽഖൈമ അധികൃതർ കൂടിക്കാഴ്ച്ച നടത്തി. KSIDC, കിൻഫ്ര, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്- KIED , ടൈ കേരള, IIIT-MK, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്, വേൾഡ് ട്രേഡ് സെന്റർ, FICCI പ്രതിനിധികളും റാസൽ ഖൈമ സംഘവുമായി ചർച്ച നടത്തി.