ട്വിറ്റർ വെരിഫിക്കേഷനായി 8 ഡോളർ ഈടാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് എലോൺ മസ്ക്.
ഒരു വെരിഫൈഡ് അക്കൗണ്ട് നേടുന്നതിനോ നിലനിർത്തുന്നതിനോ ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് പ്രതിമാസം 8 ഡോളർ ഈടാക്കാനുള്ള ടെസ്ലയുടെയും ഇപ്പോൾ ട്വിറ്ററിന്റെയും CEO ആയ ഇലോൺ മസ്കിന്റെ പദ്ധതി വ്യാപകമായി വിമർശനം നേരിടുന്നുണ്ട്.
ഇപ്പോഴിതാ, തന്റെ തീരുമാനത്തെ പ്രതിരോധിക്കാൻ രസകരമായ മീമുകളുമായി എത്തിയിരിക്കുകയാണ് മസ്ക്.
സ്റ്റാർബക്സ് കോഫിക്ക് $8 നൽകുന്നതിൽ ആളുകൾ സന്തുഷ്ടരാണ് ട്വിറ്ററിൽ ഒരു വെരിഫിക്കേഷൻ ടിക്കിനായി പണം നൽകുന്നതിൽ മാത്രമാണ് പ്രശ്നമെന്ന് സൂചിപ്പിക്കുന്ന ഒരു മീം മസ്ക് പങ്കിട്ടു.
തുടർന്ന് $58 വിലയുള്ള ഒരു സ്വെറ്റ്ഷർട്ടിന്റെ മറ്റൊരു ഫോട്ടോ അദ്ദേഹം പങ്കിട്ടു. വലതും ഇടതും ഒരേസമയം ആക്രമിക്കപ്പെടുന്നത് ഒരു നല്ല ലക്ഷണമാണ്, എന്ന് മസ്ക് ട്വീറ്റ് ചെയ്തു. പരാതിയുളളവർക്ക് പരാതി പറയാമെന്നും മസ്ക് കുറിച്ചു.
— Elon Musk (@elonmusk) November 2, 2022
ട്വിറ്റർ ഏറ്റടുത്തതിന് ശേഷം ബ്ലൂ വെരിഫിക്കേഷൻ ബാഡ്ജുകൾക്ക് ഇനി മുതൽ ട്വിറ്റർ ഉപയോക്താക്കൾ പണം നല്‍കണമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു.നേരത്തെ പ്രതിമാസം 19.99 ഡോളര്‍ നിരക്കിലാകും വെരിഫിക്കേഷന് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീട് ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനത്തിന് മാസം എട്ട് ഡോളര്‍ ഈടാക്കുമെന്ന് മസ്ക് പറഞ്ഞു. വെരിഫൈഡ് ചെയ്ത അക്കൗണ്ടുകൾക്കാണ് ട്വിറ്റർ ബ്ലൂ ടിക്ക് നൽകുന്നത്. ബ്ലൂ ടിക്കിന് പണം നൽകണം അല്ലെങ്കിൽ ബ്ലൂ ടിക്ക് ബാഡ്ജ് നഷ്ടമാകും. ഇതുവരെ പ്രമുഖരും പ്രസിദ്ധരുമായവർക്കായിരുന്നു വെരിഫൈഡ് ബ്ലൂ ടിക്ക് നല്‍കിയിരുന്നത്. ഇപ്പോൾ എട്ട് ഡോളറിന് അത് ആർക്കും നേടാം. ഒപ്പം ബ്ലൂ സബ്സ്ക്രിപ്ഷന്റെ ഭാഗമായുള്ള അധിക ഫീച്ചറുകളും ആസ്വദിക്കാനാവും.
ബ്ലൂ സബ്സ്ക്രിപ്ഷൻ ഇന്ത്യയിലെ ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?
മസ്ക് പറയുന്നതനുസരിച്ച്, ഓരോ രാജ്യത്തിന്റെയും പർച്ചേസിംഗ് പവർ പാരിറ്റി (PPP) അനുസരിച്ച് ബ്ലൂടിക്ക് വില ക്രമീകരിക്കും. ഇന്ത്യയിൽ വെരിഫൈഡ് പ്രൊഫൈലുകളുടെ എണ്ണം 4.23 ലക്ഷമാണ്. നിലവിൽ സൗജന്യമായാണ് ടിക്ക് നൽകുന്നത്. ട്വിറ്റർ നിർദ്ദേശിച്ച നിലവിലെ 8 ഡോളർ ഏകദേശം 663 രൂപയാണ്. ട്വിറ്ററിന് പ്രതിമാസം 28.05 കോടി രൂപ അധിക ലാഭം ലഭിക്കും. എന്നാൽ, ഇന്ത്യയുടെ പർച്ചേസിംഗ് പവർ പാരിറ്റി കണക്കിലെടുക്കുമ്പോൾ ഇത് വ്യത്യാസപ്പെടാം. ലോകബാങ്കിന്റെ 2021ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒരു ഡോളറിന്റെ PPP നിരക്ക് 23 രൂപയാണ്. അങ്ങനെയെങ്കിൽ ഇത് പ്രതിമാസം 184 രൂപയാകും. അങ്ങനെ ഒക്കെ ആണ് കാര്യമെങ്കിലും സോഷ്യൽ മീഡിയക്കു വളക്കൂറുളള ഇന്ത്യൻ മണ്ണിൽ ട്വിറ്റർ ഉപയോക്താക്കൾക്കായി മസ്ക് എന്താണ് കാത്ത് വച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്!