ഇലക്ട്രിക് ബൈക്ക് ഡിസൈൻ ചെയ്ത് ദേശീയ തലത്തിൽ ശ്രദ്ധേയരായി മലയാളി വിദ്യാർത്ഥികൾ. ദേശീയ ഇ-ബൈക്ക് ഡിസൈൻ മത്സരത്തിൽ തിരുവനന്തപുരം ശ്രീകാര്യം എൻജിനീയറിങ് കോളജിലെ (CET) വിദ്യാർത്ഥികൾക്കാണ് മികച്ച നേട്ടം. സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്സ് നടത്തിയ മത്സരത്തിൽ ദേശീയതലത്തിൽ എട്ടാം സ്ഥാനമാണ് സിഇടിയിലെ Excelerators എന്ന പത്തംഗ സംഘം നേടിയത്.
15,000 രൂപയുടെ ക്യാഷ് പ്രൈസാണ് ലഭിച്ചത്. അവസാന വർഷ വിദ്യാർത്ഥികളടങ്ങിയ ടീമിന്റെ ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ‘Zephyr’ എന്ന് പേരിട്ടിരിക്കുന്ന ഇ-ബൈക്ക്. പരമാവധി 35 കിലോമീറ്റർ വേഗതയുള്ള അഫോഡബിളായ സിംഗിൾ സീറ്റർ ഇലക്ട്രിക് ഇരുചക്ര വാഹനം കൊണ്ടുവരിക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.
ലിഥിയം-അയൺ ബാറ്ററിയുള്ള 1kw ഇലക്ട്രിക് മോട്ടോറാണ് Zephyr നൽകുന്നത്. ഒറ്റ ചാർജിൽ ഏകദേശം 60km റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന് 1720 mm നീളവും 640 mm വീതിയും 1280 mm വീൽബേസുള്ള അലോയ് വീലുകളുമുണ്ട്. ടെക്നോപാർക്കിലെ IT കമ്പനിയായ അക്യുബിറ്റ്സിന്റെ സ്പോൺസർഷിപ്പും വിദ്യാർത്ഥികൾ തന്നെ കണ്ടെത്തിയ ഫണ്ടും ഉപയോഗിച്ച് നിർമാണം പൂർത്തിയായപ്പോൾ ചിലവായത് ഏകദേശം ഒരു ലക്ഷം രൂപയായിരുന്നു. മെക്കാനിക്കൽ വിഭാഗത്തിൽ നിന്ന് അബ്ദുൾ ഹക്കീം വി.പി, അഖിൽ സെബാസ്റ്റ്യൻ, അജ്മൽ പി.എസ്, അലൻ രാജേഷ് അലക്സ്, ഗോകുൽ വിജയൻ, കെ.എസ്. കൃഷ്ണപ്രസാദ്, മുഹമ്മദ് തൻസീം.എ, സുഹൈബ് എം, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ശ്രീകേഷ് എ. എന്നിവരായിരുന്നു ടീം അംഗങ്ങൾ. സ്റ്റിയറിംഗ്, സസ്പെൻഷൻ സിസ്റ്റങ്ങൾ, ഷാസി, ബോഡി പാനലുകൾ, ബ്രേക്ക്, ട്രാൻസ്മിഷൻ, ഡ്രൈവ്ട്രെയിൻ, വീലുകൾ, ഇലക്ട്രിക്കൽ സിസ്റ്റം എന്നിങ്ങനെ പ്രോജക്റ്റിന്റെ വിവിധ സബ്സിസ്റ്റങ്ങളിൽ പ്രവർത്തിക്കാൻ ടീമിനെ കോർ ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഒക്ടോബർ 17 മുതൽ 19 വരെ ചെന്നൈയിലെ SRM യൂണിവേഴ്സിറ്റിയിൽ നടന്ന മത്സരത്തിൽ രാജ്യത്തെ നാൽപ്പതോളം ടീമുകൾ പങ്കെടുത്തു.