കാർബൺ എമിഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എയർഫോഴ്സിന്റെ വാഹനവ്യൂഹങ്ങളിൽ ഇടംപിടിച്ച് Tata Nexon EV.
12 ടാറ്റ നെക്സോൺ ഇവികളാണ് ആദ്യബാച്ചിൽ ന്യൂഡൽഹിയിലെ എയർഫോഴ്സ് ആസ്ഥാനത്തെത്തിയത്. എയർ ചീഫ് മാർഷൽ വിആർ ചൗധരി പുതിയ ഇവികളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രീൻ മൊബിലിറ്റിയിലേക്കുള്ള കേന്ദ്രസർക്കാരിന്റെ പ്രയാണത്തിന് ആക്കം കൂട്ടുന്നതാണ് സേനാവാഹനങ്ങൾ ഇലക്ട്രികിലേക്ക് മാറുന്നത്. കാർബൺ എമിഷൻ കുറയ്ക്കുന്നതിനുള്ള എയർഫോഴ്സിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഇവികൾ ഇടം പിടിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ക്രമേണ വർധിപ്പിക്കാനും ഇന്റേണൽ കംബസ്റ്റ്യൻ എഞ്ചിൻ വാഹനങ്ങളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കാനും വ്യോമസേന പദ്ധതിയിടുന്നു.
ഘട്ടംഘട്ടമായി ഇലക്ട്രിക് മൊബിലിറ്റിയിലേക്ക്
വിവിധ എയർഫോഴ്സ് താവളങ്ങളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നത് ഉൾപ്പെടെ, ഇവികളുടെ ഉപയോഗം പതിയെ വർദ്ധിപ്പിക്കാനും വ്യോമസേന പദ്ധതിയിടുന്നുണ്ട്. ഇതിനായി കൂടൂതൽ ഇലക്ട്രിക് ബസുകളും കാറുകളും വ്യോമസേന വാങ്ങും. ഘട്ടംഘട്ടമായി നടക്കുന്ന വൈദ്യുതവത്കരണത്തിൽ തിരഞ്ഞെടുത്ത യൂണിറ്റുകളിൽ 25 ശതമാനം ചെറുവാഹനങ്ങൾക്കും 38 ശതമാനം ബസുകൾക്കും 48 ശതമാനം മോട്ടോർസൈക്കിളുകൾക്കും പകരം ഇവികൾ ഇടംപിടിക്കും. കൂടുതൽ വൈദ്യുത വാഹനങ്ങൾ സേനയിൽ സ്വീകരിക്കുന്നതിന് മുൻപ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രകടനം വിശകലനം ചെയ്യാൻ ഈ Nexon EV-കൾ ഉപയോഗിക്കും.