അഴുക്കുചാലുകളും കുളങ്ങളിലെ മലിനജലവും വൃത്തിയാക്കാൻ സഹായിക്കുന്ന ‘ബാക്ടീരിയൽ ഇ-ബോൾ’ വികസിപ്പിച്ച് ശാസ്ത്രജ്ഞനായ ഡോ. പ്രശാന്ത് ശർമ്മ. വെള്ളത്തിന്റെ pH മൂല്യവും TDS (Total Dissolved Solid) മൂല്യവും മെച്ചപ്പെടുത്താൻ ശേഷിയുള്ളവയാണ് പ്രശാന്ത് നിർമ്മിച്ചെടുത്ത ബാക്ടീരിയൽ ഇ-ബോളുകൾ. 40 ഗ്രാം ഭാരമുള്ള ഒരു പന്തിൽ 14 തരം ഫംഗസും, ബാക്ടീരിയയും, കാൽസ്യം കാർബണേറ്റും കലർത്തിയാണ് ഇത് തയ്യാറാക്കിയത്. ഒരു കുളത്തിലെയോ കിണറിലെയോ അഴുക്കുവെള്ളത്തിൽ ബാക്ടീരിയൽ ഇ-ബോൾ ഇട്ടുകഴിഞ്ഞാൽ, അത് വെള്ളത്തിന്റെ മുകളിലെ പാളി വൃത്തിയാക്കും.
റായ്പൂർ, ബിലാസ്പൂർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇത് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ബാക്ടീരിയൽ ഇ-ബോളുകളുടെ ഉപയോഗം പരിസ്ഥിതിക്കും ജലജീവികൾക്കും സുരക്ഷിതമാണ്. ഇ-ബോൾ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം നദികളിലേക്ക് തുറന്നുവിടുമ്പോൾ അതിന്റെ മലിനീകരണം കുറയുമെന്നും പ്രശാന്ത് ശർമ്മ പറയുന്നു. കുളം വൃത്തിയാക്കുന്നതിനായി, മുഴുവൻ വെള്ളവും നീക്കം ചെയ്യുന്ന രീതിയാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്. ഇത് വളരെ ചെലവേറിയതും, സമയമെടുക്കുന്നതുമാണ്. ഈ രീതിയ്ക്ക് ബദലായി ഉപയോഗിക്കാനാകുന്നതാണ് ‘ബാക്ടീരിയൽ ഇ-ബോൾ’.