2040-ഓടെ 100% പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രൽ സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കൃഷി, കന്നുകാലികൾ, മത്സ്യബന്ധനം, ജലവിഭവം, ആരോഗ്യം, വനം, ജൈവവൈവിധ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഇടപെടലുകളാണ് ആക്ഷൻ പ്ലാനിലുള്ളത്.
കേരളം അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്ക് വളരെ സാധ്യതയുള്ള പ്രദേശമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സർക്കാർ ഒരു പുതിയ കർമ്മ പദ്ധതി തയ്യാറാക്കിയതായി വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള വ്യാവസായിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഇൻസെന്റിവുകൾ നൽകുന്ന പുതിയ ESG കേന്ദ്രീകൃത വ്യാവസായിക നയം സംസ്ഥാനം ഉടൻ പുറത്തിറക്കും.
പുതിയ കർമപദ്ധതി
മാനവികതയ്ക്കും പരിസ്ഥിതിക്കും നേരെ ഉയരുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്നായി മാറുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് നിർണായകമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ദിശയിൽ ഒരു തുടക്കമെന്ന നിലയിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് കേരളം ഒരു പുതിയ കർമപദ്ധതി പുറത്തിറക്കിയത്. 100 മില്യൺ യൂറോയുടെ (₹865.8 കോടി) പ്രകടനത്തിൽ അധിഷ്ഠിതമായ വായ്പയ്ക്കുള്ള കരാർ സംസ്ഥാന സർക്കാരും ഫ്രഞ്ച് വികസന ഏജൻസിയും (AFD) ഒപ്പുവച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾക്കെതിരായ സംസ്ഥാനത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. കേരള ഹൈഡ്രജൻ ഇക്കണോമിക് മിഷനും ഇലക്ട്രിക് വെഹിക്കിൾ കൺസോർഷ്യം പദ്ധതി നടപ്പാക്കലും കേരളത്തിന്റെ ദീർഘവീക്ഷണമുളള മറ്റ് രണ്ട് സംരംഭങ്ങളാണ്. സംസ്ഥാനത്തിന്റെ കാർബൺ ഫുട്പ്രിന്റ്സ് കുറയ്ക്കുക, ഡീകാർബണൈസേഷൻ പ്രോത്സാഹിപ്പിക്കുക, സംസ്ഥാനത്ത് ഒരു ഗ്രീൻ-ഹൈഡ്രജൻ ഹബ് സൃഷ്ടിക്കുക, സീറോ-എമിഷൻ മൊബിലിറ്റി കൈവരിക്കുക എന്നിവ ലക്ഷ്യമിടുന്നു.
9 ജില്ലകൾ ബാധിക്കപ്പെടും
2023-2030ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആക്ഷൻ പ്ലാനിൽ ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതങ്ങൾക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള ജില്ലകളായി കേരളത്തിലെ ഒമ്പത് ജില്ലകളെ തരംതിരിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, കാസർകോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം എന്നീ ജില്ലകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2014-ലാണ് സംസ്ഥാനം ആദ്യമായി കർമപദ്ധതി പ്രസിദ്ധീകരിച്ചത്. പുതുക്കിയ റിപ്പോർട്ടിൽ ഓരോ ജില്ലയെയും അതിന്റെ ദുർബലത (ഉയർന്നതും ഇടത്തരവും താഴ്ന്നതും) അനുസരിച്ച് തരംതിരിച്ചിട്ടുണ്ട്. സംയോജിതമായ കേടുപാടുകൾ കൂടാതെ, കൃഷി, കന്നുകാലി, തീരദേശ മത്സ്യബന്ധനം, വനം, ആരോഗ്യം, വിനോദസഞ്ചാരം, ജലലഭ്യത തുടങ്ങിയ മേഖലകളിലെ ദുർബലതകൾക്കനുസരിച്ച് ജില്ലകളെ തരംതിരിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള മഴയുടെ തോത് വർധിക്കുമെന്നാണ് പ്രവചനം.
According to Chief Minister Pinarayi Vijayan, Kerala will switch to only renewable energy sources by the year 2040. A revamped action plan to combat climate change has been announced by Kerala. A new industrial strategy with an ESG focus that outlines incentives to support ethical industrial output will soon be released by the state. By 2040 and 2050, respectively, Kerala hopes to be entirely dependent on renewable energy sources, according to Chief Minister Pinarayi Vijayan.