യുഎഇ ഭരണകൂടം സ്വദേശിവത്കരണത്തിനുളള നീക്കങ്ങൾ ശക്തിപ്പെടുത്തുന്നു. സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ അവസരം നൽകുകയാണ് എമിറേറ്റൈസേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്.
50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിൽ ഡിസംബർ 31നകം 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണു നിയമം.
വൈദഗ്ധ്യം അവശ്യം വേണ്ടുന്ന ജോലികളിൽ എമിറാത്തി ജീവനക്കാരെ നിയമിക്കണമെന്നാണ് നിയമം പറയുന്നത്. സ്വദേശികളെ നിയമിക്കുന്നതിൽ നിയമം പാലിക്കാത്ത കമ്പനികൾക്ക് 2023 ജനുവരി മുതൽ പിഴ ചുമത്തും. സ്വദേശികളെ നിയമിക്കാത്ത കമ്പനിക്ക് ആളൊന്നിന് 6000 ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) നടപടികളിലെ പുരോഗതി നിരീക്ഷിച്ചുവരികയാണ്.
കമ്പനികൾക്ക് പിഴ
യുഎഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തികളുടെ എണ്ണത്തിൽ 2020-നെ അപേക്ഷിച്ച് 2022-ൽ 27 ശതമാനം വർധനവ് ഉണ്ടായതായി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അൽ അവാർ പറഞ്ഞു. കമ്പനികൾ എമിറേറ്റൈസേഷൻ പ്രതിവർഷം 2 ശതമാനം വർധിപ്പിക്കേണ്ടതുണ്ടെന്ന് ഡോ അൽ അവാർ പറഞ്ഞു. 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാർ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളിലെ ഉയർന്ന വൈദഗ്ധ്യമുള്ള റോളുകളിലാണ് നിയമനം ഉറപ്പാക്കേണ്ടത്.
2026ഓടെ സ്വകാര്യമേഖലയിലെ എമിറേറ്റൈസേഷൻ നിരക്കിൽ 10 ശതമാനം വർധനവ് കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം പ്രാബല്യത്തിൽ വന്ന് രണ്ട് മാസത്തിനുള്ളിൽ ലക്ഷ്യത്തിന്റെ മൂന്നിരട്ടി നേട്ടം കൈവരിക്കാൻ പല സ്വകാര്യ കമ്പനികളും വിജയിച്ചതായി മന്ത്രി വിശദീകരിച്ചു. നിയമം ലംഘിക്കുന്ന കമ്പനികളെകുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം നിശ്ചിത പരിധിയെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു. UAE strengthens Emiratisation targets. The Ministry of Human Resources and Emiratisation (MoHRE) is observing the progress. Emiratisation aims to give opportunities to nationals in the private sector. It says that companies with more than 50 workers should have 2 per cent of Emirati employees.