ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകളെത്തിക്കുന്നത് വ്യാപകമായത് കോവിഡ് കാലത്താണ്. അതിന് ശേഷം ഫുഡ് ഡെലിവറിയിൽ വരെ ഡ്രോണുകൾ ഉപയോഗിച്ചു. ഇപ്പോഴിതാ ഡ്രോണുകള് ഉപയോഗിച്ച് ആപ്പിളും എത്തിക്കാനൊരുങ്ങുകയാണ് ഹിമാചൽ പ്രദേശിലെ ഒരു കൂട്ടം കർഷകർ.
ഹിമാചലിലെ കിന്നൗറിൽ (Kinnaur) ഡ്രോണുകൾ വഴി ആപ്പിൾ എത്തിക്കുന്നത് ഉടൻ യാഥാർത്ഥ്യമാകും. കിന്നൗർ ജില്ലയിലെ വിദൂര പ്രദേശങ്ങളിലെയും ഗതാഗതസംവിധാനങ്ങൾ അധികം കടന്നു ചെല്ലാത്ത ഇടങ്ങളിലെയും ആപ്പിൾ കർഷകർക്കാണ് ഡ്രോൺ ടെക്നോളജി സഹായമാകുന്നത്. കിന്നൗറിലെ രോഹൻ കാണ്ഡ ഗ്രാമത്തിൽ 20 കിലോ ആപ്പിൾ പെട്ടികൾ കയറ്റി അയക്കാനുള്ള പരീക്ഷണം വിജയകരമായിരുന്നു. ആറ് മിനിറ്റുകൊണ്ട് പെട്ടികൾ തോട്ടത്തിൽ നിന്ന് മെയിൻ റോഡിലേക്ക് എത്തിച്ചു. 12 കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്.
ആപ്പിൾ ബോക്സുകൾ ഉയർത്തുന്നതിനുള്ള ട്രയലിൽ ബാറ്ററി, റൊട്ടേഷൻ സമയം എന്നിവ പരിശോധിക്കുകയും ഒരു റൊട്ടേഷനിൽ ഉയർത്തിയ ലോഡ് വിലയിരുത്തുകയും ചെയ്തു. ആപ്പിൾ കർഷകർക്ക് ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് ലാഭകരമാക്കാൻ ഒറ്റയടിക്ക് 200 കിലോഗ്രാം ഉയർത്തുക എന്നതാണ് അടുത്ത ലക്ഷ്യം. അടുത്ത സീസണിൽ ഈ മോഡൽ നടപ്പിലാക്കാൻ കഴിയുമെന്നാണ് ഇതിന് നേതൃത്വം നൽകുന്ന Vegrow എന്ന ഏജൻസി പറയുന്നത്.
ദുഷ്കരമായ ഗതാഗതം ഡ്രോണിന് വഴിമാറുന്നു
കിന്നൗറിലെ നിച്ചാർ (Nichar) ബ്ലോക്കിലെ രോഹൻ കാണ്ഡ(Rohan Kanda), ഛോട്ടാ കാണ്ട(Chota Kanda) എന്നീ ഗ്രാമങ്ങളിലേക്ക് റോഡ് കണക്റ്റിവിറ്റി ഇല്ല. ആപ്പിൾ പെട്ടികൾ കാൽനടയായി ചുമന്ന് കൊണ്ടാണ് കർഷകർ റോഡിലേക്ക് എത്തിക്കുന്നത്. ഒരു യാത്രയിൽ പരമാവധി മൂന്ന് പെട്ടികൾ, 90 കിലോ ഭാരമുളളവ റോഡിലേക്ക് എത്തിക്കുന്നു. കുന്നിൻ പ്രദേശമായതിനാൽ എത്താൻ നാല് മണിക്കൂറിലധികം എടുക്കും. മഞ്ഞുവീഴ്ചയുടെ സമയത്താണ് ഇത് ഏറ്റവും ദുഷ്കരമാകുന്നത്. കിന്നൗറിൽ 10,924 ഹെക്ടറിലാണ് ആപ്പിൾ കൃഷി ചെയ്യുന്നത്.
കിന്നൗറിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആപ്പിൾ വിപണിയിലേക്ക് എത്തിക്കുന്നത് ഓഗസ്റ്റ് അവസാനത്തോടെയാണ്. ഒക്ടോബർ-നവംബർ കാലയളവിലാണ് ഇത് കൂടുതലാകുന്നത്. 2021ൽ വിളവെടുപ്പിൽ 24.33 ലക്ഷം പെട്ടി ആപ്പിളുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം 40.83 ലക്ഷം പെട്ടികളാണ് എത്തിച്ചത്. ഈ തോട്ടങ്ങളെ റോഡുകളാൽ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ട്രക്കുകളിൽ കയറ്റുന്നതിനായി മലയോര പ്രദേശങ്ങളിൽ നിന്ന് മെയിൻ റോഡിലേക്ക് ആപ്പിൾ കൊണ്ടുവരുന്നത് ചെലവേറിയതും സമയമെടുക്കുന്നതും ബുദ്ധിമുട്ടുള്ളതുമായ കാര്യമാണ്. സമയം ലാഭിക്കുന്നതിനും ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനും ഡ്രോൺ ഗതാഗതം സഹായിക്കുമെന്ന് നിച്ചാറിലെ കർഷകർ പറയുന്നു.
സാമ്പത്തിക അഭിവൃദ്ധിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഡ്രോൺ സാങ്കേതികവിദ്യ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ജൂണിൽ ഡ്രോൺ നയം ഹിമാചൽ പ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കാർഷിക, ഹോർട്ടികൾച്ചർ മേഖലയിൽ, കാർഷിക ഉൽപാദനക്ഷമതയും വിളനാശവും വിലയിരുത്തുന്നതിനും വിളകളിൽ വളം തളിക്കുന്നതിനും വിളകളുടെ ഡാറ്റ ശേഖരിക്കുന്നതിനും ഡ്രോണുകൾ ഉപയോഗിക്കാനാണ് പദ്ധതി.
The Apple growers in Himachal’s Tribal district Kinnaur are ready to embrace the revolutionary drone transportation. Soon, it would become a regular phenomenon in this remote area. At the Rohan Kanda village in Kinnaur district, the Vegrow apple procurement agency successfully did the trial of drone transportation of apples in association with Skyeair. Apple boxes weighing 20 kilograms were carried from an orchard to the main road, covering a distance of 12 km.