ആരാധകവൃന്ദങ്ങളെ ആവേശത്തിലാറാടിക്കാൻ പൊങ്കലിന് ഇത്തവണ ഇളയദളപതിയും തലയും നേർക്കുനേർ എത്തുകയാണ്.
തമിഴ്സിനിമാ ലോകത്തെ മാത്രമല്ല ലോകമെങ്ങുമുളള വിജയ്-അജിത്ത് ആരാധകർ ചിത്രം റിലീസ് ദിവസം തന്നെ കാണുന്നതിനുളള ആവേശത്തിലാണ്.
കോളിവുഡിൽ ഏറ്റവുമധികം ആരാധകരുളള രണ്ടു സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഏറ്റുമുട്ടുമ്പോൾ ബോക്സ്ഓഫീസിൽ തീ പാറുമെന്നുറപ്പാണ്.
ജനുവരി 11 ന് റിലീസാകുന്ന രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ്ഡ് ബുക്കിംഗ് കേരളത്തിലും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയാണ് വാരിസിന്റെ സംവിധായകന്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ അജിത്ത് ചിത്രങ്ങളുടെ സംവിധായകന് എച്ച് വിനോദ് ആണ് തുനിവ് സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് അജിത്തിന്റെ നായിക. ധനുഷിന്റെ അസുരന് ശേഷമുളള മഞ്ജുവിന്റെ തമിഴ് ചിത്രമാണ് തുനിവ്.
പ്രീ-റിലീസ് ബിസിനസിലേക്ക് വരുമ്പോൾ, തുനിവിനു മുന്നിൽ എത്തിയിരിക്കുകയാണ് ദളപതി വിജയുടെ വാരിസു. റിലീസിന് മുമ്പ് വാരിസു 142 കോടി നേടിയപ്പോൾ അജിത്തിന്റെ തുനിവ് 86 കോടിയാണ് നേടിയത്. വാരിസുവിന്റെ തമിഴ്നാട്ടിലെ റൈറ്റ്സ് 72 കോടിക്ക് വിറ്റു. കേരളത്തിലെ റൈറ്റ്സ് 6.5 കോടി രൂപ നേടി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും 18 കോടി നേടിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് 17 കോടിയും വിദേശത്ത് റൈറ്റ്സിലൂടെ നേടിയത് 35 കോടിയുമാണ്. ഓവർസീസ് റൈറ്റ്സ് എല്ലായ്പ്പോഴും പ്രീ-റിലീസ് ബിസിനസ്സിന്റെ ഒരു ഭാഗമാണ്. വാരിസുവിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് 34 കോടി രൂപയ്ക്കു പോയപ്പോൾ ടി-സീരീസ് 10 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി. വാരിസുവിനെ സ്വന്തമാക്കിയ OTT പ്ലാറ്റ്ഫോം ആമസോൺ പ്രൈം ആയിരുന്നു. ചിത്രത്തിനായി 75 കോടി രൂപ നൽകി. സൺ ടിവിയാണ് ഔദ്യോഗിക സാറ്റലൈറ്റ് പാർട്ണർ, സാറ്റലൈറ്റ് അവകാശത്തിനായി കമ്പനി 57 കോടി രൂപ നൽകിയതായി റിപ്പോർട്ടുണ്ട്.
അജിത് കുമാറിന്റെ തുനിവിന്റെ കണക്കുകൾ നോക്കിയാൽ തമിഴ്നാട് തിയറ്റർ റൈറ്റ്സ് 60 കോടി രൂപയ്ക്ക് റെഡ് ജയന്റ് മൂവീസിന് വിറ്റു.
കേരളത്തിലോ കർണാടകയിലോ വിജയിയെ പോലെ വലിയ ആരാധകവൃന്ദം അജിത്തിനില്ല. അതിനാൽ കേരളത്തിലെ റൈററ്സ് 2.5 കോടിക്കും കർണാടകയിൽ 3.6 കോടിക്കും പോയി. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒന്നര കോടി രൂപയ്ക്കാണ് വിറ്റത്. ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് 25 കോടി രൂപയ്ക്കും മ്യൂസിക് റൈറ്സ് 2 കോടി രൂപയ്ക്കും വിറ്റു. ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 65 കോടി രൂപയ്ക്കും സാറ്റലൈറ്റ് റൈറ്റ്സ് കലൈഞ്ജർ ടിവി 20 കോടി രൂപയ്ക്കും സ്വന്തമാക്കി. 14 കോടി രൂപയ്ക്കാണ് ഓവർസീസ് റൈറ്റ്സ് ലൈക്ക സ്വന്തമാക്കിയത്.
ബുക്ക് മൈ ഷോയില്‍ വാരിസിനേക്കാള്‍ ലൈക്കുകളിൽ മുൻപിൽ തുനിവ് ആണ്. വാരിസിന് 2.72 ലക്ഷം ലൈക്കുകള്‍ ആണെങ്കില്‍ തുനിവിന് 5.59 ലക്ഷത്തിലേറെ ലൈക്കുകൾ കിട്ടി. എന്നാല്‍ പ്രീ ബുക്കിംഗ് നോക്കിയാൽ തുനിവിനേക്കാള്‍ ബഹുദൂരം മുന്നിലാണ് വിജയ്യുടെ വാരിസ്.
ഇനി ഈ ചിത്രങ്ങളുടെ ഗെയിം ചേഞ്ചർ ബോക്സ് ഓഫീസ് കളക്ഷനായിരിക്കും.