ഇത്തവണത്തെ കേന്ദ്ര ബജറ്റിനെ നിങ്ങൾ എങ്ങിനെ വിലയിരുത്തുന്നു?..
ഇന്ത്യയെ പട്ടിണിക്കാരില്ലാത്ത രാജ്യമായി മാറ്റാനുള്ള യത്നത്തിനു നിർമ്മല സീതാരാമന്റെ ബജറ്റിന് കഴിയുമോ? അതോ കാർഷിക വ്യാവസായിക തൊഴിൽ ഇടത്തെ വോട്ടും യുവാക്കളുടെ വോട്ടും നേടാനുള്ള തലോടലാണോ ഈ ബജറ്റ്?
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ?
അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സാധാരണ വോട്ടർമാർക്ക് തത്കാലം അധിക ഭാരം തലയിലേറ്റി നൽകരുത്. എന്നാൽ പരോക്ഷമായി ഒരു സാമ്പത്തിക നിയന്ത്രണം കൊണ്ടുവരികയും വേണം. വോട്ടർമാർ തങ്ങളുടെ അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്ന മേഖലകളാണ് കാർഷിക, വ്യാവസായിക, തൊഴിൽ ഇടങ്ങൾ. അതുകൊണ്ടു തന്നെ ഇത്തരം പ്രാഥമിക മേഖലകൾക്ക് പരമാവധി ശ്രദ്ധ ഊന്നിക്കൊണ്ടുള്ള ഒന്നെന്നു വേണം ഈ ബജറ്റിനെ വിലയിരുത്തുവാൻ.
ബജറ്റ് പ്രതീക്ഷക്കൊത്തുയർന്നോ?
രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ ജനങ്ങൾ വലിയ പ്രതീക്ഷ പുലർത്തിയത് സ്വാഭാവികം.
ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആദായ നികുതിയില്‍ ഘടനാപരമായ പരിഷ്കരണം ബജറ്റില്‍ പ്രഖ്യാപിച്ചു എന്നതാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന്റെ ഹൈലൈറ്റ്.
പതിവ് മാജിക്കുകൾക്കു വേണ്ടി ധനമന്ത്രി കാത്തു നിന്നില്ല. സാധാരണക്കാരുടെ പ്രതീക്ഷകൾ പൂർണമായും സഫലമാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമനു കഴിഞ്ഞില്ലെങ്കിലും സാധാരണക്കാരുടെ ജീവിതഭാരം കൂടുതൽ ദുഷ്കരമാക്കുന്നതൊന്നും ബജറ്റിൽ ഒറ്റനോട്ടത്തിൽ കാണാനില്ലെന്നത് വലിയ ആശ്വാസമാണ്. രാജ്യത്തിന്റെ വളർച്ചയ്ക്കും ജനജീവിതം മെച്ചപ്പെടുത്താനുമുള്ള നിർദ്ദേശങ്ങൾക്കാണ് ധനമന്ത്രി പ്രാധാന്യം നൽകിയത്. മുൻകാലത്തെ ആദായ നികുതി കുടിശ്ശിക പിരിച്ചെടുക്കാതെ പുതിയ രീതികളും ഇളവുകളും കൊണ്ടുവന്നിട്ടു കാര്യമെന്തെന്നു ചോദിക്കുന്നവരുണ്ട്. മുൻകാല ബഡ്ജറ്റുകളുടെ അടിത്തറയിലൂന്നിയതാണ് 2023 – 24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റെന്ന് അവർ ആമുഖമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ ബജറ്റുകളുടെ ഒരു തുടർച്ച എന്ന നിലക്ക് ഈ ബജറ്റിനെ കണ്ടാൽ മതി.
കുറഞ്ഞ സമയത്തിലൊരു ബജറ്റ്
ബജറ്റെന്ന് കേൾക്കുമ്പോൾ ഏവരും ഉറ്റു നോക്കുന്നത് നികുതിയിളവുകളിലാണ്. പുതിയ നികുതി സമ്പ്രദായമായിരിക്കും ഇനി പ്രധാന നികുതി വ്യവസ്ഥയായി കരുതുക. പഴയത് വേണമെന്നുള്ളവര്‍ക്ക് അതിലേയ്ക്ക് മാറേണ്ടിവരും. ബജറ്റ് പ്രസംഗം കഴിഞ്ഞപ്പോൾ ബജറ്റ് പുസ്തകം പരതേണ്ടി വരും, വകുപ്പ് തിരിച്ചുള്ള വിവരങ്ങൾ അറിയാൻ എന്ന പരാതി പൊതുവെ ഉയരാറുണ്ട്. എന്നാൽ സംക്ഷിപ്ത രൂപത്തിലുള്ളതായിരുന്നു ധനമന്ത്രിയുടെ ഇത്തവണത്തെ ബഡ്ജറ്റ് പ്രസംഗം. കേവലം ഒന്നര മണിക്കൂർ..
കളളക്കടത്തിന് നിയന്ത്രണം വരുമോ?
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച് കള്ളക്കടത്തു നിയന്ത്രിക്കാൻ നടപടി പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ലെന്നു മാത്രമല്ല സ്വർണം, വെള്ളി, വജ്രം എന്നിവയ്ക്ക് വിലകൂട്ടുന്ന തീരുമാനമാണുള്ളത്. സ്വർണം ഇലക്ട്രോണിക് ഗോൾഡ് റെസീറ്റാക്കി മാറ്റിയാൽ മൂലധന നേട്ട നികുതി ഈടാക്കില്ല. അതെ സമയം സ്വർണം, പ്ളാറ്റിനം മിശ്രിതകട്ടികൾക്ക് സമാനമായി സിൽവർ കട്ടികളുടെയും ഇറക്കുമതിച്ചുങ്കം കൂട്ടി. മൊബൈൽ ഫോൺ, ടിവി, വാഹനങ്ങൾക്കുള്ള ബാറ്ററി എന്നിവയ്ക്ക് വിലകുറഞ്ഞേക്കും. അതേസമയം ഇന്ത്യയിൽ നിർമിക്കുന്ന തുണിത്തരങ്ങൾക്ക് വില കൂടുമെന്നാണ് സൂചന. ജി.എസ്.ടി സമ്പ്രദായം നിലനിൽക്കുന്നതിനാൽ മറ്റ് ഉത്പന്നങ്ങളുടെ വില കൂട്ടാനുതകുന്ന തീരുമാനമൊന്നും ഇല്ലെന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്.
ലക്ഷ്യം പട്ടിണിയില്ലാത്ത ഇന്ത്യ
ഇന്ത്യയെ പട്ടിണിക്കാരില്ലാത്ത രാജ്യമായി മാറ്റാനുള്ള യത്നത്തിൽ സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് പതിവുപോലെ മുന്തിയ പരിഗണന നൽകാൻ ധനമന്ത്രി ശ്രമിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ 100 -ാം വാർഷികത്തിലേക്കുള്ള ഇന്ത്യ എന്നതിനെ അടിസ്ഥാനമാക്കിയ പ്രഖ്യാപനങ്ങളാണ് മോദി സർക്കാരിന്റെ അവസാന സമ്പൂർണ്ണ വർഷ ബജറ്റിൽ ഉണ്ടായത്. കാർഷിക – വ്യവസായ, അടിസ്ഥാന സൗകര്യ മേഖലകൾക്കുള്ള വിഹിതം ഗണ്യമായി വർദ്ധിപ്പിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ഈ വർഷം കാർഷിക വായ്പയ്ക്കായി ഇരുപതുലക്ഷം കോടിയാണ് നീക്കിവയ്ക്കുന്നത്. ജൈവകൃഷി, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ കാർഷിക മേഖലയിൽ ഒട്ടേറെ പുതിയ പദ്ധതികളും നടപ്പാക്കും. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി പത്തുലക്ഷം കോടിയാണ് മുടക്കുന്നത്. ഇതിന്റെ പ്രയോജനം എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കും. തൊഴിലവസരങ്ങളും ഗണ്യമായി വർദ്ധിക്കുമെന്ന് കരുതാം.
ശുഭപ്രതീക്ഷയിൽ ധനമന്ത്രിയും രാജ്യവും
നടപ്പുവർഷം രാജ്യംനേടിയ സാമ്പത്തിക വളർച്ചയിൽ അഭിമാനംകൊള്ളുന്ന ധനമന്ത്രി അടുത്തവർഷത്തെ വളർച്ചയും 7 ശതമാനത്തിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണ്. ഈ ലക്ഷ്യം നേടാൻ പര്യാപ്തമായ നിർദ്ദേശങ്ങൾ ബഡ്ജറ്റ് പ്രസംഗത്തിലുടനീളം കാണാം. നിക്ഷേപ പദ്ധതികളിലേയ്ക്ക് വരുന്ന പണം വിപണിയിലെത്തുമെന്നും അതിലൂടെ ജിഎസ്ടി വരുമാനം കൂടുമെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതോടെ ഇന്‍ഷുറന്‍സ് ഉള്‍പ്പടെ നികുതിയിളവിനുള്ള നിക്ഷേപ പദ്ധതികളുടെ ആകര്‍ഷണീയത ഇല്ലാതാകും. വളരെ കരുതലോടെയാണ് ബജറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം എന്തായാലും ഇന്ത്യയുടെ ദീർഘകാല വളർച്ചയ്ക്ക് എങ്ങനെ ഉപകരിക്കുമെന്ന് വരും വർഷങ്ങളിൽ മനസ്സിലാക്കാം.
Can India become a nation without hunger with Nirmala Sitharaman’s proposed budget? Or is this budget a ruse to get the support of the young people and the labour in the agro-industrial sector? The Lok Sabha elections will take place the next year. For now, there shouldn’t be any burden on regular voters. But it’s also important to bring in a financial control indirectly. Voters can address their circumstances in the agricultural, industrial, and labour sectors. Therefore, it is important to consider how much attention this budget devotes to these crucial sectors.