വിഴിഞ്ഞം, മെയ്ക് ഇൻ കേരള, ഐടി, വ്യവസായം.. ബജറ്റ് നൽകുന്ന പ്രതീക്ഷകൾ. നികുതികണക്കുകൾ ശോഭ കെടുത്തിയ ബജറ്റിലുണ്ട് ചില വ്യാവസായിക, സംരംഭക കാർഷിക പ്രതീക്ഷകൾ…..
രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബഡ്ജറ്റിൽ ചില ശ്രദ്ധേയമായ വികസന പ്രഖ്യാപനങ്ങളുണ്ട്. പക്ഷെ അതിന്റെ ശോഭ കെടുത്തുന്ന തരത്തിലായിരുന്നു 2,955 കോടിയുടെ അധിക വിഭവസമാഹരണത്തിനായി കൊണ്ടുവന്ന നികുതി നിർദേശങ്ങൾ.
സംസ്ഥാനത്തിന്റെ തനതു വരുമാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടെ അധികച്ചെലവ് 2,640 കോടിയായെന്ന സൂചനയും കെ.എൻ ബാലഗോപാൽ നൽകി. 2020-21-ല് 54,955.99 കോടി രൂപയായിരുന്ന തനത് വരുമാനം 2021-22-ല് 68,803.03 കോടി രൂപയായി ഉയര്ന്നു. നടപ്പ് സാമ്പത്തിക വര്ഷം അത് 85,000 കോടി രൂപയോളമായി ഉയരുമെന്നാണ് പ്രതീക്ഷ. ഇത് മികച്ച നേട്ടമാണ്. കേരളം വളർച്ചയുടെയും, അഭിവൃദ്ധിയുടെയും പാതയിലേക്കു തിരിച്ചു വന്നിരിക്കുന്നു എന്ന് സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു, സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാനായി നടപ്പു സാമ്പത്തിക വർഷം വരുമാന വർദ്ധനവ് 85,000 കോടിയായി ഉയരും എന്നാണ് ബജറ്റിന്റെ തുടക്കത്തിൽ ധനമന്ത്രി സഭയെ അറിയിച്ചത്.
മെയ്ക്ക് ഇൻ കേരള
മെയ്ക്ക് ഇൻ കേരളയ്ക്കായി ബ്രഹത്തായ ഒരു പദ്ധതിയാകും നടപ്പിലാക്കുക. 1,000 കോടി രൂപയാണ് പദ്ധതികാലയളവിൽ മൊത്തത്തിൽ മാറ്റി വച്ചിരിക്കുന്നത്. ആദ്യഘട്ടമായി 100 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കി വച്ചത്. സംസ്ഥാനത്തെ ആഭ്യന്തര ഉല്പാദനവും, തൊഴിൽ, നിക്ഷേപക , സംരംഭക അവസരങ്ങളും വർധിപ്പിക്കാൻ സമഗ്രപദ്ധതി മെയ്ക്ക് ഇൻ കേരളയിൽ വികസിപ്പിച്ചു. 2021-22 കാലത്ത് 1,28,000 കോടി രൂപയുടെ ഉല്പന്നങ്ങളാണ് കേരളം ഇറക്കുമതി ചെയ്തത്. ഇതിൽ 92 ശതമാനവും അന്യ സംസ്ഥാനങ്ങളിൽ നിന്നുമായിരുന്നു. ഇക്കാലയളവിൽ കേരളത്തിന്റെ കയറ്റുമതി 74,000 കോടി മാത്രമായിരുന്നു.
ആഭ്യന്തരമായി ഉല്പാദിപ്പിക്കാൻ സാധിക്കുന്ന ഉത്പന്നങ്ങൾ ഏതൊക്കെയെന്നു കണ്ടെത്താൻ പഠനംനടത്തും. ഇതിനായി വ്യവസായ വകുപ്പും, മറ്റു വകുപ്പുകളും ചേർന്ന് വിപുലമായ പ്രായോഗിക പദ്ധതി രൂപീകരിക്കും. കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കേരളത്തിലെ കാർഷിക സ്റ്റാർട്ടപ്പുകൾക്കും മെയ്ക് ഇൻ കേരളയിലൂടെ പരമാവധി പിന്തുണ നൽകും. സംരംഭകർക്കുള്ള മൂലധനം കണ്ടെത്തുവാൻ പലിശയിളവ് അടക്കം സഹായം നൽകും.
റബ്ബർ കർഷകർക്ക് ആശ്വസിക്കാം
ക്ഷേമ പ്രൊജക്ടുകൾക്ക് 100 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഏറ്റവും മികച്ചക്ഷേമ വികസന പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നതിനായിട്ടാണീ വകയിരുത്തൽ. റബ്ബർ കൃഷി സബ്സിഡിക്കായി 600 കോടി വകയിരുത്തി. ഗ്രാഫീൻ എക്കോസിസ്റ്റവുമായി ബന്ധപ്പെട്ട വികസന ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ ഇന്നോവേഷൻ സെന്റർ ഫോർ ഗ്രാഫീന് 10 കോടി വകയിരുത്തി. 2023 മെയ് മാസത്തോടെ ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനം തുടങ്ങും. തിരുവനന്തപുരം ടെക്നോപാർക്കിൽ 1000 ചതുരശ്ര അടി സ്ഥലമാണ് ഒരുക്കുക. കണ്ണൂർ ഐടി പാർക്കിന്റെ നിർമ്മാണം ഈ വർഷമാരംഭിക്കും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മൈക്രോ ബയോം മികവിന്റെ കേന്ദ്രം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പ്രവർത്തനം തുടങ്ങുന്നതിലേക്കായി 10 കോടി രൂപ അനുവദിച്ചു.
വിഴിഞ്ഞത്തിന് വൻ വികസന സാദ്ധ്യതകൾ
വിഴിഞ്ഞം തുറമുഖത്തിന് വൻ വികസന സാധ്യതയുണ്ടെന്നാണ് ബഡ്ജറ്റിലൂടെ ധനമന്ത്രി ചൂണ്ടിക്കാട്ടി. 60000 കോടിയുടെ വികസനമാകും ആദ്യ ഘട്ടമായി വിഴിഞ്ഞതും, ചുട്ടവട്ടത്തുമായി നടക്കുക. വിഴിഞ്ഞത്തെ ദുബായ് മോഡൽ വാണിജ്യ നഗരമാക്കും. വിഴിഞ്ഞം നാവായിക്കുളം വരെയുള്ള ഔട്ടർ റിൻറോഡിനു ചുറ്റുമായി വ്യാവസായിക ഇടനാഴി രൂപം കൊല്ലും. ഇതിനായി 5000 കോടി ചെലവ് വരും. ഇതിനായി സ്ഥലമേറ്റെടുക്കാൻ കിഫ്ബിക്കു 1000 കോടി ബഡ്ജറ്റിൽ വകയിരുത്തി. വ്യവസായ ഇടനാഴിയുടെ ഇരുവശത്തും അധിവസിക്കുന്ന ജനങ്ങളെ കൂടി പങ്കാളികളാക്കി വ്യവസായ കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് സെന്ററുകൾ, ജനവാസകേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കും. കൊച്ചി പാലക്കാട് ഹൈടെക്ക് ഇടനാഴി വഴി 10,000 കോടിയുടെ വ്യവസായം വരും എന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ ഒന്നാം ഘട്ടമായി 200 കോടി വകയിരുത്തി.
വ്യാപാര, വ്യവസായമേഖലകൾക്കും പരിഗണന
വ്യവസായ മേഖലയ്ക്ക് 1,259 കോടി ആണ് മൊത്തത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വയം തൊഴിൽ സംരംഭക പദ്ധതികൾക്ക് 60 കോടി നൽകും. ന്യൂ എനർജി പാർക്ക് വിഭാഗത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളും, അനുബന്ധ ഘടകങ്ങളും നിർമിക്കുന്ന വ്യവസായ പാർക്കിനായി 10 കോടി രൂപ വകയിരുത്തി. ഗ്രീൻഹൈഡ്രജൻ ഹബ്ബിനു അനുകൂലമായ അന്തരീക്ഷം കേരളത്തിലുണ്ട്. കൊച്ചിയിലും, തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് സ്ഥാപിക്കാൻ 200 കോടിയുടെ പദ്ധതിയാണ് ബഡ്ജറ്റിലുള്ളത്. പ്രാരംഭമായി 20 കോടി രൂപ നീക്കിവച്ചു. കിഫ്ബിയുടെ പിന്തുണയോടെ ഒരു ഇവി ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിക്കും. ഇവി കൺസോർഷ്യം പ്രോജെക്ടിനായി 25 കോടി വകയിരുത്തി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തു നടക്കുന്ന വ്യാപാര മേളയുടെ മാതൃകയിൽ കേരളത്തിൽ ദേശീയ അന്തർദ്ദേശിയ നിലവാരത്തിൽ വ്യാപാര മേള സംഘടിപ്പിക്കും. കേരളത്തിലെ വ്യവസായികൾക്കും, സംരംഭകർക്കും തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദിയാകും. ഇതിനായി തിരുവനന്തപുരത്ത് സ്ഥിരം വേദി സൃഷ്ടിക്കാൻ 15 കോടി വകയിരുത്തി.
ഐടിയ്ക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്
ഐടി മേഖലയ്ക്കായി 559 കോടി നീക്കിവെച്ചു. ഐടി മേഖലയിൽ മേഖലയിൽ വർക്ക് നിയർ സംവിധാനം വികസിപ്പിക്കും. അടുത്ത 3 വർഷത്തിനിടെ ഒരു ലക്ഷം വർക്ക് നിയർ സീറ്റുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
1000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ സംവിധാനത്തിനായി 50 കോടി വകയിരുത്തി. ഐടി അനുബന്ധ വ്യസായങ്ങളിൽ ജീവനക്കാർക്ക് റിമോട്ട് തൊഴിൽ സംവിധാനമൊരുക്കുന്ന വ്യവസായങ്ങൾക്കായുള്ള കേന്ദ്രങ്ങൾ, വിദൂര ജോലി നൽകാൻ കഴിയുന്ന കേന്ദ്രങ്ങൾ, കോമൺ ഫെസിലിറ്റി കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കും. ഇതിന് അനുബന്ധമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിയും വിജയകരമാകുമെന്നാണ് പ്രതീക്ഷ. ഇതിനു 10 കോടി അനുവദിച്ചു.
സ്റ്റാർട്ടപ്പ് മിഷന് ശുഭപ്രതീക്ഷ
ടൂറിസം ഇടനാഴികൾക്കായി 50 കോടി വകയിരുത്തിയിട്ടുണ്ട്. ടൂറിസം, ദുരന്ത നിവാരണം ലക്ഷ്യമിട്ട് നോഫിൽ എയർസ്ട്രിപ്പുകളുടെ ശൃംഖലക്കായി പിപിപി മോഡലിൽ കമ്പനി രൂപീകരിക്കും.
ഇതിനായി 20 കോടി വകയിരുത്തി. സ്വകാര്യ വ്യവസായ പാർക്കുകൾക്കു 10 കോടി നൽകും. കേരള സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീക്ക് 260 കോടി. ശുചിത്വ മിഷന്റെ വിവിധ പ്രവർത്തനങ്ങൾ ക്കായി 25 കോടി, ശുചിത്വ കേരളം പദ്ധതിയ്ക്കു 22 കോടി എന്നിങ്ങനെയും നൽകിയിട്ടുണ്ട്.
ഊർജ്ജ, കാർഷിക മേഖലയ്ക്ക് നേട്ടം
ഊർജ്ജ മേഖലയ്ക്ക് 1,158 കോടി വകയിരുത്തി. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 7 കോടി. വിവിധ സൗരോർജ പദ്ധതികൾക്കു 10 കോടിയും, കെ-ഫോൺ പദ്ധതി നടപ്പാക്കാൻ 100 കോടി വകയിരുത്തിയിട്ടുണ്ട്. 971.71 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. ഇതിൽ 732.46 കോടി വിളപരിപാലനത്തിനായി മാറ്റി വയ്ക്കും. സ്മാർട്ട് കൃഷിഭവനുകൾ, കുട്ടനാട് കൃഷി വികസനം എന്നിവക്കും ബജറ്റിൽ വകയിരുത്തലുണ്ട്.
നെൽകൃഷി വികസനത്തിന് 95 കോടി വകയിരുത്തിയിട്ടുണ്ട്. സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിക്കായി 93.45 കോടി, ഫലവർഗ കൃഷി വികസനത്തിന് 18.92 കോടിയും വകയിരുത്തിയിട്ടുണ്ട്. മൃഗ സംരക്ഷണ ക്ഷീര വികസന പരിപാടികൾക്ക് 435.4 കോടി, മൽസ്യബന്ധന മേഖലയ്ക്ക് 321 കോടി,സീഫുഡ് പ്രോസസ്സിംഗ് പാർക്ക് നവീകരണത്തിന് 20 കോടി, തീരദേശ വികസനത്തിന് 115 കോടി , ഗ്രാമവികസന മേഖലയ്ക്ക് 6294.30 കോടി, ആരോഗ്യ മേഖലയ്ക്ക് 2,828 കോടി 361.15 കോടി, വിനോദസഞ്ചാര മേഖലയ്ക്ക് എന്നിങ്ങനെയാണ് വിവിധ വകുപ്പുകൾക്കുള്ള ബഡ്ജറ്റ് വകയിരുത്തൽ.
2023-24 സാമ്പത്തിക വർഷത്തെ റവന്യു വരവ് പ്രതീക്ഷ 135418.67 കോടിയും, റവന്യു കമ്മി പ്രതീക്ഷ 159360.91കോടിയും ആണ്. ധനകമ്മി പ്രതീക്ഷിക്കുന്നത് 23942.24 കോടി. പൊതുകടം 28552.79 കോടിയാകുമെന്നാണ് കണക്കുകൂട്ടൽ. ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന അധിക ചെലവ് 2640 കോടിയാണ്. നികുതി ഇളവുകൾ വെറും 50 കോടിയുടേതും. അധിക നികുതി സംഭരണ പ്രതീക്ഷയാകട്ടെ 2955 കോടിയും.
Some noteworthy development announcements are included in the third budget of the second Pinarayi government. However, the tax ideas put forth to raise an additional 2,955 crores in resources were such as to reduce its brilliance.