ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.07, സർവ്വകലാശാല വിദ്യാർത്ഥികളുടെ കമ്മ്യൂണിക്കേഷൻ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, അമേരിക്കയുടെ ആന്താരിസ് എന്ന സ്ഥാപനത്തിന്റെ ജാനസ് 01 എന്നിവ ഭ്രമണപഥത്തിലേക്ക്.

രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ച ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം തന്റെ രണ്ടാമത്തെ ഭാഗ്യം പരീക്ഷിക്കുകയാണ്. ഒപ്പം വാഹകനായ എസ്.എസ്.എൽ.വി ഡി – 2വും. വെള്ളിയാഴ്ച നടക്കുന്ന ചരിത്രപരമായ ദൗത്യത്തിൽ ആദ്യ പരീക്ഷണ ദൗത്യത്തിലെ പിഴവുകൾ തിരുത്തി ഐ.എസ്.ആർ.ഒ.യുടെ ചെറിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്.എസ്.എൽ.വി ഡി – 2 രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും.
കഴിഞ്ഞ വർഷം ആഗസ്റ്റ് 7നായിരുന്നു ആദ്യ വിക്ഷേപണം.137 കിലോഗ്രാമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ് 02, ‘സ്പേസ് കിഡ്സ് ഇന്ത്യ‘ വിദ്യാർത്ഥികൾ നിർമ്മിച്ച ‘ആസാദി സാറ്റ്‘ എന്നിവയാണ് അന്ന് ഇന്ത്യക്കു നഷ്ടമായത്.


പൂർത്തിയാകാത്ത ആദ്യ ദൗത്യത്തിന്റെ പിഴവുകൾ ആറുമാസത്തിനകം തിരുത്തി വീണ്ടും വിക്ഷേപിക്കുന്നത് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ ആദ്യമാണ്. വെള്ളിയാഴ്ച്ച നടക്കുന്ന ,വിക്ഷേപണത്തിൽ ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.07, സർവ്വകലാശാല വിദ്യാർത്ഥികളുടെ കമ്മ്യൂണിക്കേഷൻ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, അമേരിക്കയുടെ ആന്താരിസ് എന്ന സ്ഥാപനത്തിന്റെ ചെറിയ ഉപഗ്രഹം ജാനസ് 01എന്നിവ ഭൂമിയിൽ നിന്ന് 450കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ വിക്ഷേപിക്കുകയാണ് ദൗത്യം. ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 334കിലോഗ്രാം ആണ് ഇ.ഒ.എസ്.07ന് 200കിലോ. മറ്റ് രണ്ടിനും കൂടി 134കിലോ.എന്നിങ്ങനെയാണ് മൊത്തം ഭാരം.
രണ്ടാം വിക്ഷേപണം വിജയിച്ചാൽ ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ തിളങ്ങും.
എസ്.എസ്.എൽ.വി റോക്കറ്റിന്റെ മൂന്ന് ഘട്ടങ്ങളിലും ഖര ഇന്ധനമാണ്. ദൗത്യം വിജയിച്ചാൽ ഇനിയുള്ള നിർമ്മാണവും വിക്ഷേപണവും ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ഏറ്റെടുക്കും. പിന്നീട് സ്വകാര്യമേഖലയിൽ റോക്കറ്റ് നിർമ്മിക്കും. ഇനി ഈ വിക്ഷേപണ റോക്കറ്റുകളായിരിക്കും വിവിധ സ്വകാര്യ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുക .എസ്എസ്എൽവി റോക്കറ്റ് വരുന്നതോടെ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണച്ചുമതലയിൽ നിന്ന് പി എസ്എൽവി ഒഴിവാകും. ഉപയോക്താക്കളിൽ നിന്ന് ഓർഡർ ലഭിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിക്ഷേപണം നടത്താമെന്നത്ത് എസ് എസ്എൽവിയുടെ മറ്റൊരു സവിശേഷതയാണ്. വലിയ സാധ്യതയുള്ള ചെറുകിട ഉപഗ്രഹവിപണിയിൽ ശക്തസാന്നിധ്യമാകാൻ ഇത് ഐഎസ് ആർഒയ്ക്ക് കരുത്തു നൽകും.

- പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്ക് ശേഷമാണ് ഐ.എസ്.ആർ.ഒ.ഹ്രസ്വ ദൂര റോക്കറ്റ് നിർമ്മിക്കുന്നത്.
- 10 മുതൽ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ വരെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാനുള്ള റോക്കറ്റാണിത്.
- പി.എസ്.എൽ.വി.വിക്ഷേപണത്തിന് ഒരുക്കാൻ ഒന്നരമാസം വേണം.
- എസ്.എസ്.എൽ.വി.ക്ക് ഒരാഴ്ച മതി. ചെലവ് കുറവും ലാഭം കൂടുതലുമാണ്
എന്തുകൊണ്ട് എസ്എസ്എല്‍വി ഡി – 2
ഉപഗ്രഹങ്ങള്‍ മുമ്പത്തേതിനേക്കാള്‍ വേഗത്തില്‍ വിക്ഷേപിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് എസ്എസ്എല്‍വി ഡി – 2 വികസിപ്പിച്ചിരിക്കുന്നത്. വിക്ഷേപണത്തിനായി ഒരു റോക്കറ്റ് തയ്യാറാകുന്ന ടേണ്‍ എറൗണ്ട് ടൈം എസ്എസ്എല്‍വിക്ക് കുറവാണ്. ഒരു വിക്ഷേപണം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ എസ്എസ്എല്‍വി ലോഞ്ച് പാഡിലേക്ക് മാറ്റാം. എന്നാല്‍ പിഎസ്എല്‍വിക്ക് പുതിയൊരു വിക്ഷേപണത്തിന് തയ്യാറാകാന്‍ രണ്ട് മാസം സമയം വേണം. ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കിയത്. പിഎസ്എൽവിയുടെ കാര്യത്തിൽ വാഹനം വിക്ഷേപണ സജ്ജമാകാൻ 40 ദിവസമെങ്കിലും വേണം.
ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും

ആദ്യ ദൗത്യത്തിൽ സംഭവിച്ചതെന്ത്.
ആദ്യ വിക്ഷേപണത്തിലെ ഇന്ധനക്ഷമത,റോക്കറ്റ് ഘട്ടങ്ങളുടെ വേർപെടലുകൾ,ഗതിനിർണയ സംവിധാനം, സോഫ്റ്റ് വെയർ, ഉപഗ്രഹങ്ങളുടെ പുറംതള്ളൽ തുടങ്ങിയവയെല്ലാം വിലയിരുത്തി. റോക്കറ്റിന്റെ മൂന്നാം സ്റ്റേജിലുണ്ടായ കുലുക്കവും അതുമൂലം ഗതി നിയന്ത്രണ സംവിധാനത്തിലുണ്ടായ മാറ്റവുമാണ് അന്ന് ആദ്യ ദൗത്യം പരാജയപ്പെടാൻ കാരണം.ഓഗസ്റ്റിലെ വിക്ഷേപണ വേളയിൽ SSLV-D1 വഹിച്ചിരുന്ന ഉപഗ്രഹങ്ങൾ വളരെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയിരുന്നു , എന്നാൽ അവയുടെ വേഗതയിലുണ്ടായ കുറവ് കാരണം ഭ്രമണപഥങ്ങൾ ഉടൻ തന്നെ ഇല്ലാതാകുകയും ഉപഗ്രഹങ്ങളെ ഉപയോഗശൂന്യമാക്കുകയും ചെയ്തു.

ആദ്യത്തെ മൂന്ന് സോളിഡ് സ്റ്റേജുകൾകാര്യക്ഷമമായി പ്രവർത്തിച്ചിട്ടും പരാജയമുണ്ടായി. ഇതെല്ലാം പരിഹരിച്ചാണ് രണ്ടാം വിക്ഷേപണം.
ആസാദി സാറ്റ് സ്പേസ് കിഡ്സിന്റെത്
രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്പേസ് കിഡ്സിന്റെ നേതൃത്വത്തില്‍ ഈ ഉപഗ്രഹനിര്മാണത്തില് പങ്കാളികളായവരില്‍ കേരളത്തിലെ മങ്കട, ചേരിയം ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉൾപ്പെടുന്നു. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരം. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തും. പെണ്‍കുട്ടികളില്‍ ശാസ്ത്ര ഗവേഷണാഭിരുചി വളര്‍ത്തുകയെന്നത് ലക്ഷ്യമിട്ടാണ് ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹത്തെ എസ്.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിക്കുന്നത്.
ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് ഈ വാഹനം. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും. മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ന്റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.