ഉത്തർപ്രദേശിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.
ലഖ്നൗവിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023ൽ ആയിരുന്നു അംബാനിയുടെ പ്രഖ്യാപനം. ഈ പുതിയ നിക്ഷേപം യുപിയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.
ജിയോ, റിലയൻസ് റീട്ടെയ്ൽ, റിന്യൂവബിൾ ബിസിനസ്സുകളിലായിട്ടാണ് അടുത്ത നാല് വർഷത്തിനുള്ളിൽ നിക്ഷേപം നടത്തുക.
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റാൻ വ്യവസായ സമൂഹത്തിന് ഒരുമിച്ച് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 2023 ഡിസംബറോടെ, യുപിയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ജിയോ 5G അവതരിപ്പിക്കുമെന്ന് അംബാനി പറഞ്ഞു. ഉത്തർപ്രദേശിൽ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ കപ്പാസിറ്റി റിലയൻസ് സ്ഥാപിക്കും, ബയോ എനർജി ബിസിനസ്സ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും എത്തിക്കുന്നതിനായി റിലയൻസിന്റെ രണ്ട് സംരംഭങ്ങളായ ജിയോ സ്കൂൾ, ജിയോ എഐ ഡോക്ടർ എന്നിവ പൈലറ്റ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അംബാനി പറഞ്ഞു.
കൂടാതെ, റിലയൻസ് റീട്ടെയിൽ യുപിയിലെ ആയിരക്കണക്കിന് കിരാനകളിലും ചെറുകിട സ്റ്റോറുകളിലും പ്രവർത്തിച്ച് കൊണ്ട് അവരെ കൂടുതൽ വളരാനും കൂടുതൽ സമ്പാദിക്കാനും പ്രാപ്തരാക്കുകയും ചെയ്യും. യുപിയിൽ നിന്നുള്ള കാർഷിക, കാർഷികേതര ഉൽപന്നങ്ങളുടെ വിശാലമായ വിപണനത്തിന് വഴിയൊരുക്കും. ഇത് കർഷകർ, പ്രാദേശിക കരകൗശല തൊഴിലാളികൾ, എംഎസ്എംഇകൾ, കൂടാതെ യുപിയിലെ വിതരണ ശൃംഖലക്കും പ്രയോജനം ചെയ്യും, അംബാനി പറഞ്ഞു.

2018ൽ റിലയൻസ് യുപിയിൽ യാത്ര തുടങ്ങുന്ന സമയത്താണ് താൻ അവസാനമായി ഉച്ചകോടിയിൽ പങ്കെടുത്തതെന്ന് അംബാനി പറഞ്ഞു. അതിനുശേഷം യുപിയിൽ കമ്പനി 50,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും റിലയൻസിന്റെ നിക്ഷേപം സംസ്ഥാനത്ത് പ്രത്യക്ഷമായും പരോക്ഷമായും 80,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.