- 250 എയർ ബസുകൾ ഇന്ത്യയിലേക്ക്
- സ്വകാര്യ മേഖലയിൽ PSLV റോക്കറ്റ് നിർമ്മാണത്തിനും HAL
- എയ്റോ ഇന്ത്യയിൽ എച്ച് എ എല്ലിന് തിളക്കം
- 2023 – 24 ലെ ബഡ്ജറ്റിൽ പ്രതിരോധത്തിന് 5.94 ലക്ഷം കോടി
ഇന്ത്യയുടെ മെയ്ക്ക് ഇൻ യുദ്ധ വിമാനമായ തേജസിന് (Tejas) 50,000 കോടി രൂപയുടെ കയറ്റുമതിക്ക് കൂടി ഓർഡർ ലഭിക്കും. എയ്റൊ ഇന്ത്യ (Aero India) 2023 ലാണ് ഇന്ത്യക്ക് ഈ നേട്ടം.
തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും നേരത്തേ ലഭിച്ച 84,000 കോടിയുടെ ഓർഡറിന് പുറമെയാണിത്. അർജന്റീന പതിനഞ്ചും ഈജിപ്ത് ഇരുപതും തേജസ് വിമാനങ്ങൾ വാങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ആദ്യ തേജസ് കൈമാറും. 2025ൽ16 വിമാനങ്ങൾ കൈമാറുകയാണ് ലക്ഷ്യം.
ഐ.എസ് ആർ ഒക്കു വേണ്ടി HAL സ്വകാര്യ പങ്കാളിത്തത്തോടെ PSLV റോക്കറ്റും നിർമ്മിക്കും. സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണിത്.
അതെ സമയം വിമാനനിർമ്മാണക്കമ്പനിയായ എയർബസിൽ നിന്ന് 250 പുത്തൻ വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ.
ഇത് ഇന്ത്യയുടെ വ്യോമ ഗതാഗത ശേഷി വർധിപ്പിക്കും.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) തദ്ദേശീയമായി നിർമ്മിക്കുന്ന ലഘു യുദ്ധ വിമാനമായ തേജസ്സിനായി താത്പര്യം അറിയിച്ച മലേഷ്യയുമായും ഫിലിപ്പീൻസുമായും ചർച്ച പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളിൽ ഓർഡറുകൾ ഉറപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് HAL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി.ബി. അനന്തകൃഷ്ണൻ, എയ്റോ ഇന്ത്യ 2023 പ്രദർശന നഗറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലൈറ്റ് യൂട്ടിലിറ്റി വിഭാഗത്തിൽപ്പെട്ട 12 ഹെലികോപ്റ്ററുകൾക്കും എച്ച് എ എല്ലിന് ഓർഡർ ലഭിച്ചിട്ടുണ്ട്. കരസേനയും വ്യോമസേനയും ആറുവീതം ഹെലികോപ്റ്ററുകൾക്കാണ് ഓർഡർ നൽകിയത്. തുംകൂറിലെ യൂണിറ്റിൽ അവയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.
PSLV റോക്കറ്റും നിർമ്മിക്കും
ഐ.എസ്.ആർ.ഒയ്ക്ക് വേണ്ടി PSLV റോക്കറ്റ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ അഞ്ചു റോക്കറ്റുകൾ നിർമ്മിക്കുന്നതാണ് എച്ച്.എ.എല്ലിന്റെ മറ്റൊരു വമ്പൻ പദ്ധതി.
ഇന്ത്യയുടെ ബഡ്ജറ്റിൽ ഏറ്റവും കൂടുതൽ തുകനീക്കിവയ്ക്കുന്ന മേഖലയിൽ മുൻപന്തിയിലാണ് പ്രതിരോധരംഗം. 2023 – 24 ലെ ബഡ്ജറ്റിൽ 5.94 ലക്ഷം കോടിയാണ് പ്രതിരോധരംഗത്തിന് അനുവദിച്ചത്. 2022 – 23ൽ ഇത് 5.25 ലക്ഷം കോടിയായിരുന്നു.
ഡിഫൻസിൽ ഇന്ത്യയുടെ ഭാവി
ഭാവിയിൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുക ഡിഫൻസ് വകുപ്പായിരിക്കുമെന്ന് പ്രവചിക്കാവുന്ന രീതിയിലുമാണ് കാര്യങ്ങൾ. ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 12,500 കോടി കവിഞ്ഞെന്നും 2024-25ൽ ഇത് 40,000 കോടിയിലെത്തുമെന്നും പ്രധാനമന്ത്രിമോദി ബംഗളൂരുവിൽ എയ്റോ ഇന്ത്യ 2023 പ്രദർശനം ഉദ്ഘാടനം ചെയ്ത് പറയുകയുണ്ടായി. വിവിധ രാജ്യങ്ങളിലെ പ്രതിരോധ സ്ഥാപനങ്ങളുമായി 75,000 കോടിയുടെ നിക്ഷേപകരാർ ഇന്ത്യ പ്രതീക്ഷിക്കുന്നു. പ്രതിരോധരംഗത്ത് ഏറ്റവും വലിയ ഇറക്കുമതി രാജ്യമായിരുന്നു ഒമ്പതുവർഷം മുമ്പ് വരെ ഇന്ത്യ. എന്നാലിന്ന് 75 രാജ്യങ്ങളിലേക്ക് പ്രതിരോധസാമഗ്രികൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നു. പ്രതിരോധരംഗത്തിന്റെ വിപുലമായ വ്യവസായ സാദ്ധ്യതയാണ് ഇത് തുറന്നിടുന്നത്. സ്വകാര്യ മേഖലയേയും ഇതിൽ പങ്കാളികളാക്കുന്നത് ഏറ്റവും വലിയ മാറ്റമാണ്. വിമാനവാഹിനി കപ്പൽ INS വിക്രാന്ത്, തേജസ് ഫൈറ്റർ, ഹെലികോപ്ടർ എന്നിവ ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച് ഇന്ത്യ കരുത്ത് തെളിയിച്ചിട്ടുണ്ട്. വിമാനവാഹിനി കപ്പൽ പൂർണമായും നിർമ്മിച്ചത് കൊച്ചിൻ ഷിപ്പ്യാർഡിലാണ്.
എയർ ബസിന്റെ 250 വിമാനങ്ങൾ ഇന്ത്യയിലേക്ക്
ഫ്രഞ്ച് വിമാനനിർമ്മാണക്കമ്പനിയായ എയർബസിൽ നിന്ന് 250 പുത്തൻ വിമാനങ്ങൾ വാങ്ങുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ തുടങ്ങിയവരും സംബന്ധിച്ച ഓൺലൈൻ യോഗത്തിൽ ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എയർബസുമായി കഴിഞ്ഞയാഴ്ച കരാറൊപ്പിട്ടെന്നാണ് സൂചന. കരാർതുക അദ്ദേഹം വെളിപ്പെടുത്തിയില്ല. കരാർ യഥാർത്ഥ്യമായാൽ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഓർഡറായിരിക്കും എയർ ഇന്ത്യയുടേത്. മുമ്പ് അമേരിക്കൻ എയർലൈൻസ് ഒറ്റ ഓർഡറായി 460 വിമാനങ്ങൾ വാങ്ങിയതാണ് റെക്കോർഡ്.
40 വൈഡ്-ബോഡി എ350ശ്രേണി വിമാനങ്ങളും 210 നാരോ-ബോഡി വിമാനങ്ങളുമാണ് എയർബസിൽ നിന്ന് വാങ്ങുക. എയർബസ്, ബോയിംഗ് എന്നിവയിൽ നിന്ന് 10,000 കോടി ഡോളർ (ഏകദേശം 8.2 ലക്ഷം കോടി രൂപ) വിലമതിക്കുന്ന 500 പുത്തൻ വിമാനങ്ങൾ എയർഇന്ത്യ വാങ്ങുമെന്ന് കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
വൈഡ്-ബോഡി വിമാനങ്ങൾ വടക്കേ അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ പുതിയ ദീർഘദൂര റൂട്ടുകളിലേക്കും നാരോ-ബോഡി വിമാനങ്ങൾ ആഭ്യന്തരസർവീസുകൾക്കും ഉപയോഗിക്കാനാണ് എയർഇന്ത്യ ഉദ്ദേശിക്കുന്നത്. വിപണിവിഹിതം അടുത്ത അഞ്ചുവർഷത്തിനകം 30 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞവർഷം ജനുവരിയിലാണ് കേന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് എയർഇന്ത്യയെ ടാറ്റ സ്വന്തമാക്കിയത്.
India’s make-in fighter jet, Tejas, will get an export order worth Rs 50,000 crore. This is in addition to the Rs 84,000 crore order already received from foreign countries for Tejas aircraft. Argentina 15 and Egypt 20 have expressed interest in buying Tejas. The first Tejas will be delivered in February 2024. The target is to deliver 16 aircraft by 2025.