യൂറോപ്യൻ ഷോർട്ട്സീ ഷിപ്പിംഗ് വിപണിയിലേക്ക് അഭിമാനത്തോടെ പ്രവേശിച്ചിരിക്കുകയാണ് കൊച്ചിൻ ഷിപ്പ്യാർഡ് CSL.
ജർമ്മൻ ഷിപ്പിംഗ് കമ്പനിയായ എച്ച്എസ് ഷിഫാർട്ട്സ് groupiനായി(HS Schiffahrts Gruppe ) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധോദ്ദേശ്യ കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തു.
ജർമ്മനിയിലെക്കുള്ള ആറ് എച്ച്എസ് ഇക്കോ ഫ്രെയ്റ്റർ 7000 ഡിഡബ്ല്യുടി മൾട്ടി പർപ്പസ് വെസലുകളുടെ നിർമാണമാണ് കൊച്ചിൻ ഷിപ്പ് യാർഡ് നടത്തുക. മൾട്ടി പർപ്പസ് വെസലുകളുടെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്ന സ്റ്റീൽ കട്ടിംഗ് ചടങ്ങ് തിങ്കളാഴ്ച സിഎസ്എല്ലിൽ നടന്നു.
നിർമാണം കഴിഞ്ഞു നീറ്റിലിറങ്ങുന്ന ഈ കപ്പലുകൾ വടക്കൻ കടൽ തുറമുഖങ്ങളിൽ നിന്ന് തെക്കൻ മെഡിറ്ററേനിയൻ തുറമുഖങ്ങളിലേക്കുള്ള ലോജിസ്റ്റിക് ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറും.
പോർച്ചുഗലിന്റെ പതാകയുള്ള ഡിഎൻവി ക്ലാസിഫിക്കേഷനു കീഴിലാണ് 7,000 ടൺ വഹിക്കാനുള്ള ശേഷിയുള്ള കപ്പലുകൾ നിർമ്മിക്കുന്നത്.
സ്റ്റീൽ കട്ടിംഗ് ചടങ്ങിൽ HS Schiffahrts Gruppe മാനേജിംഗ് ഡയറക്ടർമാരായ Heino Schepers, Hans-Bernd എന്നിവരും CSL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായരും കപ്പൽശാലയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇരുപത് വർഷത്തിലേറെയായി, നോർവേ, യുഎസ്, ജർമ്മനി, നെതർലാൻഡ്സ്, ഡെൻമാർക്ക്, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് മികച്ച നിലവാരമുള്ള കപ്പലുകൾ എത്തിച്ച് അന്താരാഷ്ട്ര തലത്തിൽ കപ്പൽനിർമ്മാണത്തിൽ പ്രശസ്തി പിടിച്ചു പറ്റിയ സ്ഥാപനമാണ് CSL .
പടിഞ്ഞാറൻ യൂറോപ്പിൽ ഹൈ-എൻഡ് ഓഫ്ഷോർ സപ്പോർട്ട് വെസലുകൾ നിർമ്മിക്കുന്നതിൽ സ്ഥാപിതമായ ട്രാക്ക് റെക്കോർഡും, സീറോ എമിഷൻ ഓട്ടോണമസ് കാർഗോ ഫെറികൾ നിർമിച്ചു നോർവേക്ക് കൈമാറിയതും കണക്കിലെടുത്താണ് CSLന് ഈ അംഗീകാരം.
വാണിജ്യ വിപണിയിൽ മാത്രമല്ല, പ്രതിരോധ കപ്പൽ നിർമാണത്തിലും സിഎസ്എൽ സജീവമാണ്. അടുത്തിടെയാണ് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനമായ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത്, ഇന്ത്യൻ നാവികസേനയ്ക്കായി എട്ട് ആന്റി-അന്തർവാഹിനി കോർവെറ്റുകൾ എന്നിവയും വിതരണം ചെയ്തു.