വാതുവയ്പ്പിലും പന്തയത്തിലും ഏർപ്പെട്ടിരിക്കുന്ന ഓൺലൈൻ ഗെയിമുകളെ നിരോധിക്കാൻ കേന്ദ്രം. ഇത്തരം ഗെയിമുകൾ കണ്ടെത്തി നിരോധിക്കാനും, അതിനായി ഒന്നിലധികം സ്വയം-നിയന്ത്രണ സംഘടനകളുടെ ചട്ടക്കൂട് രൂപീകരിച്ചും ഓൺലൈൻ ഗെയിമിംഗിനായുള്ള പുതിയ നിയമങ്ങൾ കേന്ദ്ര സർക്കാർ വ്യാഴാഴ്ച പുറത്തിറക്കി.
വാതുവെപ്പിൽ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളെ പുതിയ ഓൺലൈൻ ഗെയിമിംഗ് നിയമങ്ങൾ കർശനമായി നേരിടുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എല്ലാ ഓൺലൈൻ ഗെയിമുകളും അനുവദനീയമാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ എല്ലാ മേഖലകളിൽ നിന്നും പങ്കാളിത്തമുള്ള ഒന്നിലധികം സ്വയം-നിയന്ത്രണ ഓർഗനൈസേഷനുകൾ (എസ്ആർഒ) ഉണ്ടാകും.
- പണം ശേഖരിക്കുന്ന ഓൺലൈൻ ഗെയിമുകൾ കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
- ഓൺലൈൻ ഗെയിമിംഗിനായുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറങ്ങും.
- പരിശോധന മാനദണ്ഡങ്ങൾ സർക്കാർ എസ്ആർഒയെ അറിയിക്കും. അതൊരു സ്വതന്ത്ര സ്ഥാപനമായിരിക്കും.

സർക്കാരുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് തടയിടുവാനായി ഫാക്ട് ചെക്കർ ആയി ഒരു സ്ഥാപനത്തെ ഐടി മന്ത്രാലയം നിയോഗിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
“MeitY മുഖേന ഒരു സ്ഥാപനത്തെ നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചു, ആ ഓർഗനൈസേഷൻ ഓൺലൈനിലെ സർക്കാരുമായി ബന്ധപ്പെട്ടവ ഉള്ളടക്കത്തിന്റെ എല്ലാ വശങ്ങളുടെയും വസ്തുത പരിശോധിക്കും” ചന്ദ്രശേഖർ പറഞ്ഞു.
ഓൺലൈൻ ഗെയിമിംങ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്, ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) റൂൾസ്, 2021-ലെ ഭേദഗതികൾ നോട്ടിഫൈ ചെയ്തതായി MeitY (ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം) അറിയിച്ചു.

ഓൺലൈൻ ഗെയിമിംഗ് നിയമങ്ങളിലൂടെ റെഗുലേറ്ററി വ്യക്തത കൊണ്ടുവന്നതിന് MeitY-യെ ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗിന്റെ പരമോന്നത സ്ഥാപനമായ ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷൻ (AIGF) അഭിനന്ദിച്ചു.