അതെ. യാഥാർഥ്യത്തിലേക്കെത്തിച്ച ഒരു സംരംഭക വർഷം ഫലപ്രാപ്തിയിലേക്കെത്തിയിരിക്കുന്നു.
കേരള ചരിത്രത്തിൽ തന്നെ ഒരു സാമ്പത്തികവർഷം ഏറ്റവുമധികം സംരംഭങ്ങളാരംഭിച്ചുകൊണ്ട്, ഏറ്റവുമധികം തൊഴിലുകൾ സൃഷ്ടിച്ചുകൊണ്ട് സംരംഭക വർഷം പദ്ധതിയുടെ സുപ്രധാനഘട്ടം അവസാനിച്ചിരിക്കുകയാണ്.
ഇപ്പോളിതാ ആരംഭിച്ച സംരംഭങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് പിന്തുണയും കരുത്തും നൽകുകയാണ് സർക്കാർ.
ഇനി കഴിഞ്ഞ സംരംഭക വർഷം തുടങ്ങി വച്ചതും ഇനി തുടങ്ങാൻ പോകുന്നതുമായ നിങ്ങളുടെ സംരംഭം ചുവപ്പു നാടയിൽ കുരുങ്ങി പോയോ? നിങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിൽ നിന്നും തക്ക സമയത്തു നീതി ലഭിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ? അത് കാരണം നിങ്ങളുടെ സംരംഭം വൈകികൂടാ എന്ന ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയൊരു നിയമം പാസാക്കി, ചട്ടങ്ങൾ രൂപീകരിച്ചു സംരംഭകർക്ക് സുരക്ഷയൊരുക്കുന്നത്.
ആരംഭിച്ചിട്ടുണ്ട് സിവിൽ കോടതി അധികാരത്തിൽ പുതിയ പരാതി പരിഹാര കമ്മിറ്റികൾ grivanceredressal.industry.kerala.gov.in
സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വിവിധ തലങ്ങളിലെ നടപടിക്രമങ്ങളിൽ ചില കുരുക്കുകൾ കാരണം ഇപ്പോളും പരാതികൾ നിരന്തരം ഉയർന്നു വരുന്നുണ്ട്.
ഒരു ലക്ഷത്തിലധികം സംരംഭകർ സംരംഭങ്ങളാരംഭിക്കുമ്പോൾ, കൂടുതലാളുകൾ സംരംഭകത്വത്തിലേക്ക് കടന്നുവരുമ്പോൾ പരാതികൾ ഉണ്ടാവുക സ്വാഭാവികമാണ്. ഒരു സംരംഭം ആരംഭിക്കുമ്പോളോ, അത് നടത്തികൊണ്ട് പോകുമ്പോളോ ഉണ്ടാകുന്ന തടസ്സസങ്ങൾക്ക് ഇനി ആർക്കാണ് പരാതി നല്കേണ്ടതെന്നറിയാതെ സംരംഭകർ അലയേണ്ടതില്ല. കളക്ടർ ഓഫീസും, മന്ത്രി ഓഫീസും കയറി ഇറങ്ങേണ്ട. ഇത്തരം പരാതികൾ തീർപ്പാക്കുന്നതിനായി ശക്തമായ ഒരു പ്രശ്നപരിഹാര സംവിധാനം വ്യവസായവകുപ്പ് ഒരുക്കിയിരിക്കുകയാണ്. സംസ്ഥാന-ജില്ലാ തല പരാതി പരിഹാര കമ്മിറ്റികൾക്കാണ് വ്യവസായ വകുപ്പ് രൂപം നൽകിയിരിക്കുന്നത്.
ജില്ലാ തലത്തിൽ ജില്ലാ കളക്ടർ കൺവീനറും, സംസ്ഥാന തലത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായും കമ്മിറ്റികൾ പ്രവർത്തിക്കും.
10 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങളെ സംബന്ധിച്ച പരാതികൾ സംരംഭകർ ജില്ലാ കമ്മിറ്റികൾക്കും, അതിനു മുകളിൽ മൂലധനമുള്ള സംരംഭങ്ങൾ സംസ്ഥാനതല കമ്മിറ്റിക്കുമാണ് നൽകേണ്ടത്. ഓൺലൈൻ ആയിട്ടാണ് പരാതി നൽകേണ്ടത്. grivanceredressal.industry.kerala.gov.in എന്ന മെയ്ലിലേക്കാണ് പരാതി അയക്കേണ്ടത്. ലഭിക്കുന്ന പരാതിയിൽ 30 ദിവസത്തിനകം തീർപ്പുണ്ടായിരിക്കണം.
പരാതികൾ നേരിട്ട് സ്വീകരിക്കുന്ന കമ്മിറ്റികൾക്ക് വിചാരണ നടത്തുവാനും, പരിശോധന നടത്തുവാനും സിവിൽ കോടതികളുടെ അധികാരം നിയമം ഉറപ്പാക്കിയിട്ടുണ്ട്. ഏതു വകുപ്പിലെ ഉദ്യോഗസ്ഥനെയും, ഏതു രേഖയും, ഏതു ഫയലും കമ്മിറ്റിക്ക് വിളിച്ചു വരുത്താം, വിചാരണ ചെയ്യാം. കമ്മിറ്റി എടുക്കുന്ന തീരുമാനം ഉദ്യോഗസ്ഥർ 15 ദിവസത്തിനകം നടപ്പാക്കിയിരിക്കണം. അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് 250 രൂപ മുതൽ 10000 രൂപ വരെ പിഴയീടാക്കാനുള്ള അധികാരമുണ്ട് കമ്മിറ്റിക്ക്. കൂടാതെ ആ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾക്ക് ശുപാർശ ചെയ്യുവാനും കമ്മിറ്റിക്കു അധികാരമുണ്ടായിരിക്കും.
ജില്ലാ കമ്മിറ്റികൾ പരാതി തീർപ്പാക്കിയില്ലെങ്കിൽ ഓട്ടോമാറ്റിക്കായി സംസ്ഥാന കമ്മിറ്റി മുമ്പാകെ ആ പരാതിയെത്തും. അവിടെ നിർബന്ധമായും പരാതി പരിഹരിച്ചിരിക്കും.
സംരംഭങ്ങൾ വളർന്ന കേരളം
2019-20ൽ 13,695 സംരംഭങ്ങളും 2020-21ൽ 11,540 സംരംഭങ്ങളും ആരംഭിച്ച കേരളത്തിൽ 2022-23 സംരംഭക വർഷത്തിൽ ആരംഭിച്ചിരിക്കുന്നത് 139828 സംരംഭങ്ങൾ. പത്തിരട്ടിയോളം സംരംഭങ്ങൾ ഒരു വർഷത്തിനുള്ളിൽ ആരംഭിക്കാനും രാജ്യത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കാനും നമുക്ക് സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചിരിക്കുന്നു. 299932 തൊഴിലുകൾ നൽകിക്കൊണ്ട് 8417 കോടി നിക്ഷേപമാകർഷിച്ചുകൊണ്ട് രാജ്യത്തെ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസെന്ന അംഗീകാരം നേടിക്കൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം അവസാനിച്ചിരിക്കുന്നത്.
വ്യവസായ മന്ത്രി പി രാജീവ് ഇങ്ങനെ കുറിക്കുന്നു
“സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് നമ്മുടെ സംരംഭക വർഷം പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമവും കൊച്ചിയിൽ സംഘടിപ്പിക്കുകയുണ്ടായി. സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ സംരംഭകരിൽ ഉണ്ടായിരിക്കുന്ന ഈ വിശ്വാസം കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് സർക്കാരിന് മുന്നിലുള്ളത്. ഇതിനായി ഇപ്പോൾ സംരംഭങ്ങൾ ആരംഭിച്ചവർക്ക് സ്കെയിൽ അപ്പിനായുള്ള പദ്ധതിയും സർക്കാർ നടപ്പിലാക്കുകയാണ്. നിലവിൽ ഇന്ത്യയിൽ തന്നെ ആരംഭിക്കുന്ന 100 സംരംഭങ്ങളിൽ 30 സംരംഭങ്ങൾ പൂട്ടിപ്പോകുന്നുണ്ടെന്നിരിക്കെ ഇതിൽ കുറവ് വരുത്തി, സംരംഭകരെ ചേർത്തുപിടിച്ച് സർക്കാർ മുന്നോട്ടുപോകും”.