കടബാധ്യതയിൽ തകർന്ന ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ്, ഒരു റെസല്യൂഷൻ പ്ലാൻ സമർപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന അപേക്ഷകരുടെ ഒരു താൽക്കാലിക ലിസ്റ്റ് പുറത്തിറക്കി.
റിലയൻസ് റീട്ടെയിൽ, WH Smith, JC Flowers ARC,സഹാറ എന്റർപ്രൈസസ് എന്നിവയടക്കം 49 കമ്പനികൾ ഫ്യൂച്ചർ റീട്ടെയിലിനു വേണ്ടി രംഗത്തെത്തി. ഗോർഡൻ ബ്രദേഴ്സിന്റെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര കൺസോർഷ്യവും ജിൻഡാൽ പവറും ഫ്യൂച്ചർ റീട്ടെയിലിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരികൾ 4.17 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി.

വായ്പാ ദാതാക്കൾ ഫ്യൂച്ചർ റീട്ടെയിലിൽ നിന്ന് 21,057 കോടി രൂപയും ഓപ്പറേഷണൽ ക്രഡിറ്റേഴ്സ് 265 കോടി രൂപയും ക്ലെയിം ചെയ്തിട്ടുണ്ട്.
ഫ്യൂച്ചർ എന്റർപ്രൈസസ് റീട്ടെയിൽ, മൊത്തവ്യാപാരം, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 19 ഗ്രൂപ്പ് കമ്പനികളടങ്ങുന്നതാണ്.
2020 ഓഗസ്റ്റിൽ പ്രഖ്യാപിച്ച 24,713 കോടി രൂപയുടെ ഇടപാടിന്റെ ഭാഗമായി മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതായിരുന്നു ഫ്യൂച്ചർ എന്റർപ്രൈസസ്. കഴിഞ്ഞ വർഷം ഏപ്രിലിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഈ കരാർ പിൻവലിച്ചിരുന്നു.

ഫ്യൂച്ചർ ഗ്രൂപ്പിന് ബിഗ് ബസാർ ബ്രാൻഡിന് കീഴിൽ വലുതും ചെറുതുമായ ഫോർമാറ്റ് സ്റ്റോറുകൾ ഉണ്ട്. കമ്പനിക്ക് 100% സബ്സിഡിയറിയായ സ്ഥാപനത്തിന് WH സ്മിത്ത് ബ്രാൻഡിന് കീഴിൽ ഏകദേശം 100 സ്റ്റോറുകളുണ്ട്. ഫുഡ്ഹാൾ ബ്രാൻഡ് സ്റ്റോറുകളും കമ്പനിക്ക് സ്വന്തമാണ്.

കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനും ഡയറക്ടറുമായ കിഷോർ ബിയാനി രാജി പിൻവലിച്ചതായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. നിലവിൽ പാപ്പരത്വ നടപടികളുടെ കീഴിലാണ് കമ്പനി.