അമുൽ കർണാടകയിൽ പ്രവേശിക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ് അമുൽ Vs നന്ദിനി വിവാദം ആരംഭിച്ചത്. ഇപ്പോഴത് മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ രാഷ്ട്രീയക്കാർക്കിടയിൽ ഒരു ‘ക്ഷീരയുദ്ധ’ത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
പാലിൽ കൊഴുത്ത വിവാദം
അമുൽ ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വിൽക്കുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (GCMMF) ഈ മാസം ആദ്യം ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അതിന്റെ അരങ്ങേറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഈ നീക്കം ക്ഷീര സഹകരണസംഘമായ കർണാടക മിൽക്ക് ഫെഡറേഷന്റെ (KMF) ബ്രാൻഡായ നന്ദിനിക്ക് കടുത്ത മത്സരം സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അമുലിന്റെ കർണാടക പ്രവേശനത്തിൽ ബിജെപിയും പ്രതിപക്ഷവും രണ്ടു തട്ടിലായി. അമുലിന്റെ കടന്നുവരവ് കർണാടക മിൽക്ക് ഫെഡറേഷൻ ബ്രാൻഡായ നന്ദിനിക്ക് ഭീഷണിയാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ അമുലിന്റെ വലിയ പ്രഖ്യാപനം വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇത് രാഷ്ട്രീയ സ്തംഭനത്തിനും തുടർന്നുളള വാക്പോരുകൾക്കും കാരണമായി.
“പാലും തൈരും ചേർന്ന് പുതുമയുടെ ഒരു തരംഗം ബെംഗളൂരുവിലേക്ക് വരുന്നു” എന്ന് അമുൽ പ്രഖ്യാപിച്ചതോടെ #SaveNandini, #GoBackAmul തുടങ്ങിയ പ്രതികാര ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആയി. സംസ്ഥാനത്തുടനീളം വിശ്വസ്തരായ ഉപഭോക്തൃ അടിത്തറയുള്ള നന്ദിനിക്ക് രാഷ്ട്രീയക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും പിന്തുണ കൂടിയതോടെ ട്വീറ്റിന് കടുത്ത എതിർപ്പുണ്ടായി. സംസ്ഥാനത്തെ കർഷകരെ സഹായിക്കാൻ നന്ദിനി പാൽ ഉപയോഗിക്കാൻ ബെംഗളൂരു ഹോട്ടലുടമകളും തീരുമാനിച്ചു.
എന്താണ് നന്ദിനി?
ക്ഷീര സഹകരണ സംഘമായ കർണാടക മിൽക്ക് ഫെഡറേഷന്റെ (KMF) കീഴിലുള്ള ഒരു പാൽ ബ്രാൻഡാണ് നന്ദിനി. 2.4 ദശലക്ഷത്തിലധികം പാൽ ഉൽപാദക അംഗങ്ങളും 14,000 ക്ഷീര ഉൽപാദകരുടെ സഹകരണ സംഘങ്ങളുമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ പാൽ ഉൽപാദക സംഘമാണിത്.
ഇത് ബെംഗളൂരുവിലെ പാൽ വിപണിയുടെ 70 ശതമാനവും കൈകാര്യം ചെയ്യുന്നു. നന്ദിനി മിൽക്ക് പാർലറിന്റെ ആസ്ഥാനം ബെംഗളൂരുവിലാണ്. 1955-ൽ കുടക് ജില്ലയിൽ KMF-ന്റെ ആദ്യത്തെ ഡയറി നിലവിൽ വന്നു, 1984 ആയപ്പോഴേക്കും ഫെഡറേഷന്റെ ജനപ്രീതി 14 ജില്ലാ പാൽ യൂണിയനുകളിലേക്കെത്തിയിരുന്നു. ക്ഷീരമേഖലയെ അനുബന്ധ തൊഴിലിൽ നിന്ന് വ്യവസായമാക്കി മാറ്റിയ രാജ്യത്തെ ചുരുക്കം ചില ഫെഡറേഷനുകളിൽ ഒന്നാണ് കെഎംഎഫ്. KMF-ൽ നിന്നുള്ള നന്ദിനി ഉൽപ്പന്നങ്ങൾ ഇന്ന് മുംബൈ, ഗോവ, നാഗ്പൂർ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ ലഭ്യമാണ്.
എന്താണ് അമുലിന്റെ നിലപാട്?
ബ്രാൻഡിന്റെ കർണാടക പ്രവേശനത്തെക്കുറിച്ചുയർന്ന തർക്കത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും നിലവിൽ ഇ-കൊമേഴ്സ് അല്ലെങ്കിൽ ക്വിക്ക് കൊമേഴ്സ് ചാനലുകളിലേക്കാണ് അമുൽ നോക്കുന്നതെന്നും പൊതുവായ വ്യാപാരം നോക്കുന്നില്ലെന്നും ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ ജയൻ മേത്തയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിലെ മോഡേൺ ട്രേഡിൽ ബ്രാൻഡിന്റെ പ്രവേശനം ആറുമാസത്തിനുശേഷം മാത്രമേ നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.
നന്ദിനി അതിന്റെ പാക്കറ്റ് പാലിന്റെ വില ലിറ്ററിന് 39 രൂപയായി നിലനിർത്തുന്നു. അമുൽ പാലിന് ലിറ്ററിന് 54 രൂപയും നന്ദിനി ഓറഞ്ച് പാലിന് 43 രൂപയുമാണ്. സർക്കാരിൽ നിന്ന് സബ്സിഡി ലഭിക്കുന്നതിനാൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് പാൽ വിതരണം ചെയ്യാൻ കെഎംഎഫിന് കഴിയുന്നു. കർണാടക സർക്കാർ പ്രതിവർഷം ഏകദേശം 12,00 കോടി രൂപ ഇൻസെന്റീവ് നൽകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. GCMMF 72,000 കോടി രൂപയുടെ ഭീമൻ ആണെങ്കിൽ, നന്ദിനി പ്രതിവർഷം 25,000 കോടി രൂപയുടെ വിറ്റുവരവ് നേടുന്നു.
രാഷ്ട്രീയക്കാർ വഷളാക്കിയ വിവാദം
വിവാദം രൂക്ഷമായതോടെ ഭരണകക്ഷിയായ ബിജെപി കർണാടകയിലെ തനത് ബ്രാൻഡായ നന്ദിനിയെ കൊല്ലുകയാണെന്ന് കോൺഗ്രസ്, ജനതാദൾ (സെക്കുലർ) (ജെഡിഎസ്) തുടങ്ങിയവർ ആരോപിച്ചു.
‘നമ്മുടെ സംസ്ഥാനത്തിന്റെ വളരെ നല്ല ബ്രാൻഡാണ് നന്ദിനി. തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസും ജെഡിഎസും രാഷ്ട്രീയം കളിക്കുന്നു,’ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്ത് കെഎംഎഫിന്റെ നിരവധി പ്രധാന ഡെയറികൾ ബിജെപി ഭരണകാലത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. അമൂലിനെ വിപണിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഭരണകക്ഷി വിലക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നന്ദിനി ഉൽപ്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും വിൽക്കുന്നുണ്ട്. ഓപ്പൺ മാർക്കറ്റിൽ അമുലിനോട് മത്സരിക്കാൻ നന്ദിനിയെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കും, പക്ഷേ അമുലിനെ തടയില്ല. നന്ദിനി രാജ്യത്തെ ഒന്നാം നമ്പർ ബ്രാൻഡായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ വാക്ക്
കർണാടകയും ഗുജറാത്തും ഒന്നിച്ചാൽ രാജ്യത്തെ മുഴുവൻ കർഷകർക്കും അത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുകയും ലയനമല്ല അമിത് ഷാ ഉദ്ദേശിച്ചതെന്നും അങ്ങനെയൊരു ചിന്തയില്ലെന്നും സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉയർന്ന നിലവാരമുള്ള നന്ദിനി വിപണിയിൽ ഏറ്റവും ഇഷ്ടപ്പെട്ട ബ്രാൻഡായി തുടരുന്നുവെന്നും അമുലിന്റെ കടന്നുവരവ് നന്ദിനിക്ക് ഭീഷണിയല്ലെന്നും ബിജെപി സർക്കാർ അവകാശപ്പെട്ടു.
കർണാടക തിരഞ്ഞെടുപ്പിലെ സ്വാധീനം
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കൂടുതൽ വോട്ടുകൾ പോക്കറ്റിലാക്കാനുള്ള ശ്രമത്തിലാണ് കക്ഷി ഭേദമെന്യേ രാഷ്ട്രീയക്കാർ അമുൽ Vs നന്ദിനി വിവാദത്തിന് ചൂടു പകരുന്നതെന്ന് വ്യക്തമാണ്. കോൺഗ്രസിലെയും ജെഡിഎസിലെയും നേതാക്കൾ നന്ദിനിയെ പരസ്യമായി പിന്തുണയ്ക്കുന്നു. അതേസമയം അമുലിന്റെ പ്രവേശനം നന്ദിന് ബ്രാൻഡിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് ബിജെപി നേതാക്കൾ ഉറപ്പ് നൽകുന്നു. ആധുനിക വ്യാപാര, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലാണ് അമുൽ കൂടുതലും ലഭ്യമെങ്കിലും ഗുജറാത്ത് ആസ്ഥാനമായ അമുൽ വിപണി ഏറ്റെടുക്കുമെന്ന പ്രാദേശിക ക്ഷീരകർഷകരുടെ ഭയം മുതലെടുക്കാൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നു. ക്ഷീരകർഷകർ നിർണായക വോട്ട്ബാങ്കാണെന്നും സെമി അർബൻ-റൂറൽ സീറ്റുകളിൽ അവരുടെ വോട്ടിന് ഫലം നിർണ്ണയിക്കാൻ കഴിയുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അതിനാലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരെ ആകർഷിക്കാൻ ശ്രമിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.