സംരംഭകർക്ക് തുണയായി കെ സ്വിഫ്റ്റ്. സംരംഭം തുടങ്ങുന്നതിന് ഓഫീസുകൾ കയറിയിറങ്ങണമെന്ന് പറഞ്ഞ് നിങ്ങളെ ആരെങ്കിലും പറ്റിക്കുന്നുണ്ടോ? എങ്കിൽ വഞ്ചിതനാകാതിരിക്കൂ. കെ സ്വിഫ്റ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യൂ. 50 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽ പെടാത്തതുമായ സംരംഭങ്ങൾക്കെല്ലാം കെ-സ്വിഫ്റ്റ് വഴി അംഗീകാര പത്രം ലഭിക്കും. കെ സ്വിഫ്റ്റ് വഴി അപേക്ഷിച്ചാൽ ലഭിക്കുന്ന അക്നോളേജ്മെൻ്റ് കിട്ടിയാൽ പിന്നെ ഒരു ഓഫീസിലും ലൈസൻസിനായി കയറിയിറങ്ങേണ്ട. മൂന്നു വർഷം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ബന്ധപ്പെട്ട അനുമതികൾ നേടിയാൽ മതിയാകും.
ഇതിനും കെ സ്വിഫ്റ്റ് പോർട്ടൽ തന്നെ നിങ്ങളെ സഹായിക്കും. ഓഫീസുകൾ കയറിയിറങ്ങാതെ കെ സ്വിഫ്റ്റ് പോർട്ടലിൽ 280 രൂപ അപേക്ഷ ഫീസ് നൽകി ഓരോ വകുപ്പിലേക്കും പ്രത്യേകം അപേക്ഷ നൽകാം.
ഇനി നിങ്ങൾക്ക് സംരംഭക വിഷയത്തിൽ എന്തെങ്കിലും പരാതിയുണ്ടോ?
അതിനും പരിഹാരമുണ്ടാക്കിയിട്ടുണ്ട്. പുതിയ ജില്ലാ, സംസ്ഥാന പരാതി പരിഹാര കമ്മിറ്റികൾ നിലവിൽ വന്നു കഴിഞ്ഞു.
സിവിൽ കോടതി അധികാരത്തിലാണ് പുതിയ പരാതി പരിഹാര കമ്മിറ്റികൾ. സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വിവിധ തലങ്ങളിലെ നടപടിക്രമങ്ങളിൽ ഇപ്പോഴും പരാതികൾ ഉയർന്നു വരുന്നുണ്ട്. ഒരു സംരംഭം ആരംഭിക്കുമ്പോളോ, അത് നടത്തികൊണ്ട് പോകുമ്പോളോ ഉണ്ടാകുന്ന തടസ്സസങ്ങൾക്ക് ഇനി ആർക്കാണ് പരാതി നല്കേണ്ടതെന്നറിയാതെ സംരംഭകർ അലയേണ്ടതില്ല. കളക്ടർ ഓഫീസും, മന്ത്രി ഓഫീസും കയറി ഇറങ്ങേണ്ട. ഇത്തരം പരാതികൾ തീർപ്പാക്കുന്നതിനായി ശക്തമായ ഒരു പ്രശ്നപരിഹാര സംവിധാനം വ്യവസായവകുപ്പ് ഒരുക്കിയിരിക്കുകയാണ്. സംസ്ഥാന-ജില്ലാ തല പരാതി പരിഹാര കമ്മിറ്റികൾക്കാണ് വ്യവസായ വകുപ്പ് രൂപം നൽകിയിരിക്കുന്നത്.
ജില്ലാ തലത്തിൽ ജില്ലാ കളക്ടർ കൺവീനറും, സംസ്ഥാന തലത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായും കമ്മിറ്റികൾ പ്രവർത്തിക്കും.
10 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങളെ സംബന്ധിച്ച പരാതികൾ സംരംഭകർ ജില്ലാ കമ്മിറ്റികൾക്കും, അതിനു മുകളിൽ മൂലധനമുള്ള സംരംഭങ്ങൾ സംസ്ഥാനതല കമ്മിറ്റിക്കുമാണ് നൽകേണ്ടത്. ഓൺലൈൻ ആയിട്ടാണ് പരാതി നൽകേണ്ടത്. grivanceredressal.industry.kerala.gov.in എന്ന മെയ്ലിലേക്കാണ് പരാതി അയക്കേണ്ടത്. ലഭിക്കുന്ന പരാതിയിൽ 30 ദിവസത്തിനകം തീർപ്പുണ്ടായിരിക്കണം.
പരാതികൾ നേരിട്ട് സ്വീകരിക്കുന്ന കമ്മിറ്റികൾക്ക് വിചാരണ നടത്തുവാനും, പരിശോധന നടത്തുവാനും സിവിൽ കോടതികളുടെ അധികാരം നിയമം ഉറപ്പാക്കിയിട്ടുണ്ട്. ഏതു വകുപ്പിലെ ഉദ്യോഗസ്ഥനെയും, ഏതു രേഖയും, ഏതു ഫയലും കമ്മിറ്റിക്ക് വിളിച്ചു വരുത്താം, വിചാരണ ചെയ്യാം. കമ്മിറ്റി എടുക്കുന്ന തീരുമാനം ഉദ്യോഗസ്ഥർ 15 ദിവസത്തിനകം നടപ്പാക്കിയിരിക്കണം. അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് 250 രൂപ മുതൽ 10000 രൂപ വരെ പിഴയീടാക്കാനുള്ള അധികാരമുണ്ട് കമ്മിറ്റിക്ക്. കൂടാതെ ആ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾക്ക് ശുപാർശ ചെയ്യുവാനും കമ്മിറ്റിക്കു അധികാരമുണ്ടായിരിക്കും.
വ്യവസായ മന്ത്രി പി രാജീവ് പ്രതികരിക്കുന്നു.
“കെ സ്വിഫ്റ്റ് വഴി പ്രവർത്തിക്കാൻ പഞ്ചായത്തുകളും മറ്റു ഏജൻസികളും അനുവദിക്കുന്നില്ലെന്നും സ്റ്റോപ് മെമ്മോ നൽകുന്നുവെന്നുമുള്ള പരാതികൾ ചിലയിടങ്ങളിൽ നിന്നും വന്നിരുന്നു. അതുകൂടി പരിഹരിക്കുന്നതിനാണ് നിയമപ്രകാരം പരാതി പരിഹാര കമ്മിറ്റികൾ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും രൂപീകരിച്ചത്. ഈ സമിതി മുമ്പാകെ ലഭിക്കുന്ന പരാതികൾ മുപ്പതു ദിവസത്തിനുള്ളിൽ തീർപ്പുകൽപ്പിക്കും. ഈ ഉത്തരവ് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നടപ്പിലാക്കണം.
അങ്ങനെ നടപ്പിലാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകുകയാണ്. 15 ദിവസം കഴിഞ്ഞ് വൈകുന്ന ഓരോ ദിവസത്തിനും ഉദ്യോഗസ്ഥൻ 250 രൂപ വീതം പരമാവധി പതിനായിരം രൂപ വരെ പിഴ നൽകണം. വകുപ്പ് തല അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യാനും ഈ കമ്മിറ്റിക്ക് അധികാരമുണ്ട്. ഇത്തരത്തിൽ ഉദ്യോഗസ്ഥനെതിരെ പിഴയീടാക്കാൻ സമിതിയെ രൂപീകരിച്ച് സംരംഭകനൊപ്പം നിലകൊള്ളുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ് കേരളം. ഇത്തരത്തിലുള്ള നിരവധി ചുവടുകളിലൂടെ ഒരു വർഷം കൊണ്ട് നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ 13 പടവുകൾ കയറി കേരളം മുന്നോട്ടുപോവുകയാണ്”.