ശ്രീലങ്കയെ ഹമ്പൻ ടോട്ട തുറമുഖ കരാറിലടക്കം സാമ്പത്തികമായി ഞെരിച്ചു കളഞ്ഞ ചൈന വീണ്ടുമൊരു സാമ്പത്തിക അധിനിവേശത്തിനു ശ്രീലങ്കൻ മണ്ണിൽ തയാറെടുക്കുകയാണ്. എന്താണെന്നല്ലേ. എണ്ണ കൊണ്ട് ശ്രീലങ്കയെ ഞെക്കിപ്പിഴിയുവാനാണ് ചൈനയുടെ ശ്രമം.
ചൈനയിലെ ഏറ്റവും വലിയ എണ്ണ, പെട്രോകെമിക്കൽ ഉൽപന്ന വിതരണക്കാരും രണ്ടാമത്തെ വലിയ എണ്ണ-വാതക ഉൽപ്പാദകനുമായ സിനോപെക് ശ്രീലങ്കയിലെ വരാനിരിക്കുന്ന ഒരു കയറ്റുമതി അധിഷ്ഠിത എണ്ണ ശുദ്ധീകരണശാലയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. കാരണമുണ്ട് . ലോക സാമ്പത്തിക ശക്തിയായി മുന്നേറാനുള്ളചൈനയുടെ ശ്രമങ്ങൾക്ക് തക്കതായ രാഷ്ട്രീയ, സാമ്പത്തിക ഇന്ധനം വേണം. അതിനു ഹമ്പൻ ടോട്ട തുറമുഖത്തിന്റെ അവസാന ഊർജം വരെ ചൈനക്ക് പരമാവധി വിനിയോഗിക്കണം.
ഇതാണിപ്പോൾ ശ്രീലങ്കയിൽ മെയ്ഡ് ബൈ ചൈന ആകാൻ പോകുന്നത്.
ഹംബൻടോട്ടയിൽ ചൈന ആരംഭിക്കാൻ തയ്യാറായ ഒരു പുതിയ വലിയ പദ്ധതി നിലവിലെ ശ്രീലങ്കൻ സർക്കാർ സർക്കാർ പ്രഖ്യാപിച്ചു. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഒരു വൻ എണ്ണ ശുദ്ധീകരണശാല ചൈനീസ് മുതൽമുടക്കിൽ ഹമ്പൻ ടോട്ടയിൽ നിർമിക്കുമെന്നാണ് വാർത്ത. ഈ ബൃഹത്തായ ചൈനീസ് പ്രോജക്ട് വരുന്നതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ശ്രീലങ്കൻ മാധ്യമമായ മവ്റത ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഹമ്പൻടോട്ട തുറമുഖം, മട്ടല രാജ്യാന്തര വിമാനത്താവളം, നൊറോച്ചോൾ കൽക്കരി പ്ലാന്റ്, കൊളംബോ നെലും ടവർ തുടങ്ങിയ വമ്പൻ പദ്ധതികളാണ് ശ്രീലങ്കൻ സർക്കാർ ചൈനയിൽ നിന്നും അമിത വായ്പയെടുത്ത് നടപ്പാക്കിയത്. എന്നാൽ നൊറോച്ചോൽ വൈദ്യുത നിലയം മാത്രമാണ് ഉപയോഗപ്രദമായ പദ്ധതി. വമ്പൻ പദ്ധതികൾക്ക് വായ്പ നൽകി ചൈന ശ്രീലങ്കയെ കടക്കെണിയിൽ കുടുക്കി.
2023 ഫെബ്രുവരി 24-ന്, ‘ബിൽറ്റ്, ഓൺ, ഓപ്പറേറ്റ്’ എന്നതിന്റെ അടിസ്ഥാനത്തിൽ ഈ എണ്ണ ശുദ്ധീകരണശാല പദ്ധതി നടപ്പിലാക്കാൻ ഊർജ്ജ മന്ത്രാലയം തീരുമാനിച്ചു. കയറ്റുമതി അധിഷ്ഠിത പെട്രോളിയം റിഫൈനറിയും അനുബന്ധ ഉൽപ്പന്ന സംസ്കരണ കേന്ദ്രവും ഹമ്പന്തോട്ട മേഖലയിൽ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു.
പദ്ധതിക്ക് അനുയോജ്യരായ നിക്ഷേപകരെ കണ്ടെത്താൻ ശ്രീലങ്കൻ സർക്കാർ ടെൻഡർ വിളിച്ചു. 5 വിദേശ രാജ്യങ്ങളും ഒരു ശ്രീലങ്കൻ കമ്പനിയും ഇതിനായി ബിഡ് സമർപ്പിച്ചു – ചൈനയിലെ ചൈന പെട്രോളിയം ആൻഡ് കെമിക്കൽ കോർപ്പറേഷൻ (സിനോപെക്), വിറ്റോൾ ഗ്രൂപ്പ് ഓഫ് സിംഗപ്പൂർ പ്രൈവറ്റ്; മലേഷ്യ പെട്രിചോർ ക്യാപിറ്റൽ എസ്ഡിഎൻ പ്രൈവറ്റ് ലിമിറ്റഡ്; നൈജീരിയയിലെ ഗ്രാന്റ് ആൻഡ് ഷിയറർ കമ്പനി; ഇറാനിലെ മാറ്റിൻ തേജരത് കോ. ലിമിറ്റഡ് കമ്പനിയും ശ്രീലങ്കയിലെ ദണ്ഡേനിയ എഞ്ചിനീയറിംഗ് ആന്റ് ട്രേഡിംഗ് കമ്പനി എന്നിവരാണ് ടെണ്ടറിൽ പങ്കെടുത്തത് ചെയ്തു.
ഈ കമ്പനികളിൽ രണ്ട് വിദേശ കമ്പനികൾ ഒഴികെ മറ്റെല്ലാ കമ്പനികളും ടെൻഡറിന് അർഹമല്ലെന്ന് പ്രഖ്യാപിച്ചു.. ചൈനയിലെ സിനോപെക്കും സിംഗപ്പൂരിലെ വിറ്റോൾ ഗ്രൂപ്പും മേൽപ്പറഞ്ഞ പ്രോജക്റ്റ് സ്വന്തമാക്കാൻ യോഗ്യതയുള്ള രണ്ട് കമ്പനികളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചൈനയുടെ സിനോപെക് ഏറ്റവും യോഗ്യതയുള്ളതും അതിനാൽ അനുയോജ്യവുമാണെന്ന് ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഈ ടെൻഡർ ചൈനയ്ക്ക് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ചൈനയ്ക്കായിരിക്കും നറുക്കു വീഴുകയെന്നു റിപ്പോർട്ടുണ്ട്. ഈ പദ്ധതിക്കായി ശ്രീലങ്കൻ ഗവൺമെന്റ് ചൈനീസ് കമ്പനിക്ക് ഹമ്പൻടോട്ട അന്താരാഷ്ട്ര തുറമുഖത്തിന് സമീപം 1.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സ്ഥലം കൈമാറും. ഈ പദ്ധതി പ്രതിദിനം 100,000 (ഒരു ലക്ഷം) ബാരൽ പെട്രോളിയം ഉൽപ്പാദിപ്പിക്കും.
അന്താരാഷ്ട്ര വായ്പ നൽകുന്ന സംഘടനകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും 1 ശതമാനമോ അതിൽ താഴെയോ പലിശ നിരക്കിൽ ശ്രീലങ്ക വായ്പ നേടിയിരുന്നുവെങ്കിലും ചൈനയിൽ നിന്നും 6 ശതമാനത്തിലധികം പലിശയ്ക്ക് വായ്പയെടുത്താണ് ആദ്യമായി ഹമ്പൻടോട്ട തുറമുഖ പദ്ധതി നടപ്പിലാക്കിയത്. അതുതന്നെയാണ് ശ്രീലങ്കയുടെ സാമ്പത്തിക അടിത്തറ തകരാനുള്ള പ്രധാന കാരണവും.
ഈ രാജ്യത്തെ ജനങ്ങളുടെ ജീവൻ പണയപ്പെടുത്തി ലോകശക്തിയാകാനുള്ള ചൈനയുടെ യാത്രയ്ക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഉപയോഗപ്പെടുത്തിയതായി ശ്രീലങ്കൻ മാധ്യമങ്ങൾ ആരോപണമുന്നയിച്ചു തുടങ്ങിയിട്ട് ഏറെ നാളായി.
ഹമ്പൻ ടോട്ടയിൽ എണ്ണ ശുദ്ധീകരണ ശാല തുടങ്ങാനുള്ള ചൈനയുടെ പദ്ധതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് വളരെയധികം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു, ഇത്തരമൊരു പദ്ധതിയുടെ സുതാര്യതയെക്കുറിച്ച് പല പാർട്ടികളും രാഷ്ട്രീയമായി ചർച്ച ചെയ്തു. അതായത്, ശ്രീലങ്കൻ-ചൈനീസ് സർക്കാരുകൾ ഈ ജോലി നിർവഹിക്കുന്നതിൽ വിശ്വസനീയമാണോ എന്നതായിരുന്നു ചോദ്യം. ഇതിനു പക്ഷെ ശ്രീലങ്കൻ സർക്കാർ രാജ്യത്തോട് ഉത്തരമൊന്നും നൽകിയിട്ടില്ല.