റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനിക്ക് ഇന്ന് 66 വയസ്സ് തികയുന്നു. നിലവിൽ ഏഷ്യയിലെ ഏറ്റവും ധനികനായ അദ്ദേഹം ലോകത്തിലെ 14-ാമത്തെ ധനികനും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസ്സ് നേതാക്കളിൽ ഒരാളുമാണ്.
1957 ൽ യെമനിൽ ജനിച്ച മുകേഷ് അംബാനി ചെറുപ്പത്തിൽ തന്നെ പിതാവിനും കുടുംബത്തിനുമൊപ്പം മുംബൈയിലേക്കെത്തി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബോംബെ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. ശേഷം മുകേഷ് അംബാനി തന്റെ പിതാവിന്റെ ബിസിനസായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ചേർന്നു. ടെക്സ്റ്റൈൽസ് മുതൽ പെട്രോകെമിക്കൽസ്, റിഫൈനിംഗ്, ഓയിൽ ആൻഡ് ഗ്യാസ് പര്യവേക്ഷണം എന്നിവയിലേക്ക് കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്ന്, ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ, മീഡിയ തുടങ്ങിയ മേഖലകളിൽ മുനിരയിലുളള RIL ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ്.
RIL കൂടാതെ, മുകേഷ് അംബാനി മറ്റ് നിരവധി ബിസിനസ്സ് സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫ്രാഞ്ചൈസി ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമയാണ് അദ്ദേഹം. ഇന്ത്യയിലെ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉടമയുമാണ്. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച കമ്പനിയായ ജിയോ ആരംഭിച്ചു. 400 ദശലക്ഷത്തിലധികം വരിക്കാരുമുണ്ട്. 34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്ള 2,345 നഗരങ്ങളിലും പട്ടണങ്ങളിലും 5G സേവനങ്ങളിലെ മുൻനിര ടെലികോം ദാതാവ് കൂടിയാണ് ജിയോ. 2016-ൽ ജിയോ ‘LYF’ എന്ന ബ്രാൻഡിന് കീഴിൽ സ്വന്തം 4G സ്മാർട്ട്ഫോൺ പുറത്തിറക്കി. ആ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ സ്മാർട്ട്ഫോണായിരുന്നു ഇത്. ആ വർഷം സെപ്റ്റംബറിൽ ജിയോ 4G വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വിലയേറിയ വസതികളിൽ ഒന്നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്, ആന്റിലിയ. 27 നിലകളുള്ള ഈ കെട്ടിടത്തിന് 2 ബില്യൺ ഡോളർ മൂല്യമുണ്ട്. മൂന്ന് ഹെലിപാഡുകൾ, 160 കാർ ഗാരേജ്, ഒരു സ്വകാര്യ സിനിമാ തിയേറ്റർ, നീന്തൽക്കുളം, ഫിറ്റ്നസ് സെന്റർ എന്നിവ ഈ വസതിയിൽ ഉൾപ്പെടുന്നു. 600 പേർ ജോലി ചെയ്യുന്നുമുണ്ട്. അദ്ദേഹത്തിന് ആകെ മൂന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളുണ്ട്. എയർബസ് എ319, ഫാൽക്കൺ 900എക്സ്, ബോയിംഗ് ബിസിനസ് ജെറ്റ് എന്നീ മൂന്ന് ജെറ്റുകളുടെ വില ഏകദേശം 100 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
മുകേഷ് അംബാനി 1970 വരെ മുംബൈയിലെ ഭുലേശ്വറിൽ രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കുറച്ചുകാലത്തിനുശേഷം, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ, മുകേഷ് അംബാനിയുടെ പിതാവ് കൊളാബയിലെ 14 നിലകളുള്ള സീ വിൻഡ് അപ്പാർട്ട്മെന്റ് കെട്ടിടം വാങ്ങി. 1985-ൽ മുകേഷ് അംബാനി നിത അംബാനിയെ വിവാഹം കഴിച്ചു. അവർക്ക് അനന്ത്, ആകാശ് അംബാനി, ഇഷ അംബാനി എന്നിങ്ങനെ മൂന്ന് മക്കളാണുളളത്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ടവരാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾക്കായി അവർ കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്തിട്ടുണ്ട്.
സസ്യാഹാരിയായ മുകേഷ് അംബാനി ഒരു ടീറ്റോട്ടലറും (teetotaller) ബോളിവുഡ് സിനിമകൾ ഇഷ്ടപ്പെടുന്നയാളുമാണ്. മുകേഷ് അംബാനിയുടെ ഇഷ്ടഭക്ഷണം ഇഡ്ലിയും സാമ്പാറുമാണ്, മുംബൈയിലെ മൈസൂർ കഫേയാണ് അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണശാല.
ഫോർബ്സ് മാഗസിൻ ഒരു ദശാബ്ദത്തിനിടെ മുകേഷ് അംബാനിയെ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി സ്ഥിരമായി ലിസ്റ്റ്ട്ടു ചെയ്തിട്ടുണ്ട്. 2018-ൽ അദ്ദേഹം ജാക്ക് മായെ മറികടന്ന് 44.3 ബില്യൺ ഡോളർ ആസ്തിയുള്ള ഏഷ്യയിലെ ഏറ്റവും ധനികനായി. വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും പുറത്ത്, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് മുകേഷ് അംബാനി. 2015-ൽ ചൈനയിലെ ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുകേഷ് അംബാനിയ്ക്ക് ഇന്ത്യയിലെ മനുഷ്യസ്നേഹികളിൽ അഞ്ചാം സ്ഥാനം നൽകി. ബാങ്ക് ഓഫ് അമേരിക്കയുടെ ഡയറക്ടറാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയും അദ്ദേഹമാണ്.
2012-ൽ ഫോർബ്സ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനികരായ കായിക ഉടമകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2020 നവംബർ 11-ന്, എഡൽഗിവ് ഹുറൂൺ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2020-ന്റെ ഏഴാം പതിപ്പിൽ 458 കോടി രൂപ സംഭാവന നൽകിയ മുകേഷ് അംബാനി മൂന്നാം സ്ഥാനത്തെത്തി. ഗ്ലോബൽ ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സ് 2021 പ്രകാരം മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും പ്രശസ്തരായ സിഇഒമാരിൽ ഇടം നേടിയിട്ടുണ്ട്. 2020 ലെ ഐക്കണിക് ബിസിനസ് ലീഡർ ഓഫ് ദ ഡിക്കേഡ് അവാർഡ്, TIME പ്രസിദ്ധീകരിച്ച 2019 ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിലും മുകേഷ് അംബാനി ഇടംനേടി. 2010-ൽ ഹാർവാർഡ് ബിസിനസ് റിവ്യൂ ലോകത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ സിഇഒ ആയി അദ്ദേഹത്തെ രേഖപ്പെടുത്തി.