ആപ്പിളിന്റെ വിപണി ഇന്ത്യയിൽ കൈപിടിച്ചുയർത്താൻ നിങ്ങൾക്ക്‌ കഴിവുണ്ടോ?

എന്നാൽ ആപ്പിൾ വിളിക്കുന്നുണ്ട്. ബി കെ സി യിലും സാകേതിലും നിങ്ങളുടെ സേവനം ആവശ്യമുണ്ട്. ലഭിക്കുക മിന്നുന്ന ശമ്പളമായിരിക്കും.

 ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ സ്റ്റോറുകൾ മുംബയിലും ഡൽഹിയിലുമായി കഴിഞ്ഞ ദിവസമാണ് പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ ആപ്പിളിന്റെ സ്റ്റോറുകളിലേയ്ക്ക് ജീവനക്കാരെ തേടുകയാണ് കമ്പനി. മുംബയിലെ സ്റ്റോറിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും നിയമനം ഇപ്പോഴും തുടരുകയാണ്. കൂടുതൽ സ്റ്റോറുകൾ ആപ്പിൾ ഇന്ത്യയിൽ ആരംഭിക്കും എന്നതിന്റെ സൂചന കൂടിയാണീ നിയമനങ്ങൾ.

റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് നിലവിൽ ഒരു ലക്ഷത്തിലധികം രൂപയാണ് കമ്പനി ശമ്പളമായി നൽകുന്നത്. ഇത് രാജ്യത്തെ മറ്റ്  റീട്ടെയിൽ സ്ഥാപനങ്ങളിലെ  ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ ഉയർന്നതാണ്. റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് സ്റ്റോക്ക് ഗ്രാന്റുകൾ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, മതിയായ അവധികൾ, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, ആപ്പിൾ ഉത്പന്നങ്ങളിൽ കിഴിവ് എന്നിവയും ആപ്പിൾ ഉറപ്പു നൽകുന്നുണ്ട്.

ഇരു സ്റ്റോറുകളിലുമായി 170ൽ അധികം ജീവനക്കാരെ ഇതുവരെ  ആപ്പിൾ നിയമിച്ചു കഴിഞ്ഞു.  എം എസ്‌ സി ഐ ടി, എം ബി എ, എഞ്ചിനീയർമാർ, ബി സി എ, എം സി എ ബിരുദധാരികളെയാണ് കമ്പനി ഇതുവരെ നിയമിച്ചിരിക്കുന്നത്.
ക്രിയേറ്റീവ്, ടെക്‌നിക്കൽ സ്‌പെഷ്യലിസ്റ്റ്, ഓപ്പറേഷൻ എക്‌സ്‌പെർട്ട്, ബിസിനസ് എക്‌സ്‌പേർട്ട് എന്നീ തസ്‌തികകളിലേയ്ക്കാണ് നിലവിൽ നിയമനം നടക്കുന്നത്. അപേക്ഷിക്കുന്നവർക്ക് പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ജോലിക്കായുള്ള വിദ്യാഭ്യാസ യോഗ്യത ആപ്പിൾ വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടില്ല.

മുംബൈയിലെ  ജിയോ വേൾഡ് ഡ്രൈവ് മാളിനുള്ളിൽ 22,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ്  മൂന്നു നിലയിലായുള്ള ആപ്പിൾ ബി.കെ.സി സ്റ്റോർ. ഈ സ്റ്റോറിനായി ആപ്പിൾ പ്രതിമാസം 42 ലക്ഷം രൂപ വാടകയായി നൽകുമെന്നാണ് റിപ്പോർട്ട്.

മുംബയിലെ പ്രശസ്തമായ കറുപ്പും മഞ്ഞയും ചേർന്ന ടാക്‌സികളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു സ്റ്റോറിന്റെ ഡിസൈൻ തയ്യാറാക്കിയത്. സ്റ്റോറിൽ 20ൽ അധികം ഭാഷകൾ സംസാരിക്കുന്ന നൂറിലധികം ജീവനക്കാർ ഉണ്ടാകും. രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തന സമയം. ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ചുകൾ, മാക്ക്ബുക്ക്, ആപ്പിൾ ടിവി, ആപ്പിൾ അനുബന്ധ ഉത്പന്നങ്ങൾ ഉൾപ്പടെ കമ്പനി പുറത്തിറക്കുന്ന ഉപകരണങ്ങളെല്ലാം ഇവിടെ ലഭ്യമാവും.

ഡൽഹിയിലാണ് ആപ്പിളിന്റെ രണ്ടാമത്തെ ഔദ്യോഗിക സ്‌റ്റോർ തുറന്നത്.’ആപ്പിൾ സാകേത്’ എന്നാണ് ഡൽഹി സ്റ്റോറിന് പേരിട്ടിരിക്കുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ സ്വന്തം ഓൺലൈൻ സ്റ്റോർ 2020ൽ തുറന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്‌ഫോൺ വിപണിയാണ് ഇന്ത്യ. 2022  ൽ ഇന്ത്യയിൽ നിർമിച്ചു  കയറ്റുമതി ചെയ്ത സ്മാർട്ട് ഫോണുകളിൽ 70 % ഉം ആപ്പിൾ വകയാണ്. അടുത്തകാലത്തായി ആപ്പിൾ ഐഫോണുകളുടെ വില്പനയിൽ വലിയ വർദ്ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഐഫോണുകളുടെ ഉത്പാദനം കമ്പനി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version