ഭാവിയിൽ ഇന്ത്യയിൽ നടക്കുന്ന 80% ചരക്കു നീക്കത്തിനും വേദിയാകാൻ ഒരുങ്ങുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. നിർമാണം പൂർത്തിയാകുന്ന തുറമുഖം കേവലം ചരക്കിറക്കു കേന്ദ്രം മാത്രമാകില്ലെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞം ഉൾപ്പെടുന്ന പ്രദേശം വൻ വാണിജ്യ, വ്യവസായ മേഖലയായി മാറുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്തുനിന്നുള്ള റിങ് റോഡ് പദ്ധതി ഈ ഉദ്ദേശ്യത്തോടെയാണു സർക്കാർ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സെക്യൂരിറ്റി കോംപ്ലസും മന്ത്രി ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 80 % ചരക്കു കപ്പലുകളും ഇവിടെനിന്നാകും പോകുക. ഇന്ത്യയുടെ 80 ശതമാനം ആഭ്യന്തര ചരക്കുഗതാഗതത്തിന് വിഴിഞ്ഞം തുറമുഖം ഉപയോഗിക്കപ്പെടുന്നത് കേരളത്തിനു മുന്നിൽ എത്ര അനന്ത സാധ്യത തുറക്കുന്നതാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ശ്രീലങ്ക, സിംഗപ്പുർ, ദുബായ് പോർട്ട് എന്നിവിടങ്ങളിലുള്ളതിനേക്കാൾ കൂടുതൽ ബിസിനസ് വിഴിഞ്ഞത്തേക്കു വരും.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും സഹകരണം ഉറപ്പാക്കിയാണു വിഴിഞ്ഞം പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുക്കുമ്പോൾ കേരളത്തിന്റെ അഭിമാനം വാനോളം ഉയരും. കേരളത്തിന്റെ വാണിജ്യ, വ്യവസായ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണിത്. വിഴിഞ്ഞം പ്രവർത്തനം തുടങ്ങുന്നതോടെ കേരളത്തിലെ ചെറുകിട തുറമുഖങ്ങൾ വാണിജ്യ കേന്ദ്രങ്ങളായി മാറും. അതിനൊപ്പം തുറമുഖാധിഷ്ഠിത വ്യവസായങ്ങളും വികസിക്കും. സാമൂഹിക രംഗത്തെന്നപോലെ സാമ്പത്തിക രംഗത്തും കേരളം രാജ്യത്തിനു മാതൃകയാകുകയാണെന്നും അതിലെ നാഴികക്കല്ലാണു വിഴിഞ്ഞം പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം ഇൻർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അദീല അബ്ദുള്ള, അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാജേഷ് കുമാർ ഝാ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം മന്ത്രിമാർ പദ്ധതി പ്രദേശം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി.