ചെന്നൈ സ്റ്റാർട്ടപ്പ് ഫാബ്ഹെഡ്സ് ഓട്ടോമേഷന് ഒരു സ്വപ്നമുണ്ട്, വന്ദേ ഭാരത് 3D പ്രിന്റ് ചെയ്യുക എന്നതാണ് ഈ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്.
3D പ്രിന്റ് ചെയ്ത ഭാരം കുറഞ്ഞ കാർബൺ ഫൈബർ ഭാഗങ്ങളുടെ നിർമാണമാണ് ഫാബ്ഹെഡ്സ് ഓട്ടോമേഷനെ വ്യത്യസ്തമാക്കുന്നത്. റോക്കറ്റ് നിർമ്മാതാക്കളായ അഗ്നികുൾ, ഇ-ടാക്സി കമ്പനിയായ ഇപ്ലെയ്ൻ എന്നിവയെല്ലാം ഫാബ്ഹെഡ്സ് ഓട്ടോമേഷന്റെ ക്ലയന്റ്സാണ്. ഡ്രോണുകൾ, ഷിപ്പിംഗ്, റേസിംഗ്, ബയോമെഡിക്കൽ, എയ്റോസ്പേസ്, പ്രതിരോധം തുടങ്ങിയ ഉയർന്ന പ്രകടനമുള്ള വ്യവസായങ്ങളിൽ കാർബൺ ഫൈബർ മെറ്റീരിയലുകൾ കൂടുതലായി ഉപയോഗിക്കുന്നു.
ഐഐടിക്കാരായ ദിനേശ് കനകരാജും അഭിജിത് റാത്തോഡും ഇസ്രോയിലെ ജോലി ഉപേക്ഷിച്ചാണ് 2015-ൽ ഈ സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. 2021 മുതലാണ് സ്റ്റാർട്ടപ്പ് അതിന്റെ ഉൽപ്പന്നങ്ങൾ വാണിജ്യവത്കരിക്കാൻ തുടങ്ങിയത്. ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, സൈക്കിളുകൾ, സർഫിംഗ് ബോർഡുകൾ തുടങ്ങി ഇന്ന് കാർബൺ ഫൈബർ ഉപയോഗിക്കുന്ന നിരവധി മേഖലകളുണ്ട്. എയ്റോസ്പേസ്, ഓട്ടോമോട്ടീവ് തുടങ്ങി ഭാരം കുറഞ്ഞ കാർബൺ ഫൈബർ ഘടകങ്ങൾ ആവശ്യമുള്ള ഏത് മേഖലയ്ക്കും 3D- പ്രിന്റഡ് ഭാഗങ്ങൾ സ്റ്റാർട്ടപ്പ് വിതരണം ചെയ്യുന്നു. iDEX പ്രോഗ്രാം വഴി ഇന്ത്യൻ വ്യോമസേനയുടെ ഡിഫൻസ് ഡവലപ്മെന്റ് പദ്ധതിയും സ്റ്റാർട്ടപ്പ് നേടിയിരുന്നു.
ഈ ഡീപ് ടെക് സ്റ്റാർട്ടപ്പ് ഇന്ത്യൻ വ്യോമസേനയ്ക്കായി കാർബൺ ഫൈബർ ഹെലികോപ്റ്റർ ബ്ലേഡുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും.
ഡ്രോണുകൾ, EVകൾ, എയർ ടാക്സികൾ എന്നിങ്ങനെയുള്ള പുതിയ കാലത്തെ കണ്ടുപിടുത്തങ്ങൾക്ക് കരുത്തേകുന്ന ഒരു നിർണായക സംയോജനമാണ് കാർബൺ ഫൈബർ. അതിന്റെ ഉൽപ്പാദനം ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെയാണ് ഫാബ്ഹെഡ്സ് ഈ മേഖലയിലെ കരുത്തരാകുന്നത്. ഓട്ടോമേ ഷനിലൂടെ നിർമ്മാണച്ചെലവ് ഏകദേശം 10% കുറയ്ക്കാനും ക്ലയന്റുകളുടെ ഉൽപ്പന്നങ്ങളുടെ ഭാരം 10%-20% കുറയ്ക്കാനും കഴിയും.
ഒമ്പത് പേറ്റന്റുകൾ ഇതുവരെ സ്റ്റാർട്ടപ്പ് നേടിയിട്ടുണ്ട്. ഫാബ്ഹെഡ്സിന്റെ 3D പ്രിന്റിംഗ് മെഷീന്റെ ഏകദേശം 80% ഇന്ത്യൻ ഘടകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഈ രംഗത്ത് സ്റ്റാർട്ടപ്പുകൾ കുറവാണ്. കഴിഞ്ഞ രണ്ട് വർഷമായി ഫാബ്ഹെഡ്സിന് വരുമാനത്തിൽ സ്ഥിരമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കാർബൺ ഫൈബർ മെറ്റീരിയലിനായി ഫാബ്ഹെഡ്സ് ‘FibrBots’ എന്ന പുതിയ 3D പ്രിന്റർ സീരീസ് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ കമ്പനി പ്രിന്ററുകൾ വിപണിയിൽ വിൽപ്പനയ്ക്കായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. വിൽപ്പനയ്ക്കായി വിപണിയിൽ അവതരിപ്പിക്കുന്ന സീരീസിൽ ഫാബ്ഹെഡ്സ് – FibrBot 300S, FibrBot 300, FibrBot 1K എന്നീ മൂന്ന് പതിപ്പുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. Dell, The ePlane Company, Tunga Systems, Synergy Marine എന്നിവയുൾപ്പെടെയുള്ള ക്ലയന്റുകൾക്ക് ഫാബ്ഹെഡ്സ് നേരിട്ട് ഫാബ്രിക്കേഷൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.