നിങ്ങളുടെ നാട്ടിൽ ഓൺലൈനായി സർക്കാർ സേവനങ്ങൾക്കുള്ള ബില്ലുകൾ അടയ്ക്കുന്നതിന് ഇന്റർനെറ്റിന്റെയും മറ്റു സാങ്കേതിക വിദ്യയുടെയും കുറവ് അനുഭവപ്പെടുന്നുണ്ടോ?….. എന്നാൽ പിന്നെ
റേഷൻ കടയിലേക്ക് പോയാലോ?….
അരിയും മണ്ണെണ്ണയും വാങ്ങാൻ, കൂട്ടത്തിൽ ഇലക്ട്രിസിറ്റി ബില്ലും, വാട്ടർ അതോറിറ്റി ബില്ലും അവിടെത്തന്നെ അടയ്ക്കാം. ആ ഐഡിയ കൊള്ളാമല്ലേ. ഓഫീസുകൾ തോറും അലഞ്ഞു നടക്കാതെ എല്ലാ സേവനങ്ങളും സംവിധാനങ്ങളും ഒറ്റ കടമുറിക്കുള്ളിൽ. നമ്മുടെ റേഷൻ കടകളിൽ. അതെ നമ്മുടെ റേഷൻകടകളുടെ മുഖം മിനുക്കുകയാണ് സർക്കാർ.
10,000 രൂപവരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല് ഉൾപ്പെടെയുള്ളവ അടയ്ക്കാനുള്ള യൂട്ടിലിറ്റി പേമെന്റ് സംവിധാനം, സപ്ലൈകോ ശബരി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, ഛോട്ടു ഗ്യാസ് (അഞ്ച് കിലോ തൂക്കമുള്ള പാചക വാതക സിലിൻഡർ) എന്നിവയൊക്കെ ഇനി റേഷൻ കടകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. വെറും റേഷൻ കടകളല്ല ഇവ കേരളത്തിന്റെ കെ – സ്റ്റോറുകൾ.
ഇനി ഇതിലുമധികം പൊതു ജന സേവനങ്ങൾ റേഷന്കടകളിൽ വരാനിരിക്കുന്നതീ ഉള്ളൂ.
റേഷൻ കടകളുടെ മുഖച്ഛായ മാറ്റുന്ന k -store (കേരള സ്റ്റോർ) ഒന്നും രണ്ടുമല്ല 108 എണ്ണമാണ് കേരളത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കി മാറ്റാൻ ആവിഷ്കരിച്ച പദ്ധതിയാണ് കെ സ്റ്റോർ. നിലവിലെ റേഷൻ കടകളിൽ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതണശൃംഖലയിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈ സാമ്പത്തിക വർഷം കെ – സ്റ്റോറുകൾ 1000 എണ്ണം ആയി വർധിപ്പിക്കും.
കെ സ്റ്റോർ പദ്ധതി നടപ്പാക്കുവാൻ തയ്യാറായി നിലവിൽ 850 ഓളം റേഷൻ വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ട്. ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് ഈ പദ്ധതിയിൽ മുൻ ഗണന നൽകുന്നത്.
ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും കെ സ്റ്റോറിലൂടെ നൽകുവാൻ ഉദ്ദേശിക്കുന്നതായും മന്ത്രി ജി ആർ അനിൽ അറിയിച്ചു.
“ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ത്രാസിലെ തൂക്കത്തിന്റെ അളവ് ബില്ലിൽ കൃത്യമായി രേഖപ്പെടുത്തുവാനും അതിലൂടെ തൂക്കത്തിലെ കൃത്യത ഉറപ്പുവരുത്താനും കഴിയും. 60 കിലോ വരെ തൂക്കാൻ കഴിയുന്ന ത്രാസാണ് റേഷൻകടകളിൽ സ്ഥാപിക്കുന്നത്. എൻഇഎസ്എ ഗോഡൗണുകളിൽ നിന്നും വരുന്ന സ്റ്റോക്കുകളുടെ തൂക്കം ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുന്നു. ഏകദേശം 32 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി ഘട്ടംഘട്ടമായിട്ടാണ് നടപ്പിലാക്കുന്നത്.”
ഫുഡ് ബാസ്ക്കറ്റ് പദ്ധതി റേഷൻ കടകൾ വഴി
റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ കൂടുതൽ പോഷക സമൃദ്ധമാക്കുന്നതിന് ‘ഡൈവേഴ്സിഫിക്കേഷൻ ഓഫ് ഫുഡ് ബാസ്ക്കറ്റ് പദ്ധതി’ നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചുവരുന്നു. 2022-23 വർഷം ഐക്യരാഷ്ട്ര സഭ ‘International Year of Millets’ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലും ചെറുധാന്യങ്ങളുടെ പോഷകഗുണത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നതിനുമായി ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട റേഷൻ ഡിപ്പോകൾ വഴി മുൻഗണന ഗുണഭോക്താക്കൾക്ക് റാഗി വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ആദ്യഘട്ടത്തിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി മലയോര മേഖലയിലെ ഏകദേശം 948 റേഷൻകടകളിലെ കാർഡുടമകൾക്കും മറ്റിടങ്ങളിൽ ഒരു പഞ്ചായത്തിലെ ഒരു റേഷൻകടയിലൂടെയും എഫ്.സി.ഐ വഴി ലഭ്യമാകുന്ന റാഗി പ്രോസസ് ചെയ്ത് പൊടിയാക്കി ഒരു കിലോഗ്രാം പായ്ക്കറ്റാക്കി വിതരണം ചെയ്യുന്ന നടപടി അന്തിമ ഘട്ടത്തിലാണ്.