രാജ്യത്തെ മുൻനിര വാണിജ്യ ബാങ്കായ കനറാ ബാങ്കിനും ഒപ്പം എച്ച്എസ്ബിസി ബാങ്കിനും പിഴ ചുമത്തി ആർബിഐ.
കനറാ ബാങ്കിന് ആർബിഐ 2.92 കോടി രൂപ പിഴ ചുമത്തി. പലിശ നിരക്കുകൾ ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതും യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നതും ഉൾപ്പെടെ വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസം എച്ച്എസ്ബിസി ബാങ്കിനും ആർബിഐ പിഴ ചുമത്തി. 1.73 കോടി രൂപയാണ് എച്ച്എസ്ബിസി പിഴയിനത്തിൽ കെട്ടിവെക്കേണ്ടത്.

പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് ഡെയ്ലി ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ സ്വീകരിച്ച നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നതിൽ പരാജയപ്പെട്ടതായി ആർബിഐ കണ്ടെത്തി. അർഹതയില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ നിരവധി സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറക്കുകയും നിരവധി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളിൽ ഡമ്മി മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തെന്നു കൂടി കണ്ടെത്തിയാണ് RBI നടപടി.

കനറാ ബാങ്കിന് പിഴ ചുമത്തുന്നത് റെഗുലേറ്ററി നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണെന്നും. ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നും ആർബിഐ വ്യക്തമാക്കി.

ആർബിഐ കാനറ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. നോട്ടീസുകൾക്കും വാക്കാലുള്ള നിവേദനങ്ങൾക്കുമുള്ള ബാങ്കിന്റെ മറുപടികൾ പരിഗണിച്ച ശേഷം, ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായി തെളിഞ്ഞതായും, പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നുമുള്ള നിഗമനത്തിൽ എത്തിയതായും ആർബിഐ അറിയിച്ചു.
നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസം എച്ച്എസ്ബിസി ബാങ്കിനും ആർബിഐ പിഴ ചുമത്തി. 1.73 കോടി രൂപയാണ് എച്ച്എസ്ബിസി പിഴയിനത്തിൽ കെട്ടിവെക്കേണ്ടത്.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി റൂൾസ് 2006 (സിഐസി റൂൾസ്) ലംഘിച്ചതിനാണ് ആർബിഐയുടെ നടപടി. റിസർവ് ബാങ്ക് നടത്തിയ അന്വേഷണത്തിൽ കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് ബാങ്ക് തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തി. എച്ച്എസ്ബിസി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നൽകിയെന്ന് റിസർവ് ബാങ്ക് ആരോപിച്ചു. സിഐസി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ ബാങ്കിന് ആർബിഐ പിഴ ചുമത്തുകയായിരുന്നു.