അഞ്ചു വർഷം മുമ്പ് 150 കോടി രൂപ മുടക്കിയാൽ ഏതാണ്ടൊക്കെ പരിഹരിക്കാൻ സാധിക്കുമായിരുന്നു സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധി. ആരും തന്നെ, അന്ന് കൊല്ലം ജില്ലയിൽ നിന്നുള്ള കശുവണ്ടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മെഴ്സികുട്ടിയമ്മ പോലും, മിനക്കെട്ടില്ല ആ പരമ്പരാഗത വ്യവസായത്തെ കൈപിടിച്ചുയർത്താൻ.
ഇന്നിതാ 1500 കോടി രൂപയിൽ പോലും തീരാത്ത വിധം പ്രതിസന്ധിയിലാണ്ടു കിടക്കുന്നു അടച്ചു പൂട്ടിയതും, ദയാവധത്തിന് കത്ത് കിടക്കുന്നതുമായി കൊല്ലത്തെ 800 ലധികം കശുവണ്ടി ഫാക്ടറികളും, മൂന്നു ലക്ഷത്തിലധികം വരുന്ന തൊഴിൽ രഹിതരായ തൊഴിലാളികളും പിന്നെ നിസ്സഹായരായ കടക്കെണിയിൽ മുങ്ങിയ ഒരു കൂട്ടം കശുവണ്ടി വ്യവസായികളും. ഒരുകാലത്തു കശുവണ്ടി മുതലാളി എന്ന വിളിപേര് ഇവർക്ക് അഭിമാനമായിരുന്നു. ഇന്നിപ്പോൾ വീട്ടാകടത്തിന് വേണ്ടി തിരക്കിയെത്തുന്ന ബാങ്കുകളിൽ നിന്നും ഓടിയൊളിക്കാൻ പോലും ഇവർക്ക് സാധിക്കാത്ത അവസ്ഥ. ഇതാണിപ്പോൾ കൊല്ലം ജില്ലയിലെ. സമാനതകളില്ലാതെ സംസ്ഥാനത്തെ അഭിമാനിപ്പിച്ചിരുന്ന, 125 വർഷത്തിലേറെ പെരുമ പേറിയ കശുവണ്ടി വ്യവസായത്തിന്റെ ഗതി.
കേരളത്തിന്റെ കശുവണ്ടി വ്യവസായ തലസംസ്ഥാനമായി ശോഭിച്ചിരുന്ന കൊല്ലത്തു കശുവണ്ടിയുടെ പ്രതാപം പേറിയിരുന്ന കശുവണ്ടി മുതലാളിമാരും ഏറെയായിരുന്നു. ഒരു കാലത്തു കശുവണ്ടി വ്യവസായം നടത്തി സിനിമയടക്കം പ്രൊഡ്യൂസ് ചെയ്തിരുന്നവർ. തങ്ങളുടെ വരുമാനം ഹോട്ടൽ, റിസോർട്ട്, എക്സ്പോർട്ട്, വൻകിട മൽസ്യ ബന്ധനം എന്നീ വ്യവസായ മേഖലകളിലേക്ക് തിരിച്ചു വിട്ടവർ. ഒരുകാലത്തു രണ്ടാമതൊന്നു ചിന്തിക്കാതെ ആഡംബര ബെൻസ് കാറുകൾ വാങ്ങി കൂട്ടിയവർ. അവരെല്ലാം ഇന്ന് തങ്ങളുടെ പ്രതാപത്തിന്റെ കിരീടം അഴിച്ചു വയ്ക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു. കൊല്ലംകാരുടെ മാത്രമല്ല കേരളക്കരയിലാകെ പേരെടുത്ത നിരവധി ബ്രാൻഡുകൾ, മുതലാളിമാർ. ഇവരൊക്കെ അന്നത്തെ കൊല്ലത്തിന്റെ അഭിമാനമായിരുന്നു. കശുവണ്ടി വ്യവസായം അവർക്കും അഭിമാനമായിരുന്നു.
ഇവരായിരുന്നു അന്നത്തെ കശുവണ്ടി മുതലാളിമാർ
KPP എന്ന കശുവണ്ടി സാമ്രാജ്യത്തിന്റെ അധിപനായിരുന്ന പൊയിലക്കട മുതലാളി എന്നറിയപ്പെട്ടിരുന്ന കശുവണ്ടി വ്യവസായി ഭരതൻ പിള്ള. ഭരതൻപിള്ളയുടെ മക്കളായ Quilon കമ്പനി ഉടമ മനു മുതലാളി, Asiatic കമ്പനിയുടമ ബാലു മുതലാളി
VLC കാഷ്യൂസ്-അച്ചാണി രവീന്ദ്രനാഥൻ നായർ. അച്ചാണി എന്ന സിനിമ നിർമിച്ചതോടെയാണ് അദ്ദേഹത്തിന് ഈ പേര് വീണത്.
- lekshman & co യുടെ ലക്ഷ്മണൻ
- Prasanthi ഫാക്ടറി ഉടമ മോഹന ചന്ദ്രൻ നായർ
ഇവരെല്ലാം തങ്ങളുടെ വ്യവസായത്തിന് താഴിടാൻ നിര്ബന്ധിക്കപ്പെട്ടവരിൽ പെടുന്നു.
പിന്നെ ബിസ്ക്കറ്റ് ബാരണെന്ന് ലോകമാകെ അറിയപ്പെട്ടിരുന്ന, മരണമടഞ്ഞ, രാജൻ പിള്ള.
അദ്ദേഹത്തിന്റെ സഹോദരൻ കൊല്ലത്തെ പ്രമുഖ കശുവണ്ടി കയറ്റുമതിക്കാരൻ ആയിരുന്ന രാജ്മോഹൻ പിള്ള. അദ്ദേഹം അടുത്തിടെ കശുവണ്ടി വ്യവസായം മൊത്തത്തിൽ അവസാനിപ്പിച്ചു മറ്റു മേഖലയിലേക്ക് തിരിഞ്ഞു.
കശുവണ്ടി മുതലാളിമാരിൽ പ്രമുഖരായ രക്തസാക്ഷികളുമുണ്ട് കൊല്ലത്തിനു അവകാശപ്പെടാൻ. കശുവണ്ടി ഫാക്ടറിയും കയറ്റുമതിയും നടത്തി കടം കയറി ഒടുവിൽ ജീവനൊടുക്കിയവർ.
രാധാകൃഷ്ണ പിള്ള – ചോതി കാഷ്യൂസ്
സൈമൺ – ബഥേൽ കാഷ്യൂസ്
സത്യൻ – ഉത്രം കാഷ്യൂസ്
ബിനുരാജ്
ഇവരും അന്നത്തെ മുതലാളിമാരായിരുന്നു.
ഇനിയും ജീവനൊടുക്കിയ എത്രയോ പേരുണ്ട്.
അടുത്തിടെ വരെ, കൃത്യമായി പറഞ്ഞാൽ 2016 ൽ കേന്ദ്ര സർക്കാർ കശുവണ്ടിക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുന്നത് വരെ, കൊല്ലത്തു സജീവമായി ഉണ്ടായിരുന്നത് 864 രജിസ്റ്റേർഡ് കശുവണ്ടി ഫാക്ടറികൾ. അതിൽ 700 ലേറെ ഫാക്ടറികളും അടച്ചിട്ടിരിക്കുന്നു. ഇന്നിപ്പോൾ പ്രവർത്തിക്കുന്നത് കശുവണ്ടി വികസന കോർപറേഷന്റെ 30 ഉം, കാപ്പക്സിന്റെ 10 ഉം അടക്കം 100 ഓളം ഫാക്ടറികൾ മാത്രം.
ഇവിടേയ്ക്ക് വരുന്ന അസംസ്കൃത തോട്ടണ്ടി കേരളത്തിൽ എന്ന് പോയിട്ടു ഇന്ത്യയിൽ ഒരിടത്തും നിന്നല്ല. ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമാണ്. കേന്ദ്രത്തിന്റെ ഇറക്കുമതി ചുങ്കവും ഒടുക്കി ഘാന, ഐവറി കോസ്റ്റ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ കർഷകർ നിശ്ചയിക്കുന്ന വിലക്ക് തോട്ടണ്ടി എത്തുമ്പോൾ പലപ്പോളും തൂക്കത്തിൽ കുറവ് കാണും.
ഈ തോട്ടണ്ടി ഇവിടെ മാനുവലായി സംസ്കരിച്ചു കയറ്റുമതി മൂല്യത്തിലാക്കി അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ അതിന്റെ വില ആ രാജ്യത്തെ വ്യാപാരികൾ മുൻകൂട്ടി നിശ്ചയിക്കും. ആ വിലക്ക് അവർ വാങ്ങും. ഇല്ലെങ്കിൽ വിയറ്റ്നാമും, മൊസാംബിക്കും അടക്കം രാജ്യങ്ങൾ മെക്കനൈസ്ഡ് രീതിയിൽ സംസ്കരിക്കുന്ന കശുവണ്ടിപരിപ്പ് പകുതി വിലക്ക് അവർ വാങ്ങി കച്ചവടത്തിനിറക്കും. അപ്പോൾ കേരളത്തിലെ കശുവണ്ടി വ്യവസായിയുടെ റോൾ എന്താണെന്നറിയാമോ. വെറുമൊരു ഇടനിലക്കാരന്റെ റോൾ.
കേരളത്തിലെ ചില വൻകിട കശുവണ്ടി വ്യവസായികൾ മറ്റൊരു മാർഗം കൂടി അവലംബിക്കുന്നുണ്ട്. സംസ്കരിച്ച ഈ മെക്കനൈസ്ഡ് കശുവണ്ടിപരിപ്പ് പകുതി വിലക്ക് അതേപടി കേരളത്തിലേക്കു ഇറക്കുമതി ചെയ്തു ഇവിടെ മൂല്യ വർദ്ധിതമാക്കി കേരളത്തിന്റെ തനതു പരിപ്പെന്ന ലേബലിൽ വിദേശത്തേക്ക് കയറ്റി വിടും.
അങ്ങനെ തുടരുമ്പോൾ കേരളത്തിൽ വഴിയാധാരമായത് 700 ഫാക്ടറികളുടെ ഉടമകൾ. തൊഴിൽ രഹിതരായി മാറിയത് 2.5 ലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ, ഒപ്പം അൻപതിനായിരത്തിലേറെ പുരുഷ തൊഴിലാളികളും. ഇവരിൽ പലരും ഇന്ന് കഴിഞ്ഞു കൂടുന്നത് തൊഴിലുറപ്പു പദ്ധതിക്ക് പോയിട്ടാണ്. കേന്ദ്ര നിയമ പ്രകാരം 78 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ ഇവർക്ക് ESI ചികിത്സ സഹായവും ലഭിക്കാത്ത അവസ്ഥ. ESI വിഹിതമായി അടച്ചിരുന്നു തുക മൊത്തം ESI കോർപറേഷൻ കൊണ്ടുപോയി.
ഫാക്ടറി ഉടമകൾ പിടിച്ചു നില്ക്കാൻ സാധിക്കാതെയാണ് ഭൂരിഭാഗവും ഫാക്ടറികളും അടച്ചു പൂട്ടിയത്. കോടികളുടെ ആസ്തികളുണ്ടായിരുന്ന പലരുമിന്നു വഴിയാധാരമായി. പലരും വായ്പയെടുത്ത ബാങ്കുകളുടെ ജപ്തിക്കിരയായി. അപമാനഭാരം മൂലം ആത്മഹത്യ ചെയ്ത പ്രമുഖ കശുവണ്ടി വ്യവസായികളുമുണ്ട് കൊല്ലത്ത്.
വ്യവസായികൾക്കും താങ്ങാനാകാത്ത കശുവണ്ടി നയം
നൂറിലേറെ തൊഴിലാളികൾക്ക് വീതം തങ്ങളുടെ ഓരോ ഫാക്ടറിയിലെ ജോലി നൽകിയിരുന്ന വ്യവസായികളെ കാത്തിരുന്നത് GST, ഇറക്കുമതി ചുങ്കം, നികുതികൾ, PF, ESI, കെട്ടിട നികുതി, ഉയർന്ന സ്ലാബിലുള്ള വൈദ്യുതി നിരക്ക്, ഇതിനൊക്കെ പുറമെ ബാങ്കുകൾ ഈടാക്കിയിരുന്ന വായ്പകളിൽ മേൽ 9 മുതൽ 18% വരെ പലിശ ഭാരവും. ഇതൊക്കെയായിരുന്നു അടച്ചു പൂട്ടിയ ഫാക്ടറികളുടെ നടുവൊടിച്ചത്.
പ്രതീക്ഷ നഷ്ടപ്പെട്ട് സംഘടനകളും
കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി ചുങ്കം അടിച്ചേൽപ്പിച്ചതടക്കം നയങ്ങളാണ് കശുവണ്ടി മേഖലയെ തകർത്തതെന്ന ഉറച്ച നിലപാടിലാണ് മേഖലയിലെ സംഘടനകൾ.
കാഷ്യു ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിൽ ( CIPC ) ഫൗണ്ടർ K. രാജേഷ് പറയുന്നത് ഇനി ഈ വ്യവസായത്തിന്റെ കൈപിടിച്ചുയർത്താൻ ആരെങ്കിലും എത്തുമെന്ന ഒരു പ്രതീക്ഷയും ഇല്ല എന്നാണ്.
Kollam, once the cashew capital of Kerala, boasted prosperous cashew capitalists who also ventured into film production. Their fortunes extended to hotels, resorts, exports, and fishing. However, they now face a stark reversal of fortune, losing their former glory alongside other prominent brands and capitalists in Kerala. The pride they once held in Kollam and its cashew industry has diminished.