രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ നിലയിൽ തുടരുന്നത് ഒരേ പോലെ ഇന്ത്യൻ എണ്ണകമ്പനികൾക്കും വ്യോമയാന കമ്പനികൾക്കും നേട്ടമാകുകയാണ്. ആഭ്യന്തര സാമ്പത്തിക മേഖലയിലെ ഉണർവും എണ്ണകമ്പനികൾക്കും വിമാനകമ്പനികൾക്കും പ്രതീക്ഷ നൽകുകയാണ്. ടിക്കറ്റ് നിരക്ക് കുറച്ചായിരിക്കും വിമാന കമ്പനികൾ ഈ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറുക. എങ്കിലും അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിന്റെ നേട്ടം നിരത്തിലെ വാഹന ഉപഭോക്താക്കൾക്ക് കൈമാറാൻ പക്ഷെ എണ്ണകമ്പനികൾ തയാറായിട്ടില്ല. വിമാന ടിക്കറ്റിലെ ഇളവിന്റെ രൂപത്തിലെങ്കിലും ആനുകൂല്യം ജനങ്ങളിലേക്കെത്തട്ടെ.
നടപ്പുവർഷം ആദ്യ നാല് മാസങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികളുടെ മൊത്തം ലാഭത്തിൽ 50 ശതമാനത്തിലധികം ഉയർന്നുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഗോ ഫസ്റ്റിൻറെ വിമാനങ്ങൾ സർവീസ് നിർത്തിയതോടെ മറ്റ് വ്യോമയാന കമ്പനികളുടെ ടിക്കറ്റിന് ഡിമാൻഡ് കുത്തനെ കൂടുകയാണ്. അതേസമയം രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതിൻറെ ആനുകൂല്യം യാത്രക്കാർക്കും കൈമാറാനുള്ള ആലോചനയിലാണ് വിവിധ വിമാന കമ്പനികൾ.
പൊതുമേഖലാ എണ്ണക്കമ്പനികൾ ഏവിയേഷൻ ഫ്യൂവലിൻറെ വില ഗണ്യമായി കുറച്ചതോടെയാണ് പ്രമുഖ വിമാന കമ്പനികൾ ഇതിൻറെ നേട്ടം ഉപയോക്താക്കൾക്ക് കൈമാറുന്നത്. വരുംദിവസങ്ങളിൽ വിമാന ടിക്കറ്റുകളുടെ നിരക്കിൽ 10 മുതൽ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യോമയാന വിപണി.
ഇതോടൊപ്പം രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് പാപ്പർ ഹർജി ഫയൽ ചെയ്തതോടെ നിലവിലുള്ള മറ്റ് കമ്പനികളുടെ ടിക്കറ്റ് വിൽപ്പനയും ലാഭക്ഷമതയും ഗണ്യമായി കൂടിയതും നിരക്ക് കുറക്കാൻ പ്രചോദനമായി.
രാജ്യാന്തര വിപണിയിൽ ഏറ്റവുമൊടുവിലത്തെ കണക്കുകൾ പ്രകാരം അസംസ്കൃത എണ്ണയുടെ വില ബാരലിന് 76.76 ഡോളറിലേക്ക് താഴ്ന്നിരുന്നു. യൂറോപ്പിലെയും USലെയും മാന്ദ്യം ശക്തമാകുന്നതിനാൽ എണ്ണ വില താമസിയാതെ 60 ഡോളർ വരെ എത്തുമെന്നാണ് കരുതുന്നത്. മാർച്ച് മാസത്തിൽ പൊതുമേഖലാ എണ്ണ കമ്പനികൾ ഏവിയേഷൻ ടർബൻ ഫ്യൂവലിൻറെ വില നാല് ശതമാനം കുറച്ചിരുന്നു. നിലവിൽ ന്യൂഡൽഹിയിൽ വിമാന ഇന്ധന വില കിലോ ലിറ്ററിന് 1.04 ലക്ഷം രൂപയാണ്. വിമാന കമ്പനികളുടെ മൊത്തം ചെലവിൽ 40 ശതമാനവും ഇന്ധന വിലയായതിനാൽ പുതിയ സാഹചര്യം അവർക്ക് വൻ നേട്ടമാകുമെന്ന് വ്യോമയാന മേഖലയിലുള്ളവർ പറയുന്നു.
എണ്ണ വില ഉയർന്നപ്പോൾ
കൊവിഡ് വ്യാപനവും തുടർന്ന് ലോകം മുഴുവൻ ഏർപ്പെടുത്തിയ യാത്രാ വിലക്കുകളും കാരണം നിശ്ചലാവസ്ഥയിരുന്ന വ്യോമയാന മേഖലയുടെ തിരിച്ചുവരവിന് വലിയ വിഘാതമായത് കുതിച്ചുയർന്ന ഇന്ധന വിലയാണ്. കഴിഞ്ഞ ഒന്നര വർഷമായി രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടർന്നതിനാൽ രാജ്യത്തെ പ്രമുഖ വിമാന കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചിരുന്നു. ഇതിനാൽ ഉയർന്ന സാമ്പത്തിക നിലയുള്ളവർ മാത്രമാണ് ആഭ്യന്തര യാത്രകൾക്ക് വിമാനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ സെപ്റ്റംബറിന് ശേഷം യാത്രികരുടെ എണ്ണം തുടർച്ചയായി ഉയരുകയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി വൻ പ്രതിസന്ധിയിലൂടെ നീങ്ങുന്ന രാജ്യത്തെ മുൻനിര വിമാന കമ്പനികളായ സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയ്ക്ക് ഇന്ധന വിലയിലെ കുറവ് ഏറെ ആശ്വാസം പകരും. ആഗോള തലത്തിൽ സർവീസുകൾ വർധിപ്പിച്ചു മികച്ച പ്രകടനം നടത്തുന്ന എയർ ഇന്ത്യയും മറ്റൊരു പ്രമുഖ എയർലൈനായ വിസ്താരയും ലയിപ്പിക്കാനുള്ള തീരുമാനം വരും ദിവസങ്ങളിൽ ഇന്ത്യൻ വിമാന യാത്രികർക്ക് വൻ നേട്ടമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ എയർ ഇന്ത്യ എക്സ്പ്രസ് വൻതോതിൽ നിയമനങ്ങൾ നടത്തിയിരുന്നു.
മുഖം മാറുന്ന എയർ ഇന്ത്യ എക്സ്പ്രസ്
പൈലറ്റ്, ക്യാബിൻ ക്രൂ എന്നിവയടക്കം അഞ്ഞൂറിലധികം ജീവനക്കാരെ നിയമിച്ചതായി ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത് സന്തോഷം നൽകുന്ന വാർത്തയാണ് വ്യോമയാന മേഖലക്ക്. ദില്ലി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവിൽ 280-ലധികം പൈലറ്റുമാരെയും 250 ക്യാബിൻ ജീവനക്കാരെയും നിയമിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും പുറമെ, ടാറ്റ ഗ്രൂപ്പിന് ആഭ്യന്തര ബജറ്റ് കാരിയറായ എയർഏഷ്യ ഇന്ത്യ, സിംഗപ്പൂർ എയർലൈൻസ് എന്നിയവയിൽ 51 ശതമാനം ഓഹരിയും ഉണ്ട്. വിസ്താര എയർ ഇന്ത്യയുമായി ലയിക്കുമ്പോൾ എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസുമായി സംയോജിപ്പിക്കും.
ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ എയർ ഇന്ത്യ ഒപ്പുവെച്ചിരുന്നു. 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്.
യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്നും 250 വിമാനങ്ങളും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗിൽ നിന്നും 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങും. ലോകത്തിലെ എക്കാലത്തെയും വലിയ ഒറ്റത്തവണ വിമാനം വാങ്ങലാണ് ഇത്.
എണ്ണകമ്പനികൾ ലാഭത്തിൽ, ആർക്ക് ഗുണം
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ നിലയിൽ തുടരുന്നതും ആഭ്യന്തര സാമ്പത്തിക മേഖലയിലെ മികച്ച ഉണർവിൻറെയും കരുത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ മികച്ച ലാഭം നേടുന്നു.
നടപ്പു വർഷം ആദ്യ നാലു മാസങ്ങളിലും പൊതുമേഖലാ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ വിൽപ്പനയും ലാഭക്ഷമതയും മികച്ച വളർച്ച നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാചക വാതകത്തിൻറെയും മണ്ണെണ്ണയുടെയും സബ്സിഡി ബാധ്യത പൂർണമായും ഒഴിഞ്ഞതും കമ്പനികൾക്ക് വൻ നേട്ടമായി. ഇതോടൊപ്പം വരുമാന നഷ്ടം ഒഴിവാക്കാനായി പെട്രോളിയം, ഡീസൽ എന്നിവയുടെ വില നിർണയ രീതിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയതും അധിക ലാഭത്തിന് കമ്പനികൾക്ക് അവസരമൊരുക്കി.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ദിനം തോറും പെട്രോളിനും ഡീസലിനും വിലയിൽ മാറ്റം വരുത്തുന്ന രീതിയാണ് ദീർഘകാലമായി നിലനിന്നിരുന്നത്. എന്നാൽ ആഗോള വിപണിയിൽ ക്രൂഡ് വില കുതിച്ചുയർന്നതോടെ നാണയപ്പെരുപ്പം നിയന്ത്രിക്കാനായി കഴിഞ്ഞ ഒന്നര വർഷമായി ഇന്ധന വിലയിൽ കാര്യമായ മാറ്റം വരുത്താൻ എണ്ണ കമ്പനികളെ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല. ഇതുമൂലം കഴിഞ്ഞവർഷം എണ്ണക്കമ്പനികൾ കനത്ത വിൽപ്പന നഷ്ടം നേരിട്ടെങ്കിലും ക്രൂഡ് വില കുത്തനെ കുറഞ്ഞതോടെ ഈ നയം അവർക്ക് വലിയ അനുഗ്രഹമായി മാറുകയാണ്.
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ മുൻനിര എണ്ണക്കമ്പനിയായ ഐഒസിയുടെ അറ്റാദായം 52 ശതമാനം വർധിച്ച് 10,842 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 7082 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഐഒസിയുടെ മൊത്തം വരുമാനം നടപ്പു വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ പത്ത് ശതമാനം വർധനയോടെ 2.3 ലക്ഷം കോടി രൂപയിലെത്തി. ലാഭം ഗണ്യമായി കൂടിയ പശ്ചാത്തലത്തിൽ കമ്പനിയുടെ ഓഹരി ഉടമകൾക്ക് 30 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം ഒക്റ്റോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ അറ്റാദായം കേവലം 882 കോടി രൂപ മാത്രമായിരുന്നു.
മറ്റൊരു പ്രമുഖ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻറെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 72 ശതമാനം കുതിപ്പോടെ 3608 കോടി രൂപയിലെത്തി. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ എച്ച്പിസിഎൽ 10,000 കോടി രൂപയിലധികം നഷ്ടം നേരിട്ടിരുന്നു.
Crude oil prices continue to remain low in the international market, which is benefiting both Indian oil companies and aviation companies. Additionally, the revival of the domestic economic sector is instilling hope in oil companies and airlines. In turn, airlines plan to pass on this benefit to customers by reducing ticket prices. However, the oil companies are reluctant to extend the benefit of lower crude oil prices to consumers on the road. It is essential that these benefits at least reach the people in the form of discounted air tickets.