ഇന്ത്യയിൽ ഇന്റർനെറ്റ് സുതാര്യവും അതെ സമയം ഉപയോക്താക്കൾക്ക് ഹാനികരമല്ലെന്നും ഉറപ്പു വരുത്തണം. അതിനു പര്യാപ്തമായ ഡിജിറ്റൽ ഇന്ത്യ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തണം. ഇതാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പിന്റെ ലക്‌ഷ്യം.
ഇതിലേക്കുള്ള നിർദേശങ്ങളായിരുന്നു മുംബൈയിൽ സംഘടിപ്പിച്ച ഡിജിറ്റൽ ഇന്ത്യ ഡയലോഗിൽ ഉയർന്നു കേട്ടത്.
നിലവിലുള്ള ഐടി നിയമങ്ങൾ കാലാനുസൃതമായി പുതുക്കിയെഴുതി ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന തരത്തിൽ ശക്തമായ ഒരു നിയമ ചട്ടക്കൂടിനു രൂപം നൽകുകയാണ് ഇത്തരം ചർച്ചകൾ വഴി സർക്കാർ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, ഡിജിറ്റൽ ഇന്ത്യ ആക്ട്, ദേശീയ ഡാറ്റാ ഗവേണൻസ് നയം, ഇന്ത്യൻ പീനൽ കോഡിലെ ഭേദഗതികൾ എന്നിവയെല്ലാമുൾപ്പെടുന്ന സമഗ്രമായ നിയമനിർമ്മാണം ഈ ചട്ടക്കൂടിന്റെ ഭാഗമായിരിക്കും.
രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ നിയമങ്ങൾ നവീകരിക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ചർച്ച -ഡിജിറ്റൽ ഇന്ത്യ ഡയലോഗിൽ നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു. ഡിജിറ്റൽ മേഖലയുടെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികൾ, സ്റ്റാർട്ടപ്പ് സംരംഭകർ, നിയമ വിദഗ്ധർ മുതലായവർ പങ്കെടുത്ത ഡിജിറ്റൽ ഇന്ത്യ ഡയലോഗ് ചർച്ച കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി. രാജീവ് ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്തു. ഡിജിറ്റൽ രംഗത്ത് ഒരു അന്താരാഷ്ട്ര നിലവാരമുള്ള നിയമ ചട്ടക്കൂട് നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാട് കേന്ദ്രമന്ത്രി അവതരിപ്പിച്ചു.
രാജ്യത്തെ പഴകിയ IT നിയമങ്ങൾ മാറണം: രാജീവ് ചന്ദ്രശേഖർ
സുരക്ഷിതമാകണം രാജ്യത്തെ ഇന്റർനെറ്റ്
“ഇന്റർനെറ്റ് വഴി പ്രചരിക്കുന്ന തെറ്റായ വസ്തുതകൾ ഉപയോക്താക്കൾക്ക് വല്ലാത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മൂന്നാം തലമുറ വെബ്ബിലും നിർമ്മിത ബുദ്ധിയിലും അധിഷ്ഠിതമായി പ്രചരിക്കുന്ന വ്യാജ വാർത്തകളും വസ്തുതകളും യഥാവിധി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇന്റർനെറ്റ് ഇടങ്ങളിലെ വിവിധ തരം ഇടനിലക്കാരെ വ്യത്യസ്ത രീതിയിൽ കൈകാര്യം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. “ഇന്റർനെറ്റ് സുരക്ഷിതവും വിശ്വസനീയവുമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു; അതിൽ അവ്യക്തത തോന്നേണ്ടതില്ല. സുരക്ഷിതമായ ഇന്റർനെറ്റ് ഇടങ്ങളെന്നത് ഡിജിറ്റൽ പൗരന്മാരുടെ ന്യായമായ അവകാശമാണ്. അത് സംരക്ഷിക്കുന്നതിന് സർക്കാർ ബാദ്ധ്യസ്ഥവുമാണ്,” ഉപഭോക്താക്കൾക്ക് ഹാനികരമാവാത്തതൊന്നും നിരോധിക്കാൻ ഉദ്ദേശമില്ലെന്നും രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു.
ഇന്റർനെറ്റിൽ കൂടുതൽ നിയന്ത്രങ്ങളേർപ്പെടുത്തുകയല്ല, മറിച്ച് അതിന്റെ നവീകരണത്തിനും വളർച്ചയ്ക്കും ഉതകുന്ന അന്തരീക്ഷം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം. സാങ്കേതികവിദ്യകളുടെ വർദ്ധിച്ചു വരുന്ന സാദ്ധ്യതകൾ ഇതിനായി പരമാവധി പ്രയോജനപ്പെടുത്താമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഒരു നിയമം നിർമ്മിക്കുന്നതിനും മുൻപ് തന്നെ അതിന്റെ അടിസ്‌ഥാന തത്വങ്ങളെപ്പറ്റിയുള്ള കൂടിയാലോചനകൾ നടക്കുന്നത് ഇതാദ്യമായാണ്”
ചർച്ചയിൽ നേരിട്ടും അല്ലാതെയുമായി മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു, 2023 മാർച്ച് 9-ന് ബെംഗളൂരുവിൽ നടന്ന ഡിജിറ്റൽ ഇന്ത്യ ആക്ടിന്റെ ഡിജിറ്റൽ ഇന്ത്യ ഡയലോഗിന്റെ തുടർച്ചയായാണ് ഈ സെഷൻ സംഘടിപ്പിച്ചത്.