പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരവും നിലവിലുള്ള പാർലമെന്റ് മന്ദിരവുമായുളള വ്യത്യാസം എന്താണ്?
1,272 പേർക്ക് ഇരിക്കാവുന്ന പുതിയ പാർലമെന്റ്
മന്ദിരം നിലവിലുള്ള സമുച്ചയത്തേക്കാൾ വിശാലമാണെന്ന് മാത്രമല്ല അത്യാധുനിക സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഓരോ എംപിയുടെയും സീറ്റിനു മുന്നിൽ മൾട്ടിമീഡിയ ഡിസ്പ്ലേ യൂണിറ്റുകൾ, വോട്ടിങ് സുഗമമാക്കുന്നതിനുള്ള ബയോമെട്രിക്സ്, ഡിജിറ്റൽ ഭാഷാ വിവർത്തന സംവിധാനം, പ്രോഗ്രാമബിൾ മൈക്രോഫോൺ എന്നിവ പുതിയ പാർലമെന്റ് മന്ദിരത്തിലെ ഹൈടെക് ഫീച്ചറുകളിൽ ചിലതാണ്.
പുതിയ പാർലമെന്റ് മന്ദിരം ഏകദേശം 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിക്കും. പുതിയ കെട്ടിടം രൂപകൽപ്പന ചെയ്തത് അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ് ആർക്കിടെക്റ്റ് ബിമൽ പട്ടേലിന്റെ നേതൃത്വത്തിലാണ്. മൊത്തം 64,500 ചതുരശ്ര മീറ്ററിൽ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡാണ് നിർമ്മാണം. പുതിയ പാർലമെന്റ് മന്ദിരം സുസ്ഥിരതയ്ക്കും പരിസ്ഥിതി സൗഹൃദത്തിനും മുൻഗണന നൽകും. 30 ശതമാനം വൈദ്യുതി ഉപഭോഗം ലാഭിക്കാൻ ഉപകരണങ്ങൾ സ്ഥാപിക്കും. മഴവെള്ള സംഭരണിയും സൗരോർജ ഉൽപ്പാദന സംവിധാനവും നടപ്പാക്കും.
നിലവിലെ ലോക്സഭയുടെ മൂന്നിരട്ടിയോളം വരുന്ന ലോക്സഭയിൽ 888 എംപിമാരെ ഉൾക്കൊള്ളാൻ പുതിയ പാർലമെന്റിന് കഴിയും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രാജ്യസഭയ്ക്കും കൂടുതൽ ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കും. നിലവിലെ രാജ്യസഭയിൽ 245 സീറ്റുകളുള്ളപ്പോൾ പുതിയ രാജ്യസഭയിൽ 384 സീറ്റുകളാണുള്ളത്. ഭാവിയിൽ രാജ്യസഭാ എംപിമാരുടെ എണ്ണം കൂടിയാലും സഭയിൽ സ്ഥലപരിമിതി ഉണ്ടാകില്ലെന്ന് ഈ വിപുലീകരണം ഉറപ്പാക്കുന്നു. പുതിയ കെട്ടിടത്തിൽ നിലവിലുള്ള പാർലമെന്റിലേതുപോലെ സെൻട്രൽ ഹാൾ ഇല്ല, പകരം ലോക്സഭാ ചേംബർ സംയുക്ത സമ്മേളനങ്ങൾക്കായി ഉപയോഗിക്കും.
ഭൂകമ്പത്തിന്റെ കാര്യത്തിൽ ഡൽഹി സോൺ 2 ൽ നിന്ന് സോൺ 4 ലേക്ക് മാറിയതിനാൽ, ദേശീയ തലസ്ഥാന മേഖലയിൽ ഭൂകമ്പ സാധ്യത കൂടുതലായതിനാൽ, അത്തരം പ്രകമ്പനങ്ങളെ ചെറുക്കാനുളള വിധമാണ് നിർമിതി. ലോക്സഭയിൽ ദേശീയ പക്ഷിയായ മയിലിന്റെ തീമും രാജ്യസഭയിൽ ദേശീയ പുഷ്പമായ താമരയുടെ തീമുമാണുളളത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ കൂടുതൽ കമ്മിറ്റി മുറികൾ ഉൾപ്പെടുന്നു. പാർലമെന്ററി കമ്മിറ്റികളുടെ സുഗമമായ പ്രവർത്തനം സുഗമമാക്കുന്നതിന് ഈ മുറികളിൽ അത്യാധുനിക ഓഡിയോ-വിഷ്വൽ സംവിധാനങ്ങൾ ഉണ്ടാകും. മാധ്യമങ്ങൾക്കായി പ്രത്യേക സൗകര്യങ്ങളും പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ടാകും. മാധ്യമങ്ങൾക്കായി 530 സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇരുസഭകളിലും പൊതുജനങ്ങൾക്ക് പാർലമെന്റ് നടപടികൾ വീക്ഷിക്കുന്നതിന് ഗാലറികളുണ്ടാകും. പുതിയ പാർലമെന്റിൽ മികച്ച അഗ്നി സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.
1,200 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടം സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ്. അതിൽ ജോയിന്റ് സെൻട്രൽ സെക്രട്ടേറിയറ്റ്, രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിയുടെ വസതി, പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ്, വൈസ് പ്രസിഡന്റിന്റെ എൻക്ലേവ് എന്നിവയും ഉൾപ്പെടുന്നു. പഴയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ആറ് വർഷമെടുത്തു (1921-1927) 83 ലക്ഷം രൂപ ചെലവായി.