
പോഷകാഹാരം എന്ന നിലയിലാണ് പാലും പാലുല്പന്നങ്ങളും നാം നിത്യജീവിതത്തില്‍ ഉപയോഗിച്ചു വരുന്നത്. ഭാവി തലമുറയുടെ പോഷണത്തിനായി ഇവ വേണ്ട രീതിയില്‍ ഉപയോഗിക്കണമെന്ന കരുതല്‍ നാമെല്ലാം പുലര്‍ത്തിപ്പോരുന്നുണ്ട്.
മിൽമ ചെയർമാൻ കെ എസ് മണി എഴുതുന്നു

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അളവില്‍ പാലുല്പാദനം ഉണ്ടാവുകയും അതോടൊപ്പം പാലിന്റെ ഗുണമേന്മ നിലനിര്‍ത്തുകയും ചെയ്യുന്നത് പത്തുലക്ഷത്തിലേറെ വരുന്ന ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മ പോലുള്ള ഒരു സഹകരണമേഖലാ സ്ഥാപനത്തിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്. രാജ്യത്തെ ഏറ്റവുമധികം പാല് വിറ്റു വരവ് ലഭിക്കുന്നതിന്റെ പിന്‍ബലത്തില്‍ നടപ്പു വര്‍ഷത്തില്‍ ഉത്പാദനം 15 ശതമാനമെങ്കിലും കൂട്ടാന്‍ സാധിച്ചാല്‍ സംസ്ഥാനം പാലുല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കുമെന്ന് തന്നെയാണ് വിശ്വാസം. ഈ നേട്ടം കൈവരിക്കേണ്ടത് ക്ഷീര കര്‍ഷകരുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും കരുതുന്നു.

അമുലിന്റെ വളര്‍ച്ച ക്ഷീര സംഘങ്ങൾക്ക് പ്രചോദനമായി
രാജ്യത്ത് ധവള വിപ്ലവ കാലത്ത് വളരെ സുചിന്തിതമായി എടുത്ത തീരുമാനമാണ് എല്ലാ സംസ്ഥാനങ്ങളിലും ക്ഷീര സഹകരണ സംഘങ്ങള്‍ ഉണ്ടാവുകയെന്നത്. സംസ്ഥാനങ്ങളിലെ പാലുല്പാദനം വര്‍ദ്ധിപ്പിക്കുക, ഈ വ്യവസായത്തെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ഇവയുടെ ആത്യന്തിക ലക്ഷ്യമായി പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നിവയാണ് ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നത്. ഗുജറാത്തിലെ അമുലിന്റെ ഇതിഹാസ തുല്യമായ വളര്‍ച്ച മറ്റു സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളും മാതൃകയാക്കി.

അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഓരോ ക്ഷീര സഹകരണ സംഘവും കെട്ടിപ്പടുത്തത്. മില്‍മയാകട്ടെ ക്ഷീര കര്‍ഷകര്‍ക്കാണ് എക്കാലവും പ്രാഥമിക പരിഗണന നല്‍കിയത്. സമീപകാലത്ത് കൂട്ടിയ പാല്‍വിലയുടെ സിംഹഭാഗവും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിക്കൊണ്ടാണ് മില്‍മ ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വര്‍ദ്ധിച്ച ഉല്പാദന ചെലവ് കൂടി കണക്കിലെടുത്തായിരുന്നു മില്‍മയുടെ ഈ തീരുമാനം.

എന്നാല്‍ അന്യസംസ്ഥാന ക്ഷീര ബ്രാന്‍ഡുകള്‍ പാലിന്റെ ചില്ലറവില്പനയിലേക്ക് കടന്നു വരുന്നത് നാട്ടിലെ ക്ഷീരകര്‍ഷകര്‍ ആശങ്കയോടെയാണ് കാണുന്നത്. അയല്‍ സംസ്ഥാന ക്ഷീര ബ്രാന്‍ഡുകള്‍ക്ക് മില്‍മയേക്കാള്‍ വില കുറവാണെന്ന് അസത്യപ്രചാരണം ഇവരും ചില നിക്ഷിപ്ത താല്പര്യക്കാരും അഴിച്ചുവിടുകയും ചെയ്യുന്നുണ്ട്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ സ്വഭാവത്തിലേക്കും രൂപത്തിലേക്കും രാജ്യത്തെ ചില ക്ഷീര സഹകരണ സംഘങ്ങള്‍ നേതൃത്വം നല്കുന്ന വ്യവസായങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ ക്ഷീരകര്‍ഷകരുടെ സഹകരണസംഘങ്ങള്‍ക്ക് ദോഷകരമാകുന്നത് അപകടരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്.

പാല്ക്കറവയിൽ അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ പ്രായോഗികമോ?
പാലിന്റെ ഗുണങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുമുള്ള പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ലോക ക്ഷീര ദിനം ആചരിച്ചു വരുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്ഗനൈസേഷന് ആണ് ഈ ദിനം ആചരിക്കുന്നത്. ക്ഷീരമേഖലയുടെ പ്രാധാന്യമനുസരിച്ചുള്ള പ്രമേയമാണ് വര്‍ഷം തോറും ക്ഷീരദിനത്തില്‍ സ്വീകരിച്ചു വരുന്നത്.

‘സുസ്ഥിര ക്ഷീര വ്യവസായം ഭൂമിക്കും മനുഷ്യനും ഗുണകരം’ എന്നതാണ് ജൂണ്‍ ഒന്നിലെ ക്ഷീരദിനത്തിന്റെ പ്രമേയം. അതായത് ക്ഷീരവ്യവസായം കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങള്‍ എങ്ങിനെ കുറയ്ക്കാം എന്നതാണ് ഉദ്ദേശിക്കുന്നത്. ക്ഷീര വ്യവസായ പ്രക്രിയയിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന മീതെയ്ന്‍ വാതകത്തിന്റെ അളവ് എങ്ങനെ കുറയ്ക്കാം എന്നത് ക്ഷീരമേഖല അന്താരാഷ്ട്രതലത്തില്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ വെല്ലുവിളിയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി പല മാനദണ്ഡങ്ങളും അന്താരാഷ്ട്രതലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാല്‍ക്കറവയടക്കമുള്ള കാര്യങ്ങള്‍ ജീവിതോപാധിയായ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത്തരത്തിലുള്ള അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ എത്രകണ്ട് പാലിക്കാനാകുമെന്ന് ചിന്തിക്കേണ്ട വിഷയമാണ്.
മൂന്നാം ലോക രാജ്യങ്ങളിലെ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതില്‍ പാലും പാലുല്പന്നങ്ങളും വഹിക്കുന്ന പങ്ക് വിസ്മരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ വികസിത രാജ്യങ്ങളിലെ വരേണ്യവര്‍ഗ്ഗം പാലിനും പാലുല്പന്നങ്ങള്ക്കും എതിരായി നടത്തുന്ന പ്രചാരണത്തെ ദൗര്‍ഭാഗ്യകരമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. സോയമില്‍ക്ക് പോലുള്ള ഉത്പന്നങ്ങള്‍ സമാന്തരഗുണങ്ങളുള്ളതാണെന്ന പ്രചാരണവും ഇതിനു സമാന്തരമായി നടക്കുന്നുണ്ട്.

ക്ഷീരവ്യവസായത്തിന് ബദലായി ഉയര്‍ന്നുവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമുക്ക് അവഗണിക്കാനാവില്ല. രാജ്യത്തെ ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം പാലുല്പാദനം ഗാര്‍ഹികവൃത്തി കൂടിയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്രകൃതിയുമായി ഇണങ്ങി ചേരുന്ന ഈ ആവാസവ്യവസ്ഥയിലൂടെ പരിസ്ഥിതി മലിനീകരണം ഉണ്ടാകുമെന്ന വാദം ഉയര്‍ത്തിപ്പിടിക്കുന്നതിനെ നാം അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്.

പാലിന്റെ ഗുണമേന്മ നിലനിർത്തണം
ക്ഷീരമേഖലയില്‍ രാജ്യാന്തര തലത്തില്‍തന്നെ ഉണ്ടാകുന്ന വെല്ലുവിളികളോടൊപ്പം ആഭ്യന്തരമായി ഉയര്‍ന്നു വരുന്ന ചില പ്രശ്നങ്ങള്‍ കൂടി ഈയവസരത്തില്‍ പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തുടനീളം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പാലിന്റെ ഗുണമേന്മ നിലനിര്‍ത്തുക എന്നതാണ്. രാജ്യത്തെ ഏറ്റവും ഗുണമേന്മയുള്ള പാല് ഉല്പാദിപ്പിക്കുന്നത് മലബാര്‍ ക്ഷീര സഹകരണ സംഘം ആണെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം മില്‍മയ്ക്ക് ഏറെ അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്.

സര്‍വമേഖലയും നിശ്ചലമായ കൊവിഡ് കാലത്ത് വരുമാന നഷ്ടമില്ലാതെ സാധാരണ വരുമാനം ഉറപ്പാക്കി ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ മില്‍മ നടത്തിയ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ക്ഷീരകര്‍ഷകരെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് ഗുണമേന്മയും വൈവിധ്യമുള്ളതുമായ പാലും പാലുല്പന്നങ്ങളും ഉത്പാദിപ്പിച്ച് മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ച ബ്രാന്‍ഡ് ആണ് മില്‍മ. മുഖ്യമന്ത്രി ഈയിടെ ഉദ്ഘാടനം ചെയ്ത ‘റീ പൊസിഷനിംഗ് മില്‍മ’ യിലൂടെ ഏകീകൃത ഗുണം, വില, പാക്കിംഗ് എന്നിവയിലൂടെ മികച്ച ബ്രാന്‍ഡായി മില്‍മ വിപണിയിലേക്ക് എത്തുകയാണ്. മലയാളിയുടെ ഗൃഹാതുരത്വം കണക്കിലെടുത്ത് വിദേശങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. എവിടെ മലയാളിയുണ്ടോ അവിടെ മില്‍മയുണ്ടാകണം എന്നതാണ് ഇക്കാര്യത്തില്‍ ഫെഡറേഷന് കൂട്ടായി എടുത്ത തീരുമാനം.

വിപണനത്തിലും വിതരണത്തിലും എന്ന പോലെ സംസ്ഥാനത്തെ ക്ഷീരമേഖല മറ്റ് മേഖലകളിലും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പശുക്കളിലെ ചര്‍മമുഴ, കാലാവസ്ഥാ വ്യതിയാനം, വര്‍ദ്ധിച്ചുവരുന്ന ഉല്പാദനച്ചെലവ്, വിലക്കയറ്റം എന്നിവയും ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. സമ്പൂര്‍ണ്ണ ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ കാലിത്തീറ്റയ്ക്കുള്ള അസംസ്കൃത വസ്തുക്കള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വലിയവില നല്‍കിയാണ് എത്തിക്കുന്നത്.
ക്ഷീരോത്പാദന മേഖലയിൽ മികച്ച അവസരങ്ങൾ
വെല്ലുവിളികളുണ്ടെങ്കിലും ശോഭനമായ ഭാവിയാണ് സംസ്ഥാനത്തെ ക്ഷീരമേഖലയ്ക്കുള്ളത്. പാല് ഉത്പാദനക്ഷമതയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം നില്‍ക്കുന്നത്. 2020-21 വര്‍ഷത്തെ രാജ്യത്തെ ഏറ്റവും നല്ല ആനന്ദ് മാതൃക ക്ഷീരോത്പാദക സഹകരണ സംഘത്തിനുള്ള ‘ഗോപാല്‍രത്ന പുരസ്കാരം’ രണ്ടാം സ്ഥാനവും 2021-22 വര്‍ഷത്തിലെ ഒന്നാം സ്ഥാനവും വയനാട്ടിലെ രണ്ടു സംഘങ്ങള്‍ കരസ്ഥമാക്കി.

ഇത് കേരളത്തെ സംബന്ധിച്ച് ക്ഷീരമേഖലയിലെ അഭിമാനര്‍ഹമായ നേട്ടമാണ്. ക്ഷീരകര്‍ഷര്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ ഈ വ്യവസായത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ഫെഡറേഷന്റെ ശ്രമം. മെച്ചപ്പെട്ട സേവനങ്ങള്‍, മികച്ച വിതരണ ശൃംഖല എന്നിവ ഇതിനോടൊപ്പം ശക്തിപ്പെടുത്തേണ്ടതുണ്ട്. ക്ഷീരോത്പാദന മേഖലയ്ക്ക് അവസരങ്ങളുണ്ട്. അതേസമയം വെല്ലുവിളികളും നേരിടേണ്ടിവരുന്നു. അവസരങ്ങള്‍ ഉപയോഗിക്കാനും വെല്ലുവിളികളെ ശക്തമായി നേരിടാനും സംസ്ഥാന സര്‍ക്കാര്‍, വിവിധ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരുടെ കൂട്ടായ പിന്തുണ ആവശ്യമാണ്.
ക്ഷീരമേഖല ജനനന്മയ്ക്കാണെന്ന സന്ദേശമാകട്ടെ ഇത്തവണത്തെ ക്ഷീരദിനത്തിലൂടെ കൈമാറുന്നത്.