സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരള ഐടിക്ക് ഇനി മലയാള അക്ഷര ശൈലിയിലുള്ള പുതിയ ലോഗോ.  കേരള ഐടി റീബ്രാന്‍ഡിംഗ് സംരംഭത്തിന്റെ  ഭാഗമായാണ് പുതിയ ലോഗോ തയാറാക്കിയത്. സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാള അക്ഷരശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

സാങ്കേതികവിദ്യയ്ക്കൊപ്പം ജനങ്ങളും എന്നതാണ് ലോഗോ പ്രതിനിധാനം ചെയ്യുന്നത്. സംരംഭകര്‍, നിക്ഷേപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ഏതു മേഖലയിലുള്ളവരായാലും ജനങ്ങള്‍ മുന്നില്‍ വരണമെന്നതാണ് കേരള ഐടി യുടെ പ്രവർത്തന ലക്‌ഷ്യം.

രണ്ട് നിറങ്ങളാണ് പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിത കേരളത്തെ പ്രതിനിധീകരിക്കുന്ന പച്ചയും സാങ്കേതികവിദ്യയെ കാണിക്കുന്ന നീലയും.

കേരളവും സാങ്കേതികവിദ്യയും തമ്മിലുള്ള ഇഴയടുപ്പവും അതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവുമാണ് ഇത് കാണിക്കുന്നതെന്ന് ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.

“സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, പൗരന്‍മാര്‍ എന്നിവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനാണ് തുടക്കം മുതല്‍ തന്നെ കേരള ഐടി ശ്രമിക്കുന്നത്. ഭാവിയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് കേരള ഐടി പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യയിലൂടെ ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകജീവിത ശൈലിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമായ ദര്‍ശനത്തോടെ പ്രവര്‍ത്തിക്കാന്‍ റിബ്രാന്‍ഡിംഗിലൂടെ കേരള ഐടിയ്ക്കാകും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐടിയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളെയും സംരംഭങ്ങളെയും ഒന്നിച്ചു കൊണ്ടു വരുന്നതിലൂടെ നിക്ഷേപം ആകര്‍ഷിക്കല്‍, അടിസ്ഥാനസൗകര്യ നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കല്‍, നൈപുണ്യവികസനം, ഇ-ഗവേണന്‍സ്, നയ രൂപീകരണം എന്നിവ കേരള ഐടിയുടെ ലക്ഷ്യമാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു.

റീബ്രാന്‍ഡിംഗിലൂടെ ഐടി-ഐടി അധിഷ്ഠിത സേവനങ്ങളില്‍ കേരളത്തെ അന്താരാഷ്ട്ര കേന്ദ്രമാക്കുകയും  അതു വഴി ഐടി ആവാസവ്യവസ്ഥയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഗുണം ലഭ്യമാക്കുകയും ചെയ്യുമെന്ന് കേരള ഐടി പാര്‍ക്കുകളുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മഞ്ജിത് ചെറിയാന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ കേരള ഐടി മിഷന്‍ ഡയറക്ടര്‍ അനു കുമാരി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, സി-ഡിറ്റ് ഡയറക്ടര്‍ ജയരാജ് ജി, ഐസിടി അക്കാദമി കേരള സിഇഒ സന്തോഷ് സി കുറുപ്പ്, കെ സ്പേസ് സിഇഒ ജി ലെവിന്‍, കെഎസ്ഐടിഎല്‍ എംഡി ഡോ. സന്തോഷ് ബാബു, ഇ ആന്‍ഡ് ഐടി വകുപ്പ് അഡി. സെക്രട്ടറി രാജേഷ് കുമാര്‍ എം എന്നിവരും പങ്കെടുത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version