ദുബായിലെ ഏറ്റവും വലിയ ഇൻഡോർ കായിക വേദിയായ ദുബായ് സ്പോർട്സ് വേൾഡ് ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ തുറന്നു. വേനൽക്കാല അവധിക്ക് മുന്നോടിയായാണ് ദുബായ് സ്പോർട്സ് വേൾഡ് തുറന്നിരിക്കുന്നത്.
300,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന 42 കോർട്ടുകളും പിച്ചുകളുമുള്ള ദുബായ് സ്പോർട്സ് വേൾഡ് എല്ലാ പ്രായത്തിലുമുള്ള കായിക പ്രേമികളെ ആകർഷിക്കും. 17 ബാഡ്മിന്റൺ കോർട്ടുകൾ, 8 ടേബിൾ ടെന്നീസ് ടേബിളുകൾ, 6 ഫുട്ബോൾ പിച്ചുകൾ, 3 ബാസ്കറ്റ്ബോൾ കോർട്ടുകൾ എന്നിവയാണ് ഇവിടെയുളളത്.
ഈ വർഷം പുതിയ സ്പോർട്സ് ഇനമായി പിക്കിൾബോൾ
അവതരിപ്പിക്കുന്നതിനു പുറമേ, ഫിറ്റ്നസിനായി ഒരു പൂർണ്ണ സജ്ജമായ ജിമ്മും ഇവിടെ ഉണ്ടായിരിക്കും. ടെന്നീസ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവ സമന്വയിപ്പിക്കുന്ന പിക്കിൾബോൾ – യുഎഇ നിവാസികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒമ്പത് കായിക ഇനങ്ങളിൽ ഒന്നായിരിക്കും.
ദുബായ് സ്പോർട്സ് വേൾഡിൽ കാർണിവൽ ഗെയിമുകൾ, സംഗീതം, വിനോദം, കുട്ടികൾക്കായുളള പരിപാടികൾ എന്നിവയ്ക്കൊപ്പം വീക്കെൻഡ് വൈബ്സ് പ്രോഗ്രാമും ഉണ്ടാകും. സുംബ, ആയോധന കലകൾ, സർക്യൂട്ട് പരിശീലനം എന്നിവയുമുണ്ടാകും. ജൂൺ 15 മുതൽ, ദുബായ് കിഡ്സ് വേൾഡ് ഉൾപ്പെടെയുള്ള പുതിയ കൂട്ടിച്ചേർക്കലുകൾ DSW-യിൽ ഉണ്ടാകും. കൊച്ചുകുട്ടികൾക്കായി സോഫ്റ്റ് പ്ലേ സ്ട്രക്ചേഴ്സ്, സ്ലൈഡുകൾ, ബോൾ പിറ്റുകൾ എന്നിവയുൾപ്പെടെയുള്ള രസകരമായ പ്രവർത്തനങ്ങൾ അവതരിപ്പിക്കും.
സമ്മർ ക്യാമ്പുകൾ നടത്തുന്ന 12 അക്കാദമികൾ ദുബായ് സ്പോർട്സ് വേൾഡിൽ ഉണ്ടാകും. കൂടാതെ യുഎഇയുടെ എല്ലായിടത്തുനിന്നും വീട്ടിലുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി അവതരിപ്പിക്കുന്ന പോപ്പ്-അപ്പ് മാർക്കറ്റും സംഘടിപ്പിക്കും. 100 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന വേനൽക്കാല കായികവിനോദങ്ങളിൽ സന്ദർശകർക്ക് സീസണൽ അംഗത്വമോ പണമടച്ചുള്ള പാക്കേജുകളോ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
തീയതി: ജൂൺ 1 മുതൽ സെപ്റ്റംബർ 10, വരെ, സ്ഥലം: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC) – സഅബീൽ ഹാൾസ് 2, 3, 4, 5 & 6,
സമയം: ദിവസവും രാവിലെ 8 മുതൽ 12 വരെ, പ്രവേശനം: എല്ലാ പ്രായക്കാർക്കും, വെബ്സൈറ്റ്: www.dubaisportsworld.ae