27 വർഷത്തിന് ശേഷം ലോക സുന്ദരി മത്സരം ഇത്തവണ ഇന്ത്യയിൽ നടക്കും. മിസ് വേൾഡിന്റെ 71-ാമത് പതിപ്പ് ഈ വർഷം നവംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, അന്തിമ തീയതികൾ ഇനിയും നിശ്ചയിച്ചിട്ടില്ല. ഒരു മാസം നീണ്ടുനിൽക്കുന്ന ഇവന്റിൽ 130-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരയ്ക്കും.
1996ലാണ് ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ചത്.
ആ വർഷത്തെ ലോകസുന്ദരി പട്ടം റീത്ത ഫാരിയയിലൂടെ ഇന്ത്യയിലേക്കെത്തുകയും ചെയ്തു. ഇതടക്കം ഇന്ത്യ ആകെ ആറ് തവണ ലോകസുന്ദരി കിരീടം നേടിയിട്ടുണ്ട്. ഐശ്വര്യ റായ് 1994ലും, ഡയാന ഹെയ്ഡൻ 1997ലും, യുക്ത മുഖി 1999ലും, പ്രിയങ്ക ചോപ്ര 2000ത്തിലും, മാനുഷി ചില്ലർ 2017ലും.
നിലവിൽ 2022 ലെ ലോകസുന്ദരി പോളണ്ടിന്റെ കരോലിന ബിയലാവ്സ്ക ലോകസുന്ദരി മത്സരത്തിന്റെ പ്രചാരണത്തിനായി ഇന്ത്യയിലുണ്ട്. “ലോകത്തിലെ ഏറ്റവും വലിയ ആതിഥ്യ മര്യാദയുളള രാജ്യമാണ് ഇന്ത്യ. ഞാൻ ഇവിടെ രണ്ടാം തവണയാണ്. ഇവിടം എന്നെ വീടാണെന്ന് തോന്നിപ്പിക്കുന്നു. നിങ്ങളുടെ പ്രധാന മൂല്യങ്ങൾ കുടുംബം, ബഹുമാനം, സ്നേഹം, ദയ എന്നിവയാണ്, ഇതാണ് ഞങ്ങൾ ലോകത്തെ കാണിക്കാൻ ആഗ്രഹിക്കുന്നത്,കരോലിന ബിയലാവ്സ്ക പറഞ്ഞു.
“71-ാമത് മിസ് വേൾഡ് ഫൈനലിന്റെ പുതിയ വേദിയായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയുടെ അതുല്യവും വൈവിധ്യപൂർണ്ണവുമായ സംസ്കാരവും ലോകോത്തര ആകർഷണങ്ങളും സ്ഥലങ്ങളും ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്, മിസ് വേൾഡ് ഓർഗനൈസേഷന്റെ സിഇഒയും ചെയർപേഴ്സണുമായ ജൂലിയ മോർലി പറഞ്ഞു.
ഇന്ത്യ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്നത് നിലവിലെ മിസ് ഇന്ത്യ വേൾഡ് സിനി ഷെട്ടിയാണ്. ഇത്തവണത്തെ മത്സരത്തിൽ സിനി ഷെട്ടി രാജ്യത്തെ പ്രതിനിധീകരിക്കും.