യുഎഇ നിവാസികൾക്ക് ഉടൻ തന്നെ ഡ്രോൺ ഡെലിവറി വഴി മരുന്നുകൾ ലഭിക്കുമെന്ന് റിപ്പോർട്ട്. ദുബായിൽ മരുന്നുകൾ എത്തിക്കാൻ ഡ്രോൺ ഉപയോഗിക്കാനുളള 2 വർഷത്തെ പരീക്ഷണങ്ങൾ ഉടൻ യാഥാർത്ഥ്യമാകും. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി, മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തിലായിരുന്നു പരീക്ഷണം.
ഫക്കീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലായിരുന്നു പ്രാഥമികമായി ഡ്രോൺ മെഡിസിൻ ഡെലിവറി പരീക്ഷിച്ചത്. FUH ഹെൽത്ത് കെയറിൽ നിന്ന് ദുബായ് സിലിക്കൺ ഒയാസിസിൽ 10 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഡെലിവറി പരീക്ഷിച്ചിരുന്നു. ആശുപത്രി ഡ്രോൺ ഡെലിവറികളുടെ പരിശോധനകൾ തുടരുകയാണ്. ഡ്രോൺ ഡെലിവറിക്ക് നയവും നടപടിക്രമവും സൃഷ്ടിക്കാൻ തുടങ്ങുകയായിരുന്നു FUH-ന്റെ ആദ്യ ചുമതല.
ഡോ ഫാത്തിഹിന്റെ അഭിപ്രായത്തിൽ, ഡ്രോൺ ഡെലിവറികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. “കോവിഡ് -19 പാൻഡെമിക് മുതൽ, എല്ലാം മാറി,” അദ്ദേഹം പറഞ്ഞു. “സൂപ്പർമാർക്കറ്റുകൾ ഓൺലൈനായി. കാഷ്യർ പോയിന്റുകൾ മാറി. സൂപ്പർമാർക്കറ്റിൽ നിന്ന് ഡെലിവറി ഓർഡർ ചെയ്യുന്ന അതേ വ്യക്തിയാണ് എന്റെ രോഗി. അതിനാൽ അവർക്ക് അവരുടെ ഹോസ്പിറ്റലിൽ നിന്നും വലിയ പ്രതീക്ഷകളുണ്ട്.” മരുന്നുകൾക്കായി നീണ്ട ക്യൂവിൽ കാത്തുനിൽക്കാൻ രോഗികൾ തയ്യാറാകുന്നില്ലെന്ന് ഫാത്തിഹ് പറഞ്ഞു.
“ഞങ്ങൾ മരുന്നുകളുടെ റോബോട്ട് ഡെലിവറി ആരംഭിച്ചപ്പോൾ, വലിയ ഡിമാൻഡ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ആളുകൾ ഇത് സ്വീകരിച്ചു. ഞങ്ങളുടെ രോഗികൾക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കാനും വാഗ്ദാനം ചെയ്യാനും ഞങ്ങൾ കൂടുതൽ ശ്രമിക്കേണ്ടതുണ്ട്.” “യുവാക്കൾ ഇത് ഇഷ്ടപ്പെടുന്നു,” ഡോ ഫാത്തിഹ് പറഞ്ഞു. “പ്രത്യേകിച്ചും മരുന്ന് ആശുപത്രിയിൽ പാക്ക് ചെയ്യുകയും പിന്നീട് മറ്റാരുടെയും ഇടപെടൽ കൂടാതെ ഉപഭോക്താവിന് വിതരണം ചെയ്യുകയും ചെയ്യുന്നു. കോവിഡിന് ശേഷം കോൺടാക്റ്റ്ലെസ് ഡെലിവറി കൂടുതൽ ജനപ്രിയമായതും ഇതിന് കാരണമാണെന്ന് ഡോ.ഫാത്തിഹ് പറഞ്ഞു.