ഇത് വാണിജ്യ വ്യോമയാന വ്യവസായത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വാങ്ങൽ എന്ന റെക്കോർഡ് സൃഷ്ടിച്ചു, 2006 മുതൽ ഇൻഡിഗോയുടെ മൊത്തം ഓർഡർ ഇതോടെ 1,330 ആയി. ഫെബ്രുവരിയിൽ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾക്കായി ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള എയർ ഇന്ത്യ നൽകിയ ഓർഡറിനെ ഇൻഡിഗോയുടെ ഓർഡർ മറികടന്നു.
2030 നും 2035 നും ഇടയിൽ ഡെലിവറി ചെയ്യാനുള്ളതാണ് ഏകദേശം 50 ബില്യൺ ഡോളർ വിലമതിക്കുന്ന 500 എയർക്രാഫ്റ്റുകളുടെ ഓർഡർ. എന്നിരുന്നാലും ബൾക്ക് ഓർഡറുകൾക്ക് കിഴിവ് നൽകുന്നതിനാൽ അന്തിമ ഡീലിന്റെ വലുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നാരോ ബോഡി എയർബസ് 320 നിയോ ഫാമിലി എയർക്രാഫ്റ്റ്, എയർബസ് 321 നിയോ, എയർബസ് 321XLR എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുളളത്.
ലോ-കോസ്റ്റ് കാരിയറായ ഇൻഡിഗോ യൂറോപ്യൻ വിപണികളിൽ കൂടുതൽ വിപുലീകരിക്കാനും രണ്ട് വർഷത്തിനുള്ളിൽ മൊത്തം പ്രവർത്തനത്തിന്റെ 30% വിഹിതം നേടാനും ലക്ഷ്യമിടുന്നു. 60% വിപണിവിഹിതമായി ഇൻഡിഗോ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ്.
യാത്രാസൗകര്യത്തിനും സമയലാഭത്തിനും മുൻഗണന നൽകുന്നതിനാൽ കൂടുതൽ ഇന്ത്യക്കാർ ട്രെയിനുകളേക്കാൾ വിമാനയാത്ര തിരഞ്ഞെടുക്കുന്നതിനാൽ ഇന്ധനശേഷിയുളള കൂടുതൽ വിമാനങ്ങളിലൂടെ വിപണി മേൽക്കൈ നിലനിർത്താനാണ് ഇൻഡിഗോ ശ്രമിക്കുന്നത്.
നിലവിൽ, ഇൻഡിഗോ 26 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റ് സർവീസ് നടത്തുന്നു. 300-ലധികം വിമാനങ്ങളുള്ള എയർലൈൻ, 78 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 1,800-ലധികം ഫ്ലൈറ്റുകൾ നടത്തുന്നു.