സംസ്ഥാന ഭാഗ്യക്കുറി വഴി ഒന്നിലധികം തവണ ചെറു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യശാലികൾ ഇനി അതിനും നികുതി നൽകേണ്ടി വരും. ഇത്തരക്കാരിൽ നിന്നും 30% നികുതി ഈടാക്കാനാണ് തീരുമാനം. ലോട്ടറി ഓഫീസുകളിലെത്തി ഇത്തരത്തിൽ സമ്മാനങ്ങൾ കൈപറ്റുന്നവർ ഇനി ആധാർ രേഖകൾ നിർബന്ധമായും നൽകണം.
ഒരു സാമ്പത്തിക വർഷം ചെറു സമ്മാനങ്ങള്‍ പലതവണ നേടുന്നവരില്‍ നിന്നുള്ള നികുതി ചോര്‍ച്ച ഒഴിവാക്കാനാണ് പുതിയ തീരുമാനം. നിലവിൽ സമ്മാനത്തുക 10,000 രൂപ കടന്നാൽ 30 ശതമാനം നികുതിയാണ് ലോട്ടറി വകുപ്പ് സമ്മാനാർഹരിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിൽ ലഭിച്ച പാന്‍കാര്‍ഡ് ഉടമകളായ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് നൽകേണ്ടത്. ഇനി ഒരു സാമ്പത്തികവർഷം ലഭിക്കുന്ന സമ്മാനങ്ങൾ എത്ര ചെറുതായാലും അത് പതിനായിരം രൂപ എന്ന പരിധി കടന്നാൽ സമ്മാനാർഹൻ TDS ഒടുക്കണം.
ആഴ്ചയിൽ ഒരു നറുക്കെടുപ്പ് വീതമുള്ള 7 പ്രതിവാര ഭാഗ്യക്കുറികളാണ് കേരള ലോട്ടറി വകുപ്പ് നടത്തുന്നത്. അതിനാൽ തന്നെ വർഷത്തിൽ എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കുന്നുണ്ട്. ദിവസവും ഒരാൾ വീതം ലക്ഷാധിപതിയാകുന്നതിനൊപ്പം ചെറിയ സമ്മാനങ്ങളായി പതിനായിരങ്ങളും നറുക്കെടുപ്പിലൂടെ സമ്മാനം നൽകുന്നുണ്ട്. സ്ഥിരമായി ലോട്ടറിയെടുക്കുന്നവരാണെങ്കിൽ ഇത്തരത്തിലുള്ള ചെറിയ സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും. നേരത്തെ നികുതിയൊന്നും നൽകാതെ വാങ്ങിയെടുത്ത പതിനായിരം രൂപക്ക് മുകളിലുള്ള ഇത്തരം ചെറിയ സമ്മാനങ്ങൾക്ക് ഇനി മുതൽ നികുതി വേണമെന്നാണ് റിപ്പോർട്ട്. ആദായ നികുതി നിയമം (ഭേദഗതി 2023) പ്രകാരം കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചാണ് നടപടി.
ചെറിയ ഭാഗ്യങ്ങൾക്കും ഇനി നികുതി
ചെറു സമ്മാനം ലഭിക്കുന്നവരില്‍ നിന്നും ഇനി മുതൽ നികുതി ഈടാക്കും. സാമ്പത്തിക വര്‍ഷത്തില്‍ പലതവണകളിലായി 10,000 രൂപയില്‍ കൂടുതല്‍ തുക സമ്മാനം ലഭിക്കുന്നവരില്‍ നിന്നാണ് സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കുക. 30 ശതമാനമാണ് ഇത്തരക്കാര്‍ ടിഡിഎസ് ആയി നല്‍കേണ്ടത്. ലോട്ടറി ഓഫീസുകൾ വഴി സമ്മാനം വാങ്ങുന്നവരാണ് നികുതി നൽകേണ്ടി വരിക.
ആധാർ രേഖകൾ സമർപ്പിക്കണം
നേരത്തെ 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് മാത്രമാണ് നികുതി നൽകിയിരുന്നത്. ചെറിയ സമ്മാനങ്ങള്‍ എത്ര തവണ നേടിയാലും സമ്മാനത്തിന് നികുതി ഈടാക്കിയിരുന്നില്ല. പലതവണ സമ്മാനം നേടിയവരെ കണ്ടെത്താന്‍ ആധാര്‍ രേഖ ആവശ്യമാണ്. നേരിട്ട് ലോട്ടറി ഓഫീസിലെത്തി 5,000 രൂപയ്ക്ക് മുകളിൽ സമ്മാനം വാങ്ങിയെടുക്കുന്നവര്ക്ക് മാത്രമെ ആധാര്‍ നല്‍കേണ്ടതുള്ളൂ. ഏജന്റുമാര്‍ വഴി ടിക്കറ്റ് മാറ്റിയെടക്കുമ്പോള്‍ രേഖകള്‍ നല്‍കേണ്ടതില്ല.
ലോട്ടറി മാറ്റിയെടുക്കുന്നത് എങ്ങനെ?
ലോട്ടറിയിൽ നിന്നുള്ള സമ്മാനം 5,000 രൂപ വരെയാണെങ്കിൽ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും പണം വാങ്ങാവുന്നതാണ്. ഇതിന് മുകളിലുള്ള സമ്മാനങ്ങളാണെങ്കിൽ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് മാറിയെടുക്കാം. 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നാണ് മാറിയെടുക്കേണ്ടത്.
സമ്മാനാർഹമായ ടിക്കറ്റുകൾ ദേശസാൽകൃത ബാങ്കുകൾ , ഷെഡ്യൂൾഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ സ്വീകരിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇതിന് സാധിക്കുന്നില്ലെങ്കിൽ വൈകിയ കാരണം ലോട്ടറി വകുപ്പിനെ ബോധിപ്പിക്കേണ്ടതുണ്ട്. ലോട്ടറി സമ്മാനത്തിന് നികുതി ആദായ നികുതി നിയമം 1961 സെക്ഷന്‍ 194ബി പ്രകാരം ലോട്ടറിയിൽ നിന്നുള്ള സമ്മാനങ്ങൾക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളിൽ സമ്മാനം വാങ്ങുമ്പോള്‍ ലോട്ടറി വകുപ്പ് 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും. സമ്മാനര്‍ഹരുടെ വരുമാനം നികുതി പരിധിയില്‍ വരില്ലെങ്കിലും ടിഡിഎസ് ഈടാക്കും.